Your Image Description Your Image Description

ചൈന: ലോകത്തെ ആശങ്കയിലാഴ്ത്തി ചൈനയിൽ വീണ്ടും പുതിയ വൈറസ് വ്യാപിക്കുകയാണ്. ഹ്യൂമൻ മെറ്റാപ് ന്യൂമോ വൈറസായ (എച്ച്എംപിവി) അതിവേഗം പകരുന്നതായാണ് സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിക്കുന്നത്. തിങ്ങി നിറഞ്ഞ ആശുപത്രികളിൽ മാസ്‌ക് ധരിച്ച് ചികിത്സയ്ക്കായി എത്തിയ രോഗികളുടെ വീഡിയോകളാണ് സാമൂഹ മാധ്യമങ്ങളിൽ കാണാൻ കഴിഞ്ഞത്. രോഗബാധയെ തുടർന്ന് ചൈനയിലെ ചില പ്രദേശങ്ങളിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ വാർത്തകളൊന്നും ചൈനയോ ലോകാരോഗ്യ സംഘടനയോ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ഉറവിടമറിയാത്ത ന്യുമോണിയ കേസുകൾക്കായി നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയെന്ന് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി അറിയിച്ചു.

ശ്വാസ കോശത്തെ ബാധിക്കുന്ന അണുബാധയാണ് എച്ച്എംപിവി. 2001ലാണ് എച്ച്എംപിവി വൈറസ് ആദ്യമായി കണ്ടെത്തുന്നത്. ചൈനയുടെ വടക്കൻ പ്രവിശ്യകളിലാണ് രോഗം വ്യാപിക്കുന്നത്. 14 വയസിന് താഴെയുള്ള കുട്ടികളെയാണ് രോഗം കൂടുതലായി ബാധിക്കുന്നത് എന്ന് റിപോർട്ടുകൾ പറയുന്നു. സ്ക്രീനിങ്, ഐസൊലേഷൻ പ്രോട്ടോക്കോൾ എന്നിവ ഉൾപ്പെടെയുള്ള സുരക്ഷാ നടപടികൾ ചൈനീസ് സർക്കാർ ശക്തമാക്കിയിട്ടുണ്ട്. ചൈനയിലെ നിലവിലെ ശൈത്യകാലം എച്ച്എംപിവി ഉയരാൻ കാരണമായേക്കാമെന്ന് വിദഗ്‌ധർ പറയുന്നു. കൂടാതെ ഡിസംബർ 16 മുതൽ 22 വരെ ശ്വസന സംബന്ധമായ രോഗങ്ങൾ ഉയർന്നതായി ചൈന സ്ഥിരീകരിച്ചിട്ടുമുണ്ട്.

എച്ചഎംപിവി വൈറസ് കുട്ടികളെയും പ്രായമായവരെയും പ്രതിരോധശേഷി കുറഞ്ഞവരെയുമാണ് ബാധിക്കുകയെന്നാണ് ഇപ്പോൾ ലഭ്യമായ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ രോഗാണുക്കൾ ശ്വാസകോശത്തെയാണ് ബാധിക്കുക. എന്നാൽ എച്ച്എംപിവി വൈറസിന്റെ ഉറവിടം എവിടെയാണെന്ന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ചുമ, പനി, ജലദോഷം, ശ്വാസതടസ്സം എന്നിവയാണ് ഈ പനിയുടെ സാധാരണ ലക്ഷണങ്ങൾ. അസുഖം മൂർച്ഛിച്ചാൽ വൈറസ് ബ്രോങ്കൈറ്റിസ് അല്ലെങ്കിൽ ന്യുമോണിയ പോലുള്ള പനികളിലേക്ക് മാറാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. എച്ച്എംപിവി ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരാനുള്ള സമയം സാധാരണയായി മൂന്ന് മുതൽ ആറ് ദിവസം വരെയാണ്. അണുബാധയുടെ തീവ്രതയനുസരിച്ച് രോഗം പടരാനുള്ള സമയക്രമത്തിൽ മാറ്റങ്ങളുണ്ടാകും.

