Your Image Description Your Image Description

കുടുംബ ബന്ധത്തിന് വലിയ പ്രാധാന്യം കൊടുക്കുന്നവരാണ് പെൻ​ഗ്വിനുകൾ. ജീവിതകാലത്ത് ഒരു ഇണയെ മാത്രം തെരഞ്ഞെടുക്കുന്നവരാണ് ഇക്കൂട്ടർ. ഒറ്റവാക്കിൽ പറഞ്ഞാൽ ഏകപങ്കാളി വ്രതക്കാർ. പങ്കാളി മരിച്ചാൽ ഇണ ആത്മഹൂതി ചെയ്യുമെന്നൊക്കെയാണ് പറയപ്പെടുന്നത്. എന്നാൽ, ഇവരും ഇപ്പോൾ അത്ര വെടിപ്പല്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മെച്ചപ്പെട്ട പങ്കാളിയെ കിട്ടിയാൽ നിലവിലെ പങ്കാളിയെ ഉപേക്ഷിക്കാനും മടിക്കാത്തവരായി പെൻ​ഗ്വിനുകളും മാറിയത്രെ.

ഇക്കോളജി ആൻഡ് എവല്യൂഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പെൻഗ്വിനുകളെ കുറിച്ചുള്ള കൗതുകകരമായ ഈ വസ്തുതയുള്ളത്. മെച്ചപ്പെട്ട ഇണകളെ തേടി ഇവ ആദ്യ പങ്കാളികളെ ഉപേക്ഷിക്കുന്നു എന്നാണ് പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പെൻഗ്വിനുകളുടെ വേർപിരിയൽ നിരക്കിൽ വലിയ വർധവെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ഈ ആശ്ചര്യകരമായ വർധന ഗവേഷകരെയും വന്യജീവി പ്രേമികളെയും വരെ ആശ്ചര്യപ്പെടുത്തുകയാണ്.

10 വർഷമെടുത്ത് 13 ബ്രീഡിങ് സീസണുകളിലായിരുന്നു ​ഗവേഷണം. പെൻഗ്വിനുകളുടെ പ്രത്യുൽപാദനം അപകടത്തിലാണെന്ന് തോന്നുമ്പോൾ അവ വഴിപിരിയുന്നതായും പുതിയ ഇണയെ തേടുന്നതായും പഠനത്തിൽ കണ്ടെത്തി. ആയിരത്തോളം ജോഡികളിൽ നിന്ന് ഏകദേശം 250 പെൻഗ്വിനുകളാണ് ഇണകളെ പിരിഞ്ഞിരിക്കുന്നതെന്ന് കണ്ടെത്തിയത്.

പെൻഗ്വിൻ ഇണകളെ വേർപിരിയുന്നത് അപൂർവ്വ സംഭവമാണ്. എന്നാൽ, മനുഷ്യരെ പോലെ ശാരീരിക ബന്ധത്തിലെ സുഖം തേടിയല്ല ഇവ പുതിയ ഇണകളെ തേടുന്നത് എന്നതും ശ്രദ്ധേയമാണ്. പാരിസ്ഥിതിക ഘടകങ്ങളുമായും പ്രത്യുത്പാദന വെല്ലുവിളികളുമായും ഇവയുടെ ഇണതേടൽ ബന്ധപ്പെട്ടിരിക്കുന്നു. പ്രത്യുത്പാദനത്തിലുണ്ടാകുന്ന പരാജയം, പാരിസ്ഥിതിക സമ്മർദം തുടങ്ങിയവയൊക്കെ പെൻഗ്വിൻ ജോഡികളുടെ സ്ഥിരത കുറയ്ക്കും. പ്രത്യുത്പാദനത്തിലുണ്ടാകുന്ന പരാജയങ്ങളും ഭക്ഷ്യക്ഷാമം അല്ലെങ്കിൽ ആവാസ വ്യവസ്ഥയുടെ അസ്ഥിരത പോലെയുള്ള പാരിസ്ഥിതിക സമ്മർദങ്ങളും ദീർഘകാല ബന്ധങ്ങളെ എങ്ങനെയാണ് തകർക്കുന്നത് എന്നതിന് ഉദാഹരണമാണ് പെൻഗ്വിനുകൾക്കിടയിലെ വേർപിരിയൽ എടുത്തുകാട്ടുന്നത്.

ഓസ്‌ട്രേലിയയിലെ ഫിലിപ്പ് ദ്വീപിലെ ചെറിയ പെൻഗ്വിനുകളെക്കുറിച്ചുള്ള ഈ ഗവേഷണം പക്ഷികളിലെ വേർപിരിയൽ ഉൾപ്പടെ പാരിസ്ഥിതികവും സാമൂഹികവുമായ ഘടകങ്ങൾ പ്രത്യുൽപാദന വിജയത്തെ എങ്ങനെ സ്വാധീനിച്ചുവെന്ന് ഓസ്‌ട്രേലിയയിലെ മോനാഷ് യൂണിവേഴ്‌സിറ്റിയിയിലെ ഗവേഷകരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. ഓരോ വർഷവും പെൻഗ്വിൻ പരേഡ് കാണാൻ ആയിരക്കണക്കിന് സന്ദർശകർ ഒത്തുകൂടുന്നതുകൊണ്ട് ഫിലിപ് ദ്വീപിലെ കോളനി ജനപ്രിയമാണ്. ഫിലിപ് ദ്വീപിലെ ചെറിയ പെൻഗ്വിനുകളെക്കുറിച്ചുള്ള ഗവേഷണം പക്ഷികളുടെ സാമൂഹിക ചലനാത്മകതയെക്കുറിച്ചുളള നിർണായക ഉൾക്കാഴ്ചയാണ് നൽകുന്നത്. ഇത് പെൻഗ്വിനുകളെ സംരക്ഷിക്കുന്നതിനുളള സംരക്ഷണ ശ്രമങ്ങൾ ആസൂത്രണം ചെയ്യാൻ ഏജൻസികളെ സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *