ലണ്ടന്‍: സ്കോട്ടിഷ് ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായ ഡെന്നിസ് ലോ അന്തരിച്ചു. 84 വയസായിരുന്നു. ബാലണ്‍ദ്യോര്‍ നേടിയ ഏക സ്കോട്ടിഷ് താരമാണ് സെന്‍ട്രല്‍ ഫോര്‍വേഡായ ലോ. അറുപതുകളുടെ മധ്യത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആക്രമണത്തിന്റെ നെടുന്തൂണായിരുന്നു ലോയുടെ മരണവിവരം കുടുംബമാണ് അറിയിച്ചത്.
മത്സ്യത്തൊഴിലാളിയായ ജോര്‍ജ് ലോയുടെ ഏഴ് മക്കളില്‍ ഇളയവനായി ജനിച്ച ഡെന്നിസിന്റെ ബാല്യം കടുത്ത ദാരിദ്ര്യത്തിലൂടെയാണ് കടന്നുപോയത്. കാഴ്ചക്കുറവ് ചെറിയ പ്രായത്തില്‍ തന്നെ അലട്ടിയിരുന്നു. പന്ത്രണ്ടാം വയസ് വരെ ബൂട്ടിടാതെയാണ് കളിച്ചിരുന്നത്. പന്നീട് കടംവാങ്ങിയ ബൂട്ടുകളുമായിട്ടായിരുന്നു കളി. പിറന്നാള്‍ സമ്മാനമായിട്ടായിരുന്നു ഉപയോഗിച്ചു പഴകിയ ആ ബൂട്ടുകള്‍ കിട്ടിയത്.
ബോബി ചാള്ട്ടണ്, ജോര്‍ജ് ബെസ്റ്റ് എന്നിവർക്കൊപ്പം മാഞ്ചസ്റ്റര്‍ യുണൈറ്റഡിൽ ലോയും ഉണ്ടായിരുന്നു. മ്യൂണിക്ക് വിമാനദുരന്തില്‍ തകര്‍ന്നുപോയ ടീമിന്റെ ഉയര്ത്തെഴുന്നേല്പില് കോച്ച് മാറ്റ് ബസ്ബിയുടെ തന്ത്രങ്ങള്‍ക്കനുസരിച്ച് ചാള്‍ട്ടണും ബെസ്റ്റിനുമൊപ്പം നിര്‍ണായക പങ്കാണ് ലോ വഹിച്ചത്. ബെസ്റ്റ് 2005ലും ചാള്ട്ടണ് 2023ലും വിടപറഞ്ഞു. ഇതോടെ യുണൈറ്റഡിന്റെ സുവര്‍ണത്രയത്തിന് പൂര്‍ണമായി തിരശീലവീണു. യുണൈറ്റഡ് 1965ലും 67ലും പ്രീമിയര്‍ ലീഗ് കിരീടവും 68ല്‍ യൂറോപ്പ്യന്‍ കപ്പിലും കിരീടം നേടുന്നതിലും കാരണക്കാരനായി, ലോമാന് എന്ന വിളിപ്പേരുള്ള ഡെന്നിസ് ലോ. യുണൈറ്റഡിനുവേണ്ടി 309 മത്സരങ്ങളില്‍ നിന്ന് 171 ഗോളുകള്‍ നേടിയിട്ടുണ്ട്. അറുപത്തിനാലിലാണ് ബാലണ്‍ദ്യോര്‍ ലഭിച്ചത്.
സ്കോട്ട്ലന്‍ഡ് സൃഷ്ടിച്ച ഏറ്റവും മികച്ച താരമായിട്ടും ഒരിക്കല്‍പ്പോലും ഒരു സ്കോട്ടിഷ് ക്ലബിനുവേണ്ടി ലോക ബൂട്ടണിഞ്ഞിട്ടില്ല. സ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് ഇംഗ്ലീഷ് ക്ലബായ ഹഡേഴ്സ്ഫീല്‍ഡ് ടൗണ്‍ ടീമിനുവേണ്ടിയാണ് കളിച്ചുതുടങ്ങിയത്. 60ല്‍ അന്നത്തെ റെക്കോഡ് തുകയായ 55000 പൗണ്ടിന് മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തി. പിന്നീട് ഒരു വര്‍ഷം ഇറ്റാലിയന്‍ ക്ലബായ ടൊറിനോയില്‍ കളിച്ച ലോ ഇറ്റലിയിലെ ജീവിതത്തില്‍ മനസ് മടുത്ത് 62ലാണ് യുണൈറ്റഡിലെത്തി. അതും റേെക്കാഡ് തുകയ്ക്ക്. അത് യുണൈറ്റഡിന്റെ ഒരു പുതിയ യുഗത്തിന്റെ കൂടി തുടക്കമായി. പിന്നീട് ഒരു പതിറ്റാണ്ടിലേറെക്കാലം യുണൈറ്റഡിന്റെ ചെങ്കുപ്പായത്തില്‍ തലയെടുപ്പോടെ തന്നെ നിന്നു ലോ. 73ലാണ് പിന്നീട് യുണൈറ്റഡ് വിട്ട് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ തിരിച്ചെത്തിയത്. സ്കോട്ട്ലന്‍ഡ് ദേശീയ ടീമിനുവേണ്ടി 55 കളികളില്‍ നിന്ന് ഒന്‍പത് ഗോളുകള്‍ നേടിയിട്ടുണ്ട്. ഇതില്‍ ഏറെ ശ്രദ്ധേയമാണ് ഇംഗ്ലണ്ടിനെതിരേ നേടിയ വിജയഗോള്‍. 1966ലെ ലോകകപ്പ് ഫൈനലിനുശേഷം ഇംഗ്ലണ്ട് നേരിടുന്ന ആദ്യ പരാജയമായിരുന്നു ഇത്. 1974ലെ ലോകകപ്പിലും കളിച്ചു.
മുപ്പത്തിനാലാം വയസ്സില്‍ സയറിനെതിരേയായിരുന്നു ലോകകപ്പിലെ അരങ്ങേറ്റം. തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളിലും അവസാന ഇലവനില്‍ ഇടം നേടാനായില്ല. ഏറെ വൈകാതെ കളിയില്‍ നിന്ന് വിരമിക്കുകയും ചെയ്തു. പ്രോസ്ട്രേറ്റ് കാന്‍സര്‍ബാധിതനായിരുന്ന ലോ നാലു വര്‍ഷം മുന്‍പ് മേധാക്ഷയത്തിനും അടിപ്പെട്ടു.