പനി ആരംഭിച്ചു കഴിഞ്ഞാൽ വൈദ്യസഹായം തേടുന്നതാണ് നല്ലതെന്ന് വിദഗ്ധർ പറയുന്നു. കാരണം ഈ വൈറസ് ശ്വാസകോശത്തെ വേഗം ബാധിക്കുന്നതിനാൽ ശ്വാസംമുട്ട് അനുഭവപെടാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ രോഗലക്ഷങ്ങൾ ആരംഭിച്ച് കുറച്ച് ദിവസം നിലനിൽക്കുകയാണെങ്കിൽ വൈദ്യസഹായം തേടുന്നതാണ് നല്ലത്. കുറഞ്ഞത് 20 സെക്കൻഡെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ പതിവായി കഴുകണം. വൃത്തിയാക്കാത്ത കൈകൾ കൊണ്ട് മുഖത്ത് തൊടുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. രോഗലക്ഷണങ്ങൾ കാണിക്കുന്നവരിൽ നിന്ന് അകലം പാലിക്കുക. കൂടാതെ ഇടയ്ക്കിടെ സ്പർശിക്കുന്ന വസ്തുക്കൾ, കളിപ്പാട്ടങ്ങൾ എന്നിവ വൃത്തിയാക്കുക വഴി ഒരു പരിധി വരെ രോഗത്തെ ചെറുക്കാനാകും.

കൂടാതെ വൈറസ് മറ്റൊരാളിലേക്ക് പകരാതിരിക്കാനുള്ള മുൻകരുതലാണ് രോഗികൾ പ്രധാനമായും സ്വീകരിക്കേണ്ടത്. രോഗി എപ്പോഴും മാസ്ക് ഉപയോഗിക്കണം. ടിഷ്യുവോ കർച്ചീഫോ കൈയിൽ കരുത്തേണ്ടതും അത്യാവശ്യമാണ്. കുറഞ്ഞത് 20 സെക്കൻഡ് നേരത്തേക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകഴുകുന്നത് വൈറസ് പകരാനുള്ള സാധ്യത കുറയ്ക്കും. അതുപോലെ വസ്ത്രമോ മറ്റ് സാധങ്ങളോ പരസ്പരം കൈമാറാതിരിക്കുക. എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥത തോന്നുവെങ്കിൽ കുടുംബക്കാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കൃത്യമായ അകലം പാലിക്കുക. നിലവിൽ എച്ച്എംപിവിക്ക് വാക്‌സിനോ പ്രത്യേക മരുന്നുകളോ ലഭ്യമല്ല. എന്നാൽ വൈറസ് ബാധയുള്ളവർ വൈദ്യസഹായം തേടുന്നത് അസുഖം കുറയ്ക്കാൻ സാധിക്കും.

ചൈനയിൽ പുതിയ വൈറസ് റിപ്പോർട്ട് ചെയ്തുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ എല്ലാവരും സെർച്ച് ചെയ്യുന്നത് ഈ വൈറസിന് കൊറോണയുമായി ബന്ധമുണ്ടോ എന്നാണ്. നിലവിൽ ഈ രണ്ട് വൈറസുകളുടെയും രോഗലക്ഷങ്ങൾ സമാനമാണ്. ചുമ, പനി, തൊണ്ടവേദന, ശ്വാസതടസ്സം തുടങ്ങിയ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് ഈ രണ്ട് വൈറസും വഴിയൊരുക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം ചൈനീസ് ആരോഗ്യ അധികാരികളും ലോകാരോഗ്യ സംഘടനയും (WHO) പുതിയ പാൻഡെമിക്കിന് തെളിവുകളില്ലെന്നാണ് വ്യക്തമാക്കിയത്. ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയോ എച്ച്എംപിവി സംബന്ധിച്ച് പ്രത്യേക മുന്നറിയിപ്പുകൾ നൽകുകയോ ചെയ്‌തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *