Your Image Description Your Image Description

തൃശൂർ : മുളകുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളേജിന്റെ വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റാന്‍ സ്വന്തമായി 33 കെ വി സബ്സ്റ്റേഷന്‍ നിര്‍മ്മിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണ ജോര്‍ജ്. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മെഡിക്കല്‍ കോളേജിന്റ അഭിമാനമായി മാറാന്‍ പോകുന്ന അമ്മയും കുഞ്ഞും ആശുപത്രിയുടെയും സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ളോക്കിന്റെയും നിര്‍മ്മാണം ഈ വര്‍ഷം പൂര്‍ത്തീകരിക്കും. വേറിട്ട ചികിത്സകളിലൂടെയും കൂട്ടായ പ്രയത്നത്തിലൂടെയും മെഡിക്കല്‍ കോളേജിന്റെ യശ്ശസ് കൂടുതല്‍ ഉയര്‍ന്നതായും മന്ത്രി പറഞ്ഞു.

പേ വാര്‍ഡ് രണ്ടാം ഘട്ടം, വിദ്യാര്‍ഥികളുടെ ക്ലാസ് മുറികള്‍, ശ്വാസകോശ രോഗികളുടെ പുനരധിവാസ പരിശീലന കേന്ദ്രം, ആശ്വാസ് വാടക വീട്, നവീകരിച്ച മള്‍ട്ടി ഡിസിപ്ളിനറി റിസര്‍ച്ച് യൂണിറ്റ് എന്നീ പദ്ധതികളുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വ്വഹിച്ചത്. കൂടാതെ കൃത്രിമ അവയവ നിര്‍മ്മാണ കേന്ദ്രത്തിന്റെ രണ്ടാം ഘട്ടം, ലോക്കല്‍ ഒ.പി, ജൈവ പ്ലാന്റ്, കൂട്ടിരിപ്പുകാരുടെ വിശ്രമ കേന്ദ്രം എന്നിവയുടെ നിര്‍മ്മാണ ഉദ്ഘാടനവും അലുമിനി അസോസിയേഷന്‍ നല്‍കിയ പത്ത് ലക്ഷം രൂപയുടെ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കലും മന്ത്രി നിര്‍വ്വഹിച്ചു.

ചടങ്ങില്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ. രാധാകൃഷ്ണന്‍ എം.പി, വടക്കാഞ്ചേരി നഗരസഭ ചെയര്‍മാന്‍ പി.എന്‍ സുരേന്ദ്രന്‍, പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലീല രാമക്യഷണന്‍, അവണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി, നഗരസഭ കൗണ്‍സിലര്‍ കെ.കെ ശൈലജ, ഡി.എം.ഇ ഡോ. തോമസ് മാത്യു, ആരോഗ്യ വിദ്യാഭ്യസ ഡയറകടര്‍ ഡോ. തോമസ് മാത്യു, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പൽ ഡോ. എന്‍. അശോകന്‍, ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ്ജ് ഡോ. എം. രാധിക, മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പൽ ഡോ. കെ.ബി സനല്‍കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ശ്രീദേവി, ഗവ. നേഴ്‌സിംഗ് കേളജ് പ്രിന്‍സിപ്പൽ രമാദേവി തുടങ്ങിയവര്‍ പങ്കെടുത്തു. മെഡിക്കല്‍ കോളേജില്‍ നടന്ന ചടങ്ങില്‍ മന്ത്രി മുണ്ടത്തിക്കോട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ആര്‍ദ്രം നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന പ്രഖ്യാപനവും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *