Your Image Description Your Image Description

ലഖ്‌നൗ: ഉത്തർപ്രദേശിലെ കനൗജ് റെയിൽവേ സ്റ്റേഷനിൽ നിർമ്മാണം നടക്കുന്നതിനിടയിൽ കെട്ടിടത്തിന്റെ കോൺഗ്രീറ്റ് സ്ലാബ് തകർന്ന് വീണ് അപകടം. ഇന്ന് ഉച്ചയ്ക്ക് 2.30 നാണ് അപകടമുണ്ടായത്. ഇരുപതിലധികം തൊഴിലാളികൾ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 14 പേരെ ഇതുവരെ രക്ഷപെടുത്തിയിട്ടുണ്ട്. രക്ഷപെടുത്തിയവരിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമെന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരം.

റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി നിർമിച്ച കെട്ടിടത്തിന്റെ രണ്ടാംനിലയുടെ ഭാഗമാണ് തകർന്ന് വീണത്. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ പൊലീസും രക്ഷാപ്രവർത്തകരും തുടരുകയാണ്. അപകടകാരണത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി അധികൃതർ അറിയിച്ചു.

അപകടം നടന്ന സമയത്ത് 35ലധികം തൊഴിലാളികൾ ഇവിടെ പണിയെടുക്കുന്നുണ്ടായിരുന്നു. അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി സ്റ്റേഷനിൽ നിർമിക്കുന്ന ഇരുനില കെട്ടിടത്തിലാണ് അപകടം. രക്ഷപ്പെടുത്തിയ തൊഴിലാളികളെ പ്രദേശത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം പുറത്തെടുക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് കനൗജ് നിയോജകമണ്ഡലത്തിൽനിന്നുള്ള ബിജെപി എംഎൽഎയും ഉത്തർപ്രദേശിലെ സാമൂഹിക ക്ഷേമ മന്ത്രിയുമായ അസീം അരുൺ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റവർക്ക് 50,000 രൂപയും നിസാര പരുക്കേറ്റവർക്ക് 5,000 രൂപയും സഹായധനം നൽകുമെന്ന് റെയിൽവേ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *