Your Image Description Your Image Description

ആഗ്ര: സൗജന്യ വീൽചെയർ സേവനത്തിന് യാത്രക്കാരനിൽ നിന്നും അനധികൃതമായി പണം വാങ്ങിയ റെയിൽവേ സ്റ്റേഷനിലെ പോർട്ടറുടെ ലൈസൻസ് റദ്ദാക്കി റെയിൽവേ. ഹസ്രത്ത് നിസാമുദ്ദീൻ എന്നയാൾ സ്റ്റേഷനിൽ എത്തിയ ഒരു എൻആർഐ കുടുംബത്തിൽ നിന്നാണ് സൗജന്യ വീൽചെയർ സേവനത്തിന് പണം ഈടാക്കിയത്.

10000 രൂപയാണ് ഇയാൾ വീൽചെയർ സഹായത്തിനും ലഗേജ് കൈകാര്യം ചെയ്യുന്നതിനുമായി ഇവരുടെ കൈയിൽ നിന്നും അനധികൃതമായി കൈപ്പറ്റിയത്. എന്നാൽ, റെയിൽവേ സ്റ്റേഷനുകളിൽ ഈ സേവനം സൗജന്യമാണെന്ന് അറിഞ്ഞപ്പോൾ യാത്രക്കാരന്റെ മകൾ പായൽ നൽകിയ പരാതിയിലാണ് റെയിൽവേ ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.

അന്വേഷണത്തിൽ റെയിൽവേ പോർട്ടറോട് 9,000 രൂപ കുടുംബത്തിന് തിരികെ നൽകാൻ ഉത്തരവിടുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്തു. ഗുജറാത്ത് സ്വദേശികളായ കുടുംബം ഡിസംബർ 28 -നാണ് ആഗ്രയിലേക്ക് പോകുന്നതിനായി ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനിൽ എത്തിയത്. അവിടെവച്ചാണ് ഇവർ വീൽചെയർ സേവനത്തിനും ലഗേജുകൾ കൊണ്ടുപോകുന്നതിനുമായി ഒരു ചുമട്ടുതൊഴിലാളിയെ സഹായത്തിനായി വിളിച്ചത്. ഈ അവസരം മുതലാക്കിയാണ് ഇയാൾ 10,000 രൂപ കുടുംബാംഗങ്ങളിൽ നിന്നും വാങ്ങിയത്.

ആഗ്രയിലെത്തിയപ്പോൾ, ഒരു ടാക്സി ഡ്രൈവറോട് ഇക്കാര്യം പങ്കുവച്ചപ്പോഴാണ് തങ്ങൾ ചൂഷണത്തിന് ഇരയായ കാര്യം ഇവർ അറിയുന്നത്. ചുമട്ടുതൊഴിലാളികൾക്ക് അവരുടെ സേവനങ്ങൾക്ക് ചെറിയ തുക മാത്രമേ ഈടാക്കാൻ കഴിയൂ എന്ന് മനസ്സിലാക്കിയ പായൽ ചുമട്ടു തൊഴിലാളിക്കെതിരെ റെയിൽവേയിൽ പരാതി നൽകുകയായിരുന്നു.

സംഭവുമായി ബന്ധപ്പെട്ട് റെയിൽവേയുടെ പ്രതികരണം വന്നത് ഇത്തരം വഞ്ചനാപരമായ പ്രവർത്തികൾ അനുവദിക്കില്ലെന്നും കടുത്ത നടപടി സ്വീകരിക്കുമെന്നുമായിരുന്നു. ഇത്തരം സംഭവങ്ങൾ ഇനിയുമുണ്ടായാൽ പരാതി അറിയിക്കാനായി 139 എന്ന ഹെല്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാനാകുമെന്നും പരാതികൾ ബോധിപ്പിക്കാമെന്നും അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *