Your Image Description Your Image Description

തൃശൂർ : തീരത്തോട് ചേര്‍ന്ന് അനധികൃത രാത്രികാല മത്സ്യബന്ധനം (കരവലി) നടത്തിയ ബോട്ടുകള്‍ക്ക് എതിരേ കര്‍ശന നടപടിയെടുത്ത് ഫിഷറീസ് – മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍. തീരക്കടലില്‍ നിന്നും കുട്ടത്തോടെ മത്സ്യങ്ങളെ കോരിയെടുത്ത് മത്സ്യബന്ധനം നടത്തുന്ന രീതി (കരവലി) മത്സ്യ സമ്പത്ത് കുറയാനിടയാക്കും.

ഇതിലൂടെ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് മത്സ്യലഭ്യത കുറയും എന്ന് കാണിച്ച് പരമ്പരാഗത മത്സ്യതൊഴിലാളികള്‍ നല്‍കിയ പരാതിയില്‍ അഴീക്കോട് ഫഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സി. സീമയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം തീരക്കടലില്‍ അര്‍ദ്ധരാത്രി നടത്തിയ പരിശോധനയില്‍ അനധികൃത മത്സ്യബന്ധനം നടത്തിയ എറണാകുളം ജില്ലയിലെ പള്ളിപ്പുറം സ്വദേശി ചീനിക്കപ്പറമ്പില്‍ സ്റ്റെനി പിന്‍ഹേറോയുടെ സ്റ്റെനി എന്ന ബോട്ടും എറണാകുളം ജില്ലയില്‍ പള്ളിപ്പുറം വൈദ്യര്പടി സ്വദേശി കാവാലംകുഴി വീട്ടില്‍ കെ.ജി ജോസഫ് എന്നയാളുടെ ഉടമസ്ഥതയിലുള്ള അശ്വിന്‍ എന്ന ബോട്ടുമാണ് അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ അധികൃതര്‍ പിടിച്ചെടുത്തുത്.

കരവലി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിരോധിച്ച മത്സ്യബന്ധന രീതിയാണ്. ഇതു ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികളെയും ഇതര ജില്ലക്കാരേയും ഉപയോഗപ്പെടുത്തിയാണ് തീരക്കടലില്‍ ഈ രീതിയില്‍ മത്സ്യ ബന്ധനം നടത്തുന്നത്. പരിശോധനയും നടപടികളും കര്‍ശനമാക്കാന്‍ തൃശ്ശൂര്‍ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കിയിരുന്നു. ത്രിശ്ശൂര്‍ ജില്ലയുടെ തെക്കേ അതിര്‍ത്തിയായ അഴീക്കോട് മുതല്‍ വടക്കേ അതിര്‍ത്തിയായ കാപ്രിക്കാട് വരെയുള്ള കടല്‍തീരത്തും ആഴക്കടലിലും നിരീക്ഷണം ശക്തമാക്കി വരവേയാണ് മുനമ്പം ഭാഗത്ത് നിന്ന് വന്ന ബോട്ടുകള്‍ പിടിയിലായത്.

കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം 1980 (കെഎംഎഫ് റെഗുലേഷന്‍ ആക്ട് 1980) പ്രകാരം കേസെടുത്ത് ത്രിശ്ശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു. നിയമനടപടികള്‍ പുര്‍ത്തിയാക്കി അനധികൃത മത്സ്യബന്ധനം (കരവലി) നടത്തിയതിന് ഓരോ ബോട്ടിനും 2,50,000 രൂപ വീതം 5,00,000 (അഞ്ച് ലക്ഷം) സര്‍ക്കാരിലേക്ക് പിഴ ഈടാക്കി. ബോട്ടിലെ മത്സ്യം പരസ്യലേലം ചെയ്ത് വിറ്റ വകയില്‍ 2,61,500 രൂപയും ചേര്‍ത്ത് ആകെ 7,61,500 (ഏഴുലക്ഷത്തി അറുപത്തൊന്നായിരത്തി അഞ്ഞുറ് രൂപ) ട്രഷറിയില്‍ ഒടുക്കി.

വരും ദിവസങ്ങളില്‍ രജിസ്ട്രേഷന്‍, ലൈസന്‍സ് ഇല്ലാത്ത ബോട്ടുകള്‍ക്കെതിരെയും കെ എം എഫ് ആര്‍ ആക്ടിന് വിരുദ്ധമായി മത്സ്യബന്ധന രീതികള്‍ അവലംബിക്കുന്ന ബോട്ടുകള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകിരിക്കുന്നതാണെന്നും നിയമാനുസൃതമായ പിഴ ഈടാക്കുന്നതാണെന്നും തൃശ്ശൂര്‍ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുല്‍മജീദ് പൊത്തന്നൂരാന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *