Your Image Description Your Image Description

പ്രയാഗ്‌രാജ്: അന്തരിച്ച ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലോറീൻ പവൽ ജോബ്സ് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന കുംഭമേളയ്ക്കിടെ കുഴഞ്ഞുവീണു. ജനത്തിരക്കുമൂലമുള്ള അസ്വസ്ഥതയാണ് കുഴഞ്ഞുവീഴാൻ കാരണമെന്ന് സ്വാമി കൈലാഷാനന്ദ് ​ഗിരി ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ക്യാമ്പിൽ വിശ്രമത്തിലാണ് ലോറീൻ ഇപ്പോൾ.

ഇതിനുമുൻപൊരിക്കലും ഇത്തരത്തിലൊരു തിരക്ക് അനുഭവിക്കാത്ത ലോറീൻ പവൽ ഇപ്പോൾ തിരക്ക് അനുഭവിച്ചതുകൊണ്ടുള്ള അസ്വസ്ഥതകളാണ് കുഴഞ്ഞുവീഴാനിടയാക്കിയതെന്ന് കൈലാഷാനന്ദ് ​ഗിരി പറഞ്ഞു. വളരെ ലാളിത്യമുള്ള വ്യക്തിത്വത്തിനുടമയായ അവർ നമ്മുടെ ആചാരങ്ങളെക്കുറിച്ച് അറിയാനാണ് കുംഭമേളയ്ക്കെത്തിയത്. ഇപ്പോഴവർ തന്റെ ക്യാമ്പിൽ വിശ്രമിക്കുകയാണ്. ആരോ​ഗ്യവതിയാവുമ്പോൾ ത്രിവേണി സം​ഗമത്തിൽ മുങ്ങിനിവരുന്ന ചടങ്ങിൽ പങ്കുചേരുമെന്നും അദ്ദേഹം പറഞ്ഞു.

കുംഭമേളയിൽ പങ്കെടുക്കുന്നതിനായി ഞായറാഴ്ച വൈകീട്ടാണ് ലോറീൻ പവൽ ജോബ്സ് പ്രയാഗ്‌രാജിലെ സ്വാമി കൈലാഷാനന്ദ് ​ഗിരി ആശ്രമത്തിലെത്തിയത്. കുംഭമേളയുടെ ഭാ​ഗമായി നടക്കുന്ന വിവിധ ചടങ്ങുകളിൽ അവർ തിങ്കളാഴ്ച പങ്കെടുത്തിരുന്നു. ഈയിടെ കമല എന്ന പേര് അവർ സ്വീകരിച്ചിരുന്നു. കുംഭമേളയ്ക്കെത്തുന്നതിനുമുൻപ് ഈ മാസം 11-ന് അവർ വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിക്കുകയും ജലാഭിഷേകം നടത്തുകയും ചെയ്തിരുന്നു. ഫെബ്രുവരി 26 വരെയാണ് കുംഭമേള നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *