Your Image Description Your Image Description

ചെന്നൈ: സഞ്ജു സാംസണെ ഒഴിവാക്കിചാമ്പ്യൻസ് ട്രോഫിക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ നിരവധി പേരാണ് വിമർശനവുമായി എത്തിയിരുന്നത്. ഓസ്ട്രേലിയയില്‍ തിളങ്ങാതിരുന്നിട്ടും ഏകദിനങ്ങളില്‍ മികച്ച റെക്കോര്‍ഡ് ഇല്ലാതിരുന്നിട്ടും സഞ്ജുവിന് പകരം റിഷഭ് പന്തിനെയാണ് സെലക്ടര്‍മാര്‍ ചാമ്പ്യൻസ് ട്രോഫി ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തിയത്.

എന്നാല്‍ ദക്ഷിണാഫ്രിക്കക്കെതിരെ 2023ല്‍ അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ചുറി അടിക്കുകയും ടി20 ക്രിക്കറ്റില്‍ സമീപകാലത്ത് അഞ്ച് കളികളില്‍ മൂന്ന് സെഞ്ചുറി അടിച്ചിട്ടും സഞ്ജുവിനെ ടീമിലേക്ക് പരിഗണിക്കാതിരുന്നതാണ് ആരാധകരെ നിരാശരാക്കിയത്. എന്തുകൊണ്ട് സഞ്ജുവിന് പകരം റിഷഭ് പന്തിനെ സെലക്ടര്‍മാര്‍ ചാമ്പ്യൻസ് ട്രോഫി ടീമിലെടുത്തുവെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ കൂടിയായ ദിനേശ് കാര്‍ത്തിക്.

ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിലേക്ക് സഞ്ജുവും റിഷഭ് പന്തും തമ്മില്‍ നേരിട്ടുള്ള മത്സരമായിരുന്നു ഉണ്ടായിരുന്നതെന്ന് ദിനേശ് കാര്‍ത്തിക് പറഞ്ഞു. സഞ്ജുവിനെയും റിഷഭ് പന്തിനെയും വിക്കറ്റ് കീപ്പര്‍മാരായി മാത്രമല്ല, സ്പെഷ്യലിസ്റ്റ് ബാറ്റര്‍മാരായി മാത്രമായി വേണമെങ്കിലും ടീമിലുള്‍പ്പെടുത്താവുന്നവരാണ്. എനിക്ക് തോന്നുന്നത്, സഞ്ജുവിന് പകരം റിഷഭ് പന്തിനെ ചാമ്പ്യൻസ് ട്രോഫി ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായി എടുക്കാന്‍ ഒറ്റ കാരണമെയുള്ളു. അത് റിഷഭ് പന്ത് ഇടം കൈയനാണെന്നത് മാത്രമാണ്.
ബാറ്റിംഗ് നിരയില്‍ ഒരു ഇടം കൈയന്‍ ബാറ്ററുടെ സാന്നിധ്യം ടീമിന് നല്‍കുന്ന വൈവിധ്യം കണക്കിലെടുത്താകാം റിഷഭ് പന്തിന് അവസരം നല്‍കിയത്. സ‌ഞ്ജു ചാമ്പ്യൻസ് ട്രോഫി ടീമിലെത്തുന്നതിന് തൊട്ടടുത്തെത്തിയിരുന്നു. ഇതിന് പുറമെ സഞ്ജു വിജയ് ഹസാരെയില്‍ കളിക്കാത്തതും തിരിച്ചടിയായെന്ന് വേണം വിലയിരുത്താന്‍. അതും ടീം സെലക്ഷനില്‍ ഒരു ഘടകമായെന്നാണ് താന്‍ കരുതുന്നതെന്നും ദിനേശ് കാര്‍ത്തിക് ക്രിക് ബസിനോട് പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *