Your Image Description Your Image Description

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയുടെ വീഴ്ചകൾ ഒന്നൊന്നായി ചൂണ്ടിക്കാട്ടി സിഎജി റിപ്പോർട്ട്. നിയമസഭയിൽ സമർപ്പിക്കപ്പെട്ട റിപ്പോർട്ടിൽ പരാമർശിക്കുന്നത് പ്രകാരം പൊതുജനാരോഗ്യ മേഖലയ്ക്ക് ഗുണനിലവാരം ഇല്ലെന്നും സംസ്ഥാനത്ത് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും കുറവെന്നും ചൂണ്ടിക്കാണിക്കുന്നു. മെഡിക്കല്‍ കോളജില്‍ അക്കാദമിക് പ്രവര്‍ത്തനം തുടങ്ങുന്നതില്‍ അസാധാരണ കാലതാമസമാണുള്ളത്. ആർദ്രം മിഷൻ വേണ്ടരീതിയിൽ പ്രവർത്തനം നടത്തുന്നില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ട്.

കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡിനെയും റിപ്പോർട്ടിൽ രൂക്ഷമായി വിമർശിക്കുന്നുണ്ട്. മരുന്നുകൾ ആവശ്യത്തിന് എത്തിക്കാൻ കഴിഞ്ഞില്ല എന്നും മരുന്നുകളുടെ ഗുണമേന്മ ഉറപ്പാക്കാൻ ഒരു നടപടിയും ഉണ്ടായില്ല എന്നും റിപ്പോർട്ടിൽ പറയുന്നു. ടെണ്ടർ മാനദണ്ഡങ്ങളിൽ ഗുരുതരമായ വീഴ്ച ഉണ്ടായിട്ടുണ്ട്. ആവശ്യത്തിന് മരുനുകൾ ലഭ്യമാകുന്നില്ല എന്ന പരാതികൾ വ്യാപകമാണ്. ഈടാക്കേണ്ട പിഴയായ 1.64 കോടി രൂപ മരുന്നു കമ്പനികളിൽ നിന്ന് ഈടാക്കുന്നില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജിലെ മരുന്ന് ക്ഷാമത്തിലുള്ള പരാതികൾ കൂടിയതോടെയാണ് സിഎജി റിപ്പോർട്ടിലെ വിമർശനം. കഴിഞ്ഞ ദിവസം കെഎംസിഎല്ലിൽ നിന്ന് അൻപത് ഇനം മരുന്നുകൾ മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നു. മരുന്നുകൾ കാരുണ്യ പദ്ധതി വഴി വിതരണം ചെയ്യുമെന്നും അറിയിച്ചിരുന്നു. രണ്ട് ദിവസത്തിനകം നൂറിനം മരുന്നുകൾ കൂടി എത്തിക്കുമെന്നും അറിയിച്ചിരുന്നു.

കുറച്ച് ദിവസം മുൻപാണ് കോഴിക്കോട് മെഡിക്കല്‍ മരുന്ന് ക്ഷാമം രൂക്ഷമായത് ഇതോടെ ഡയാലിസിസിനടക്കം പുറമേ നിന്ന് മരുന്ന് വാങ്ങാന്‍ രോഗികളോട് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു. ആവശ്യമായ മരുന്നുകൾ ലഭ്യമാകാതെ വന്നതോടെ രോഗികളും കൂട്ടിരിപ്പുകാരും കടുത്ത ദുരിതത്തിലായി. നിലവിൽ മരുന്ന് വിതരണത്തില്‍ 90 കോടി രൂപയുടെ കുടിശ്ശികയാണുള്ളത്. അറുപത് ശതമാനമെങ്കിലും കുടിശ്ശിക നികത്താതെ മരുന്ന് വിതരണം തുടരില്ലെന്ന് കമ്പനികൾ അറിയിച്ചു. ഇതേതുടർന്ന് കഴിഞ്ഞ പത്താം തീയതി മുതൽ മരുന്ന് വിതരണം കമ്പനികൾ നിര്‍ത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *