Your Image Description Your Image Description

കായിക അടിസ്ഥാനസൗകര്യ വികസന രംഗത്ത് 25000 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തെത്തിയതായി കായിക, ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി അബ്ദു റഹ്‌മാന്‍. സംസ്ഥാനസര്‍ക്കാര്‍ കായിക അടിസ്ഥാനസൗകര്യനവികസന രംഗത്ത് 2400 കോടി രൂപ ചെലവഴിച്ചു. 5000 കോടിയിലധികം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ സ്വകാര്യമേഖലയിലും നടക്കുകയാണ്. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ സംസ്ഥാനത്തെ കായിക രംഗത്ത് വലിയ മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരു പഞ്ചായത്ത്, ഒരു കളിക്കളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ എസ് ഡി വി സ്‌കൂളില്‍ നിര്‍മിക്കുന്ന സ്റ്റേഡിയത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

എല്ലാവര്‍ക്കും സ്‌പോര്‍ട്‌സ്, എല്ലാവര്‍ക്കും ആരോഗ്യം എന്നതാണ് സര്‍ക്കാര്‍ കാഴ്ച്ചപ്പാട്. താഴെത്തട്ടില്‍ കായികപ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിന്റെ ഭാഗമായാണ് ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതി ആവിഷ്‌കരിച്ചത്. സര്‍ക്കാര്‍ നടപ്പാക്കുന്ന ബൃഹത്തായ കായികവികസന പ്രവര്‍ത്തനമാണിത്. സംസ്ഥാനത്തെ 465 പഞ്ചായത്തുകളില്‍ കളിക്കളങ്ങള്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ 60 പഞ്ചായത്തുകളില്‍ കളിക്കളങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു കഴിഞ്ഞതായി മന്ത്രി പറഞ്ഞു.
കായിക അടിസ്ഥാനസൗകര്യ വികസനപ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ പുരോഗമിക്കുന്ന ജില്ലയാണ് ആലപ്പുഴയെന്നും മന്ത്രി പറഞ്ഞു. ജില്ലക്ക് കായികരംഗത്ത് വലിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. 58 ഓളം പ്രവര്‍ത്തികള്‍ ജില്ലയില്‍ പൂര്‍ത്തീകരിച്ചു. എസ് ഡി വി സ്‌കൂള്‍ സ്റ്റേഡിയം നിര്‍മ്മാണം ആറു മാസം കൊണ്ടു പൂര്‍ത്തീകരിക്കുമെന്നും ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് സ്റ്റേഡിയം മികച്ച രീതിയില്‍ പ്രയോജനപ്പെടട്ടെയെന്നും മന്ത്രി പറഞ്ഞു.
പി പി ചിത്തരഞ്ജന്‍ എംഎല്‍എ ആവശ്യപ്പെട്ടത് പ്രകാരം മാരാരിക്കുളം സെന്റ് അഗസ്റ്റിന്‍ സ്‌കൂളില്‍ കളിക്കളം നിര്‍മിക്കാന്‍ കായിക വകുപ്പ് 50 ലക്ഷം രൂപ അനുവദിക്കുന്നതായും മന്ത്രി ചടങ്ങില്‍ പ്രഖ്യാപിച്ചു.
പി പി ചിത്തരഞ്ജന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ആലപ്പുഴയുടെ വിദ്യാഭ്യാസരംഗത്ത് അവിസ്മരണീയ സംഭാവന നല്‍കിയ സ്ഥാപനമാണ് എസ് ഡി വി സ്‌കൂളെന്നും അതുകൊണ്ടാണ് സ്‌കൂളിനെ പദ്ധതിയിലേക്ക് തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. മാരാരിക്കുളം സെന്റ് അഗസ്റ്റിന്‍ സ്‌കൂളില്‍ കളിക്കളം നിര്‍മിക്കാന്‍ ആസ്തി വികസനഫണ്ടില്‍ നിന്നുള്ള 50 ലക്ഷം അനുവദിച്ചതായി എംഎല്‍എയും ചടങ്ങില്‍ പ്രഖ്യാപിച്ചു.

സംസ്ഥാനകായിക വകുപ്പിന്റെ 50 ലക്ഷം രൂപയും എംഎല്‍എയുടെ ആസ്തി വികസനഫണ്ടില്‍ നിന്നുള്ള 50 ലക്ഷം രൂപയും ഉള്‍പ്പെടുത്തി ഒരു കോടി രൂപ വിനിയോഗിച്ചാണ് എസ് ഡി വി സ്‌കൂളില്‍ സ്റ്റേഡിയം നിര്‍മ്മാണ പദ്ധതി നടപ്പിലാക്കുന്നത്. എറണാകുളത്തെ പ്രൈംടെക് എന്‍ജിനീയറിങ്ങിനാണ് നിര്‍മ്മാണച്ചുമതല.
ഉദ്ഘാടന ചടങ്ങില്‍ നഗരസഭ ചെയര്‍പെഴ്‌സണ്‍ കെ കെ ജയമ്മ അധ്യക്ഷയായി. സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ചീഫ് എന്‍ജിനീയര്‍ പി കെ അനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ്, നഗരസഭ വൈസ് ചെയര്‍പെഴ്‌സണ്‍ പി എസ് എം ഹുസൈന്‍, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ എം ആര്‍ പ്രേം, എംജി സതീദേവി, എ എസ് കവിത, നസീര്‍ പുന്നയ്ക്കല്‍, ആര്‍ വിനീത, കൗണ്‍സിലര്‍ കെ ബാബു, ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി ജെ ജോസഫ്, എസ് ഡി വി സ്‌കൂള്‍ മാനേജര്‍ എസ് രാമാനന്ദന്‍, എം നീലകണ്ഠന്‍, സ്‌കൂള്‍ പ്രധാനാധ്യാപിക റ്റി ഒ ബിന്ദു എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *