Your Image Description Your Image Description

രാസലഹരി വിൽപ്പനയും ഉപയോഗവും കോഴിക്കോട് ജില്ലയിൽ വർധിക്കുന്നെന്ന് റിപ്പോർട്ട്. എം.ഡി.എം.എ, ബ്രൗൺഷുഗർ, ഹാഷിഷ് ഓയിൽ, ഹെറോയിൻ തുടങ്ങിയ ലഹരി വസ്തുക്കൾ ജില്ലയുടെ ​ഗ്രാമപ്രദേശങ്ങളിൽ പോലും ലഭ്യമാകുന്ന സാ​ഹചര്യമാണ്. മുൻവർഷങ്ങളെക്കാൾ വലിയ വർധനവാണ് ജില്ലയിൽ ലഹരി കേസുകളിൽ ഉണ്ടായിട്ടുള്ളത്. കോഴിക്കോട് ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന ലഹരികേസുകളിൽ കൂടുതലും എംഡിഎംഎയുമായി ബന്ധപ്പെട്ടവയാണ്.

കഴിഞ്ഞ വർഷം കോഴിക്കോട് ജില്ലയിൽ മാത്രം പിടികൂടിയത് 3 107.525 ​ഗ്രാം എംഡിഎംഎയാണ്. 2023ൽ 2116 ഗ്രാം എംഡിഎംഎയായിരുന്നു ജില്ലയിൽ നിന്നും വിവിധ കേസുകളിലായി പിടികൂടിയത്. ​ഗ്രാമിന് പതിനായിരത്തിലേറെ രൂപയാണ് എംഡിഎംഎയുടെ വില എന്നതും പ്രത്യേകം ഓർക്കണം. 2024ൽ വിവിധ കേസുകളിൽ നിന്നായി 134.455 ഗ്രാം ബ്രൗൺഷുഗറും 863.45 ഗ്രാം ഹാഷിഷ് , 185 ഗ്രാം എൽ.എസ്.ഡി , 29.09 ഗ്രാം മെത്താഫിറ്റമിൻ,7.55 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടിയിട്ടുണ്ട്.

അതേസമയം, ജില്ലയിൽ കഞ്ചാവിന്റെ ഉപയോഗം കുറയുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2023 ൽ 179.13 കിലോ പിടികൂടിയപ്പോൾ 2024 ൽ 157.18 കിലോഗ്രാമാണ് പിടിച്ചെടുത്തത്. കഞ്ചാവും മദ്യവുമൊക്കെ ഉപയോഗിച്ചിരുന്നവർ രാസലഹരിയിലേക്ക് വഴിമാറുന്നെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. ബംഗളൂരു, ചെന്നൈ നഗരങ്ങളിൽ മാത്രമുണ്ടായിരുന്ന ന്യൂജൻ ലഹരി വസ്തുക്കൾ ഇപ്പോൾ കേരളത്തിലെ ​ഗ്രാമപ്രദേശങ്ങളിൽ പോലും എത്തിയിരിക്കുകയാണ്. രാസലഹരിയുടെ ഉപയോഗവും വിൽപ്പനയും കേരളത്തിലെ നാട്ടിൻപുറങ്ങളിൽ വരെ സുലഭമായി. പോയ വർഷം നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് (എൻഡിപിഎസ്) വകുപ്പിന് കീഴിൽ 1985 പേരെയാണ് പിടികൂടിയത്. 1835 കേസുകളും രജിസ്റ്റർ ചെയ്തു.

വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് രാസലഹരി വിൽപ്പന വ്യാപകമാവുന്നത്. ചെറിയ അളവിൽ വലിയ ലഹരിയാണ് ഇവയുടെ പ്രത്യേകത. മണിക്കൂറുകളോളം ലഹരിയുണ്ടാകും. ഉപയോഗിച്ചു കഴിഞ്ഞാൽ ഗന്ധമൊന്നുമില്ലാത്തതിനാൽ പിടിക്കപ്പെടാനുള്ള സാദ്ധ്യതയും കുറവാണ്. ലഹരി ഉപയോഗിച്ചുള്ള അക്രമങ്ങളും ദിനംപ്രതി വർദ്ധിക്കുന്നുണ്ട്. പലപ്പോഴും പിടിക്കപ്പെടുന്നത് ചെറുകിട വിൽപ്പനക്കാരും ഉപഭോക്താക്കളും മാത്രമാണ്. രാസലഹരിയുടെ മൊത്തവ്യാപാരികളെയും ഉത്പാ​​ദകരെയും ഇപ്പോഴും എക്സൈസിനും പൊലീസിനും കണ്ടെത്താനോ പിടികൂടാനോ കഴിഞ്ഞിട്ടില്ല.

ഡിസ്ട്രിക്റ്റ് ആന്റി-നർക്കോട്ടിക്സ് സ്പെഷ്യൽ ആക്‌ഷൻ ഫോഴ്‌സ് (ഡാൻസാഫ്) നഗരത്തിലെ പൊലീസ് സ്റ്റേഷൻ പരിധിയിലും സ്കൂൾ പരിസരങ്ങളിലും പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. പ്രിവൻഷൻ ഓഫ് നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് ഇല്ലിസിറ്റ് ഓഫ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് (പിഐടിഎൻഡിപിഎസ് ആക്ട്)പ്രകാരം കൂടുതൽ കേസുകളിൽ ഉൾപ്പെടുന്നവരെ കരുതൽ തടങ്കിൽ പാർപ്പിക്കുകയും ചെയ്യുന്നു. സ്കൂളുകളിൽ ആഴ്ചയിൽ ഒരു ദിവസം ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *