Your Image Description Your Image Description

മലയാള സിനിമ മേഖലയുടെ പ്രതീക്ഷകൾ കാറ്റിൽ പറത്തി തൊണ്ണൂറ്റിയേഴാമത് ഓസ്‍കര്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. ആടുജീവിതവും ഓൾ വി ഇമാജിൻ ആസ് ലൈറ്റും നോമിനേഷനില്‍ ഇടം നേടിയില്ല. 14 നോമിനേഷനുകളുമായി ഫ്രഞ്ച് ചിത്രം എമിലിയ പെരസ് പ്രഖ്യാപനത്തില്‍ ശ്രദ്ധയാകര്‍ഷിച്ചു. ഇന്ത്യൻ അമേരിക്കൻ ഹിന്ദി ഷോർട്ട് ഫിലിം അനുജയ്ക്ക് ഓസ്‍കർ നാമനിർദ്ദേശമുണ്ട്. ബോളിവുഡ് നടി പ്രിയങ്ക ചോപ്ര ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്. ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിലാണ് നാമനിർദ്ദേശം. മാര്‍ച്ച് രണ്ടിനാണ് അവാര്‍ഡ് പ്രഖ്യാപനം.

പ്രാഥമിക യോഗ്യത നേടിയ 323 ചിത്രങ്ങളുടെ പട്ടിക നേരത്തെ അക്കാദമി പുറത്തുവിട്ടിരുന്നു. ഇതില്‍ 207 ചിത്രങ്ങള്‍ക്ക് മികച്ച ചിത്രത്തിനുള്ള പുരസ്‍കാരത്തിനായി നോമിനേഷന് മത്സരിക്കാനാകുമായിരുന്നു. ആ 207 ചിത്രങ്ങളുടെ കൂട്ടത്തില്‍ ആറ് ഇന്ത്യന്‍ സിനിമകളും ഇടംനേടിയിരുന്നു. ബ്ലെസി- പൃഥ്വിരാജ് ടീമിന്‍റെ ആടുജീവിതം, ശിവയുടെ സംവിധാനത്തില്‍ സൂര്യ നായകനായ കങ്കുവ, പായല്‍ കപാഡിയയുടെ സംവിധാനത്തില്‍ കനി കുസൃതിയും ദിവ്യ പ്രഭയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, ശുചി തലാത്തി സംവിധാനം ചെയ്‍ത ഗേള്‍സ് വില്‍ ബി ഗേള്‍സ്, രണ്‍ദീപ് ഹൂദ സംവിധാനം ചെയ്‍ത് നായകനായ സ്വതന്ത്ര്യവീര്‍ സവര്‍ക്കര്‍, സന്തോഷ് (ഇന്ത്യ-യുകെ) എന്നിവയായിരുന്നു ആ ചിത്രങ്ങള്‍.

മികച്ച നടൻ, മികച്ച നടി തുടങ്ങിയവയ്‍ക്ക് പുറമേ മികച്ച സഹനടൻ, മികച്ച സഹനടി. മികച്ച സംവിധായകൻ. മികച്ച ഫീച്ചര്‍ ഫിലിം, മികച്ച ഛായാഗ്രാഹണം, മികച്ച തിരക്കഥ (അവലംബിതം), മികച്ച തിരക്കഥ (ഒറിജിനല്‍), അനിമേഷന്‍ ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്‍ററി ഫീച്ചര്‍, ഡോക്യുമെന്‍ററി ഷോര്‍ട്ട്, ഇന്‍റര്‍നാഷണല്‍ ഫീച്ചര്‍, ലൈവ് ആക്ഷന്‍ ഷോര്‍ട്ട്, മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്റ്റൈലിംഗ്, ഒറിജിനല്‍ സ്കോര്‍, ഒറിജിനല്‍ സോംഗ്, സൗണ്ട് ആന്‍ഡ് വിഷ്വല്‍ എഫക്റ്റ്സ് അടക്കമുള്ള വിവിധ വിഭാഗങ്ങളിലാണ് ഓസ്‍കര്‍ അവാര്‍ഡ് നല്‍കുകയെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ലോസ് ഏഞ്ചൻസിലെ ഡോള്‍ബി തിയറ്ററിലായിരിക്കും അവാര്‍ഡ് ദാനം.

Leave a Reply

Your email address will not be published. Required fields are marked *