Your Image Description Your Image Description

കൊച്ചി: മുഖ്യ പരിശീലകൻ മിഖായേൽ സ്റ്റാറെയെ പുറത്താക്കിയ കേരള ബ്ലാസ്റ്റേഴ്സ് ‘സ്ഥിരം’ പരിശീലകനെ ഉടൻ നിയമിക്കാൻ സാധ്യത കുറവ്. ഇടക്കാല പരിശീലകനായി നിയോഗിക്കപ്പെട്ട ടി.ജി.പുരുഷോത്തമൻ സീസൺ അവസാനിക്കും വരെ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പരിശീലകനായി തുടരാനാണ് സാധ്യത. മറ്റൊരു സഹപരിശീലകനായ തോമാസ് കോർസും പുരുഷോത്തമനും ചേർന്നാകും നടക്കാനിരിക്കുന്ന മത്സരങ്ങളിൽ ടീമിനെ നയിക്കുക. ജനുവരി 5 ന് പഞ്ചാബ് എഫ്സിക്കെതിരെ ന്യൂഡൽഹി ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ഈ മത്സരത്തിലും പുരുഷോത്തമൻ – കോർസ് സഖ്യമാണ് പരിശീലകർ.

ഡിസംബർ 14 ന് കൊൽക്കത്തയിൽ മോഹൻ ബഗാനോടു 3 – 2 ന് തോറ്റതിന് പിന്നാലെയാണു സ്വീഡിഷ് പരിശീലകൻ സ്റ്റാറെയെ ക്ലബ് പുറത്താക്കിയത്. സീസണിൽ 12 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ച അദ്ദേഹത്തിന്റെ സമ്പാദ്യം 7 തോൽവിയും 3 ജയവും 2 സമനിലയുമായിരുന്നു. പുരുഷോത്തമന് കീഴിൽ നടന്ന രണ്ട് മത്സരങ്ങളിൽ ഒരു തോൽവിയും ഒരു ജയവുമാണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം.

കൊച്ചിയിൽ മുഹമ്മദൻസിനെ 3–0ന് തോൽപിച്ചായിരുന്നു അരങ്ങേറ്റം. എന്നാൽ അടുത്ത മത്സരത്തിൽ ജംഷഡ്പുരിന്റെ തട്ടകത്തിൽ 1–0ന് കീഴടങ്ങി. 2 മത്സരത്തിലും ടീം കുഴപ്പമില്ലാതെ കളിച്ചെന്നാണ് മാനേജ്മെന്റിന്റെ വിലയിരുത്തൽ. നിലവിൽ 14 മത്സരങ്ങൾ പൂർത്തിയാക്കിയ ടീം 14 പോയിന്റുമായി 10 –ാം സ്ഥാനത്താണ്. ആദ്യ 6 സ്ഥാനക്കാരാണ് പ്ലേ ഓഫ് കളിക്കുക.10 മത്സരങ്ങൾ ബാക്കിയുണ്ടെങ്കിലും പ്ലേ ഓഫ് ഉറപ്പിക്കുക എളുപ്പമല്ല. ഈ സാഹചര്യം കണക്കിലെടുത്താണ് പുതിയ സ്ഥിരം കോച്ചിനെ നിയമിക്കാൻ തിടുക്കം കൂട്ടേണ്ടെന്ന നിലപാട് ബ്ലാസ്റ്റേഴ്സ് എടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *