Your Image Description Your Image Description

ജക്കാര്‍ത്ത: നിയമവിരുദ്ധമായ വിപണി തന്ത്രങ്ങൾ നടത്തിയ ഗൂഗിളിന് 100 കോടി രൂപ പിഴ ചുമത്തി ഇന്തോനേഷ്യ. ഗൂഗിള്‍ 12.4 ദശലക്ഷം ഡോളര്‍ പിഴയൊടുക്കണം എന്നാണ് ഇന്തോനേഷ്യയിലെ ആന്‍റിട്രസ്റ്റ് ഏജന്‍സി വ്യക്തമാക്കിയിരിക്കുന്നത്. പിഴയില്‍ അപ്പീല്‍ നല്‍കുമെന്ന് ഗൂഗിള്‍ വക്താവ് വ്യക്തമാക്കി.

ഗൂഗിളിന്‍റെ ആപ്ലിക്കേഷന്‍ വിതരണ പ്ലാറ്റ്‌ഫോമായ ഗൂഗിള്‍ പ്ലേ സ്റ്റോറിലെ (ഗൂഗിള്‍ പ്ലേ) പേയ്‌മെന്‍റ് സംവിധാനത്തില്‍ ഗൂഗിള്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാണ് ഇന്തോനേഷ്യയിലെ ആന്‍റിട്രസ്റ്റ് ഏജന്‍സി കണ്ടെത്തിയത്.
വിപണിയിലുള്ള തങ്ങളുടെ മേധാവിത്വം മറയാക്കി മറ്റ് പേയ്‌മെന്‍റ് സംവിധാനങ്ങളെ അപേക്ഷിച്ച് ഉയർന്ന നിരക്കിൽ ഗൂഗിള്‍ പ്ലേ ബില്ലിംഗ് ഉപയോഗിക്കാന്‍ ഇന്തോനേഷ്യൻ ആപ്പ് ഡെവലപ്പർമാരെ ഗൂഗിള്‍ നിര്‍ബന്ധിച്ചു എന്ന സംശയത്തില്‍ ഗൂഗിളിന്‍റെ മാതൃ കമ്പനിയായ ആല്‍ഫബറ്റിനെതിരെ ഇന്തോനേഷ്യയിലെ ആന്‍റിട്രസ്റ്റ് ഏജന്‍സി 2022ല്‍ അന്വേഷണം ആരംഭിച്ചിരുന്നു. ഗൂഗിള്‍ പ്ലേ ബില്ലിംഗ് സംവിധാനം ഉപയോഗിച്ചില്ലെങ്കില്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പുകള്‍ നീക്കം ചെയ്യുമെന്ന് ഗൂഗിള്‍ ഭീഷണിപ്പെടുത്തിയെന്ന് ഏജന്‍സി കണ്ടെത്തി.

വിപണിയിലെ കുത്തക ഒഴിവാക്കാനുള്ള ഇന്തോനേഷ്യന്‍ നിയമം ഗൂഗിള്‍ ലംഘിച്ചതായി ആന്‍റിട്രസ്റ്റ് ഏജന്‍സി വ്യക്തമാക്കി. ഗൂഗിള്‍ പ്ലേ ബില്ലിംഗ് വഴി 30 ശതമാനം അധികം തുക ഗൂഗിള്‍ ഈടാക്കി എന്ന് അന്വേഷണ സംഘം പറയുന്നു. ഇന്തോനേഷ്യയില്‍ 93 ശതമാനം മാര്‍ക്കറ്റ് ഷെയറും കയ്യാളുന്ന ഡിജിറ്റല്‍ കമ്പനിയാണ് ഗൂഗിള്‍.

അതേസമയം ഇന്തോനേഷ്യന്‍ ആന്‍റിട്രസ്റ്റ് ഏജന്‍സി 100 കോടി രൂപ പിഴ ചുമത്തിയതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് ഗൂഗിള്‍ അറിയിച്ചു. ഇന്തോനേഷ്യയിലെ ആപ്പ് സംവിധാനത്തെ ശക്തിപ്പെടുത്തുന്ന തരത്തിലാണ് രാജ്യത്തുള്ള പ്രവര്‍ത്തനം എന്നാണ് ഗൂഗിളിന്‍റെ വാദം. നിയമവിരുദ്ധമായ മത്സരങ്ങളുടെ പേരില്‍ വിവിധ ഗൂഗിള്‍ സേവനങ്ങള്‍ക്ക് കഴിഞ്ഞ ഒരു ദശകത്തിനിടെ യൂറോപ്യൻ യൂണിയൻ 70,000 കോടിയോളം രൂപ പിഴ ചുമത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *