Your Image Description Your Image Description

തൃശൂർ : എല്ലാവര്‍ക്കും വീടും എല്ലാവര്‍ക്കും ഭൂമിയും ഈ സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്ന് റവന്യൂ – ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍. സര്‍ക്കാരിന്റെ കരുതലും കൈത്താങ്ങും പദ്ധതിയുടെ ഭാഗമായി കുന്നംകുളം താലൂക്ക്തല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അദാലത്തുകളില്‍ പ്രധാനമായും 21 കാര്യങ്ങളില്‍ മുന്‍ഗണന പ്രകാരം പരാതികള്‍ സ്വീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. പോക്കുവരവും അനധികൃത നിര്‍മാണവും അതിര്‍ത്തി കയ്യേറ്റവും ഉള്‍പ്പെടെയുള്ള ഭൂമിപ്രശ്‌നങ്ങള്‍, കെട്ടിട നിര്‍മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ട നമ്പറിടല്‍, നികുതി പ്രശ്‌നം, വയോജന സംരക്ഷണം, പടികജാതി/ വര്‍ഗ്ഗ വിഭാഗങ്ങളുടെ വിവിധ പ്രശ്‌നങ്ങള്‍, മത്സ്യബന്ധന തൊഴിലാളി ആനുകൂല്യങ്ങള്‍, ഭിന്നശേഷി പുനരധിവാസം, പരിസ്ഥിതി പ്രശ്‌നങ്ങള്‍ എന്നിങ്ങനെ വേഗത്തില്‍ പരിഹരിക്കേണ്ടതും വിവിധ ഫയലുകളില്‍ പരിഹാരം കാണാതെ കെട്ടിക്കിടക്കുന്നതുമായ പ്രശ്‌നങ്ങള്‍ മന്ത്രിമാര്‍ നേരിട്ടിരുന്ന് പരിഹരിക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ താലൂക്ക്തല അദാലത്തുകള്‍ നടത്തി വരുന്നത്.

ഓണ്‍ലൈനായി പരാതി കൊടുക്കുന്നതിനുള്ള അറിവില്ലായ്മ മൂലം പരാതി കൊടുക്കാന്‍ സാധിക്കാത്തവര്‍ക്കും അദാലത്തുകളില്‍ നേരിട്ടെത്തി പരാതി സമര്‍പ്പിക്കാനും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടാനും അവസരമുണ്ട്. ഓണ്‍ലൈനില്‍ അപേക്ഷിക്കാന്‍ സാധിക്കാതിരുന്നവര്‍ക്ക് അദാലത്തില്‍ നേരിട്ട് പരാതി നല്‍കാം. ഇതുവരെ നടന്ന ആറ് അദാലത്തുകളേക്കാളും കൂടുതല്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ ലഭിച്ചിട്ടുള്ളത് കുന്നംകുളത്താണ്. കുന്നംകുളം അദാലത്തില്‍ 387 അപേക്ഷകള്‍ ഓണ്‍ലൈനായി ലഭിച്ചിരുന്നു. ഇത് ഇവിടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഉള്ളതുകൊണ്ടല്ല, പ്രശ്‌നങ്ങളുള്ളവരെ കണ്ടെത്തി അദാലത്തില്‍ എത്തിക്കാന്‍ എംഎല്‍എ യുടെ നേതൃത്വത്തില്‍ പഞ്ചായത്തുകളും വില്ലേജുകളുമെല്ലാമടങ്ങുന്ന സംഘാടകര്‍ നന്നായി ഗൃഹപാഠം ചെയ്തു പ്രവര്‍ത്തിച്ചതുകൊണ്ടാണെന്നും മന്ത്രി പറഞ്ഞു.

അതിദാരിദ്ര്യം ഉള്‍പ്പെടെയുള്ള ജനകീയ പ്രശ്‌നങ്ങള്‍ക്ക് ഉടനടി നടപടിയെടുക്കുകയാണ് സര്‍ക്കാര്‍ നയം. സര്‍ക്കാര്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളുടെ യഥാര്‍ത്ഥ സ്വാദ് ജനങ്ങള്‍ക്ക് ലഭ്യമാകാതെ പോകുന്നുവെങ്കില്‍ അത് പരിഹരിക്കാനാണ് ഇത്തരം അദാലത്തുകള്‍. ചുവപ്പുനാടയ്ക്കു മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന സാധാരണ ജനങ്ങളെ സഹായിക്കാനാണിവ. ഇവിടെ ലഭിക്കുന്ന എല്ലാ അപേക്ഷകളിലും പരിഹാരം കാണാന്‍ ഈ അദാലത്തില്‍ ശ്രമമുണ്ടാകുമെന്നും ഏതെങ്കിലും അപേക്ഷയില്‍ പരിഹാരം സാധ്യമാവുന്നില്ലെങ്കില്‍ സാധ്യമാക്കാനുള്ള നിരന്തര ശ്രമമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കൂടിയാലോചനകളും കൂടിയിരിപ്പുകളും ഇല്ലാത്തതിനാല്‍ കീറാമുട്ടിയായിത്തീര്‍ന്ന അതിര്‍ത്തിത്തര്‍ക്കങ്ങള്‍, വഴിത്തര്‍ക്കങ്ങള്‍ തുടങ്ങിയ പല പ്രശ്‌നങ്ങളും ശാന്തമായി പരിഹരിക്കാന്‍ അദാലത്തുകളിലൂടെ സാധിച്ചിട്ടുണ്ടെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് – സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. മനുഷ്യരുടെ സങ്കടങ്ങളും ദുരിതങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് അദാലത്തുകള്‍ക്കു മുന്നിലെത്തുന്നത്. ഇവിടെ മന്ത്രിമാര്‍ സ്വീകരിക്കുന്ന നിലപാടുകളുടെ ആത്യന്തിക ഉത്തരവാദിത്തം മന്ത്രിമാര്‍ക്കാണ്. അതിനാല്‍ ആ നിലപാടുകളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ട ബാധ്യത ഉദ്യോഗസ്ഥര്‍ക്കുണ്ട്. കാലതാമസമില്ലാതെ, സുതാര്യതയോടെ നീതിയുക്തം നടപടികള്‍ സ്വീകരിച്ച് ഉദ്യോഗസ്ഥര്‍ ജനങ്ങളെ സഹായിക്കണമെന്നും മന്ത്രി പറഞ്ഞു.

കുന്നംകുളം ബഥനി സ്‌കൂള്‍ ഹാളില്‍ നടന്ന അദാലത്ത് ഉദ്ഘാടന ചടങ്ങില്‍ 12 പേര്‍ക്ക് പട്ടയവും 20 പേര്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളും വിതരണം ചെയ്തു. മുന്‍ മന്ത്രിയും കുന്നംകുളം സിറ്റിംഗ് എംഎല്‍എ യുമായ എ.സി മൊയ്തീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, കുന്നംകുളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ്, കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഐ രാജേന്ദ്രന്‍, കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍, വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍ ഷോബി, ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ സുനില്‍, കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.എസ് രേഷ്മ, പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. രാമകൃഷ്ണന്‍, കുന്നംകുളം നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ ബിജു സി. ബേബി, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അടലരസന്‍, എഡിഎം ടി. മുരളി എന്നിവര്‍ സംബന്ധിച്ചു. സബ് കളക്ടര്‍ അഖില്‍ വി. മേനോന്‍ സ്വാഗതവും ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ) ആര്‍. മനോജ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *