കൊച്ചി : കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ഗിന്നസ് വേൾഡ് റെക്കോഡ് ലക്ഷ്യമിട്ടുള്ള നൃത്ത പരിപാടിക്ക് ദിവ്യ ഉണ്ണിക്ക് നൽകിയത് 5 ലക്ഷം രൂപ. സംഘാടകരുടെ അക്കൗണ്ട് പരിശോധനയിലൂടെയാണ് ഈ വിവരം പോലീസിന് ലഭിച്ചത്. കൂടുതൽ പണം നൽകിയിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കും.
ഇതിനിടെ, ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചു പോയി. ഉമാ തോമസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ നടിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇതിനിടയിലാണ് നടി മടങ്ങി പോയത്.
സംഘാടകരെ ചോദ്യം ചെയ്ത ശേഷം മറ്റുള്ളവർക്ക് നോട്ടീസ് നൽകി മൊഴിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.പരിപാടിയിൽ പങ്കെടുത്ത സിനിമാതാരങ്ങളായ സിജോയ് വർഗീസ്, ദിവ്യ ഉണ്ണി അടക്കമുള്ളവരുടെ മൊഴിയെടുക്കുമെന്നാണ് പൊലീസ് അറിയിച്ചത്.
അതെ സമയം ,ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് കലൂർ സ്റ്റേഡിയത്തിലെ നടന്ന നൃത്ത പരിപാടിക്കെതിരെ വിജിലൻസിൽ പരാതി. നൃത്ത പരിപാടിയെ കുറിച്ച് കൊച്ചി സ്വദേശിയാണ് വിജിലൻസിൽ പരാതി നൽകിയത്. കായിക ഇതര ആവശ്യത്തിന് കലൂർ സ്റ്റേഡിയം വിട്ട് നൽകിയത് വഴിവിട്ട നീക്കത്തിലൂടെയെന്ന് വ്യക്തമാകുന്ന രേഖകൾ പുറത്ത് വന്നു.