Your Image Description Your Image Description

തിരുവനന്തപുരം : ലോൺ കുടിശ്ശികയെത്തുടർന്ന് ജപ്തി നടപടി നേരിട്ട കുടുംബത്തിന് ആശ്വാസമായി ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. വെമ്പായം പാലമൂട് സ്വദേശിനിയായ പ്രഭാ കുമാരിയുടെ വീടും വസ്തുവും ജപ്തി ചെയ്യുന്നതിനുള്ള നടപടികളായതിനാൽ കുടുംബം പ്രതിസന്ധിയിയിരുന്നു.

നെടുമങ്ങാട് സഹകരണ അർബൻ ബാങ്കിന്റെ നടപടികളെ തുടർന്ന് വീട് പൂട്ടിയപ്പോൾ തന്നെ കുടുംബാംഗങ്ങളെ സന്ദർശിച്ച മന്ത്രി പിന്തുണ അറിയിച്ചിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ട ഗ്രീൻ മർച്ചന്റ് അസോസിയേഷൻ കുടുംബത്തിന് സാമ്പത്തിക സഹായം നൽകാനുള്ള സന്നദ്ധത മന്ത്രിയെ അറിയിച്ചു. ജപ്തി നടപടികൾ ഒഴിവാക്കുന്നതിനുള്ള 2,16,215 രൂപയുടെ ചെക്ക് മന്ത്രിയുടെ സാന്നിധ്യത്തിൽ ഗ്രീൻ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പോൾ രാജ് പ്രഭാകുമാരിക്ക് കൈമാറി.

ജപ്തി നടപടികളുടെ പേരിൽ ധനകാര്യ സ്ഥാപനങ്ങൾ കുടുംബങ്ങളെ തെരുവിലിറക്കുന്ന സമീപനം സ്വീകരിക്കരുതെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. മാനുഷിക നിലപാട് സ്വീകരിച്ച് അർഹമായ സാവകാശം ഉപഭോക്താക്കൾക്ക് നൽകാൻ ധനകാര്യ സ്ഥാപനങ്ങൾ തയാറാകണമെന്നും മന്ത്രി പറഞ്ഞു. വീട് നഷ്ടപ്പെട്ട് നിസ്സഹായരായ അവസ്ഥയിൽ സഹായത്തിനായി മുൻകയ്യെടുത്ത മന്ത്രിക്കും പൊതു പ്രവർത്തകർക്കും നന്ദി അറിയിക്കുന്നതായി പ്രഭാകുമാരി പറഞ്ഞു.

85 വയസ്സുള്ള അമ്മയും ശാരീരിക വിഷമതയുള്ള ഭർത്താവുമായി അഞ്ച് സെന്റിലെ ഒറ്റ മുറിയിൽ ജീവിക്കുന്ന സാഹചര്യത്തിലാണ് ജപ്തി നടപടികളുണ്ടായത്. വീടും വസ്തുവും തിരികെ ലഭിക്കാൻ തുക നൽകിയ ഗ്രീൻ മർച്ചന്റ് അസോസിയേഷനും നന്ദി അറിയിക്കുന്നതായി പ്രഭാകുമാരി പറഞ്ഞു. അമ്മ യശോദക്കും ഭർത്താവ് സജിമോനുമൊപ്പമാണ് പ്രഭാകുമാരി സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ചേംബറിലെത്തി ചെക്ക് സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *