Your Image Description Your Image Description

കോഴിക്കോട്: പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ തിരുവമ്പാടിയിലെ വീട്ടിൽ നിന്ന് കഞ്ചാവ് പിടികൂടി. സംഭവത്തില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലെ ഒരു യുവാവ് പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. കൂടരഞ്ഞി സ്വദേശി ഇളംതുരുത്തില്‍ അഭീഷ്(38), കാരശ്ശേരി കറുത്തപറമ്പ് സ്വദേശി തരുപ്പാല പറമ്പില്‍ ജലീഷ് ബാബു(41) എന്നിവരാണ് 1.78 കിലോ ഗ്രാം കഞ്ചാവുമായി തിരുവമ്പാടി പോലീസ് പിടികൂടിയത്. താഴെ തിരുവമ്പാടി ഗേറ്റുംപടി മുതിയോട്ടുമ്മലിലെ വാടക വീട്ടില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

രഹസ്യ വിവരം ലഭിച്ച പോലീസ് കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയായിരുന്നു ഇവിടെ പരിശോധനക്കെത്തിയത്. പോലീസ് എത്തിയതറിഞ്ഞ ഉടന്‍ ഇവരോടൊപ്പമുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അഭീഷിനെയും ജലീഷിനെയും പിടികൂടിയ ശേഷം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കാരശ്ശേരി കല്‍പൂര്‍ സ്വദേശിയായ ഷഫീഖ് ആണ് രക്ഷപ്പെട്ടതെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഇയാളാണ് വീട് വാടകക്കെടുത്തതെന്ന് പോലീസ് പറഞ്ഞു.

വാടകയ്ക്കെടുത്ത വീട്ടിൽ യുവാക്കളുടെ വരവിലും പോക്കിലും നാട്ടുകാർക്ക് സംശയം തോന്നിയിരുന്നു. തുടർന്നാണ് പോലീസിന് രഹസ്യ വിവരം കിട്ടിയതും പരിശോധന നടത്തിയതും. വാടക വീട്ടിൽ നിന്നും ഒരു കാറും രണ്ട് ബൈക്കുകളും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *