Your Image Description Your Image Description

പത്തനംതിട്ട: അമ്മയുടെ അറിവോടെ 15 വയസുകാരിയെ വിവാഹം ചെയ്ത് മൂന്നാറിലെത്തിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഇലന്തൂർ ഇടപ്പരിയാരം സ്വദേശി അമൽ പ്രാകാശിനെയാണ് (25) മലയാലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തിൽ പെൺകുട്ടിയുടെ 35 വയസുകാരിയായ അമ്മയും അറസ്റ്റിലായിട്ടുണ്ട്. ഫോൺ വിളിച്ചും സന്ദേശങ്ങൾ അയച്ചുമാണ് പ്രതി പെൺകുട്ടിയുമായി അടുപ്പത്തിലായത്. തുടർന്ന് കഴിഞ്ഞ ശനിയാഴ്ച രാവിലെ പത്ത് മണിയോടെ പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതാകുകയായിരുന്നു.

അമ്മയുടെ അറിവോടെ അമൽ കുട്ടിക്ക് താലി ചാർത്തി. വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിച്ച ശേഷം വൈകിട്ട് അഞ്ച് മണിയോടെ മൂന്നുപേരും മൂന്നാറിലേക്ക് പോയി. ഞായറാഴ്ച രാവിലെ മൂന്നാർ ടൗണിന് സമീപം ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചു. കുട്ടിയുടെ അമ്മ ശുചിമുറിയിൽ പോയ സമയത്ത് അമൽ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

ഇതേസമയം, പെൺകുട്ടിയെ കാണാനില്ലെന്ന് പിതാവ് പോലീസിൽ പരാതി നൽകി. സംഭവത്തിൽ മലയാലപ്പുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. തുടർന്ന് അന്വേഷണ സംഘം ഹോട്ടലിൽ എത്തുകയും അമലിനെയും പെൺകുട്ടിയുടെ മാതാവിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പെൺകുട്ടിയെ കോന്നിയിലെ നിർഭയ ഹോമിൽ പാർപ്പിച്ചു. പെൺകുട്ടിയുടെ മാതാവിനെതിരെ ബാലനീതി വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *