Your Image Description Your Image Description

ലണ്ടൻ: ഇതിഹാസം ലയണൽ മെസ്സിയുടെ ഇന്‍റർ മയാമി ക്ലബിലേക്ക് പോകില്ലെന്ന് വ്യക്തമാക്കി ബ്രസീൽ സൂപ്പർതാരം നെയ്മർ. പകരം ജന്മനാടായ ബ്രസീലിലെ തന്റെ ആദ്യ ക്ലബായ സാന്റോസിലേക്ക് താരം മടങ്ങിയേക്കുമെന്നാണ് റിപ്പോർട്ട്. സൗദി ക്ലബ് അൽ ഹിലാലുമായുള്ള നെയ്മറിന്‍റെ കരാർ സീസണൊടുവിൽ അവസാനിക്കും. താരവുമായി ഇനി കരാർ പുതുക്കേണ്ടെന്നാണ് ക്ലബ്ബിന്റെ തീരുമാനം..2023ൽ റെക്കോഡ് തുകക്ക് സൗദി ക്ലബിനൊപ്പം ചേർന്ന നെയ്മറിന് വെറും ഏഴു മത്സരങ്ങളിൽ മാത്രമാണ് ടീമിനുവേണ്ടി കളിക്കാനായത്.

ഒരു ഗോളും മൂന്നു അസിസ്റ്റുമാണ് താരത്തിന് നേടാനായത്. ഇതോടെ നെയ്മർ അമേരിക്കൻ ഫുട്‌ബാൾ ക്ലബായ ഇന്റർ മയാമിയിലേക്ക് ചേക്കേറിയേക്കുമെന്ന അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. നെയ്‌മർ, മെസ്സിയുമായി സംസാരിച്ചെന്നും മയാമിയിലേക്ക് വരാൻ മെസ്സി ആവശ്യപ്പെട്ടെന്ന് നെയ്‌മർ വെളിപ്പെടുത്തിയതായും വാർത്തകൾ പുറത്തു വന്നു. നേരത്തെ, ബാഴ്‌സലോണയിലും പി.എസ്.ജി.യിലും ഇരുവരും ഒരുമിച്ചു കളിച്ചിരുന്നു. മുൻ ബാഴ്‌സ താരം ലൂയിസ് സുവാരസും ഇപ്പോൾ മയാമിയിലുണ്ട്.

നെയ്മർ കൂടി എത്തിയാൽ പഴയ മെസ്സി-സുവാരസ്-നെയ്മർ (എം.എസ്.എൻ) സഖ്യം ആവർത്തിക്കും. സാന്‍റോസിലൂടെയാണ് നെയ്മർ ഔദ്യോഗിക ഫുട്ബാൾ ജീവിതം ആരംഭിക്കുന്നത്. നെയ്മറിന്‍റെ മികവിലാണ് 50 വർഷത്തിനിടെ 2011ൽ സാന്‍റോസ് ആദ്യമായി ദക്ഷിണ അമേരിക്കൻ ചാമ്പ്യൻഷിപ്പായ കോപ്പ ലിബർട്ടഡോറസിൽ ജേതാക്കളാകുന്നത്. ബ്രസീലിയൻ ക്ലബിനായി വ്യത്യസ്ത ചാമ്പ്യാൻഷിപ്പുകളിലായി 225 മത്സരങ്ങളിൽ 136 ഗോളുകളും 64 അസിസ്റ്റുകളും താരത്തിന്‍റെ പേരിലുണ്ട്. സാന്റോസ് നിലവിൽ സൗദി ക്ലബിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. 2026ലെ ലോകകപ്പ് മുന്നിൽ കണ്ടാണ് നെയ്മർ തന്റെ ജന്മനാട്ടിലേക്ക് മടങ്ങുന്നതെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *