Your Image Description Your Image Description

കങ്കണ റണാവത്ത് ഇന്ദിര ​ഗാന്ധിയായി എത്തുന്ന ചിത്രം എന്ന നിലയില്‍ പ്രീ റിലീസ് ശ്രദ്ധ നേടിയ ചിത്രമായിരുന്നു എമര്‍ജന്‍സി. ചിത്രത്തിന്‍റെ കഥയും നിര്‍മ്മാണവും സംവിധാനവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതുമെല്ലാം കങ്കണ തന്നെയാണ്. കങ്കണ ഒറ്റയ്ക്ക് സംവിധാനം ചെയ്യുന്ന ആദ്യ ഫീച്ചര്‍ ചിത്രമാണിത്. ബോളിവുഡിലെ താരമൂല്യമുള്ള അഭിനേത്രി ആണെങ്കിലും സമീപകാലത്ത് നിരവധി പരാജയങ്ങൾ കങ്കണയ്ക്ക് നേരിടേണ്ടിവന്നിരുന്നു. എന്നാല്‍ എമര്‍ജന്‍സി ഏറെ പ്രതീക്ഷ നല്‍കുന്നു.

ഇപ്പോഴിതാ, ഇന്നലെ തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ ആദ്യ ദിനത്തിലെ കളക്ഷന്‍ കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. കണക്കനുസരിച്ച് ചിത്രം ആദ്യ ദിനം നേടിയിരിക്കുന്നത് 2.35 കോടി ആണ്. കങ്കണയുടെ സമീപകാലത്തെ സോളോ റിലീസുകള്‍ പ​രി​ഗണിക്കുമ്പോള്‍ ഏറ്റവും മികച്ച ഓപ്പണിങ് ആണ് എമര്‍ജന്‍സി നേടിയിരിക്കുന്നത്. 2023 ചിത്രമായ തേജസ് ആദ്യ ദിനം നേടിയത് 1.25 കോടി ആയിരുന്നു. 2022ൽ റിലീസ് ആയ ആക്ഷന്‍ ചിത്രം ധാക്കഡ് 1.20 കോടിയുമായിരുന്നു നേടിയത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി എത്തിയ ജയലളിതയുടെ ബയോപിക് ചിത്രം തലൈവി ആദ്യ ദിനം നേടിയത് 1.46 കോടി മാത്രമായിരുന്നു.
എമര്‍ജന്‍സിയേക്കാള്‍ ഓപ്പണിങ് ലഭിച്ച ഒരു കങ്കണ ചിത്രം ഇതിന് മുന്‍പ് വന്നത് കൊവിഡിന് മുന്‍പ് ആയിരുന്നു. 2020 ജനുവരിയില്‍ എത്തിയ പങ്ക ആയിരുന്നു അത്. 2.70 കോടിയാണ് ചിത്രം ആദ്യ ദിനം നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *