Your Image Description Your Image Description

ന്യൂഡൽഹി: യാത്രപുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപ് വിമാനക്കമ്പനികൾ അന്താരാഷ്ട്ര വിമാനയാത്രക്കാരുടെ വിവരങ്ങൾ കസ്റ്റംസിന് നിർബന്ധമായും കൈമാറണമെന്ന വ്യവസ്ഥ ഏപ്രിൽ ഒന്നുമുതൽ രാജ്യത്ത് നിലവിൽവരും. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽനിന്ന് പുറപ്പെടുന്ന അന്താരാഷ്ട്ര സർവീസുകളിലെ യാത്രക്കാരുടെ വിവരങ്ങളാണ് നൽകേണ്ടത്.

നിയമം പാലിച്ചില്ലെങ്കിൽ വിമാനക്കമ്പനികൾക്കുനേരേ ശിക്ഷാനടപടികളുണ്ടാകും. വിമാനയാത്രയുടെ സുരക്ഷയും കാര്യക്ഷമതയും വർധിപ്പിക്കുകയും കള്ളക്കടത്തുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ തടയുകയുമാണ് ലക്ഷ്യം. ഇന്ത്യയിൽനിന്ന് ഓപ്പറേറ്റുചെയ്യുന്ന എല്ലാവിമാനങ്ങളും ഈമാസം 10-നകം നാഷണൽ കസ്റ്റംസ് ടാർഗറ്റിങ് സെന്റർ- പാസഞ്ചർ (എൻ.സി.ടി.സി.-പാക്സ്) സംവിധാനത്തിൽ രജിസ്റ്റർചെയ്യണമെന്ന് നിർദേശിച്ച് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് നിർദേശംനൽകി.

യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കൽ പരീക്ഷണാടിസ്ഥാനത്തിൽ ഫെബ്രുവരി 10 മുതൽ നടപ്പാക്കും. പൂർണതോതിൽ സജ്ജമാകുക ഏപ്രിൽ ഒന്നുമുതലാണ്. ജൂൺ ഒന്നുമുതൽ ഗ്ലോബൽ ഡിസ്ട്രിബ്യൂഷൻ സിസ്റ്റത്തിലൂടെ ഓപ്പറേറ്റുചെയ്യുന്ന വിമാനസർവീസുകൾക്കും ബാധകമാക്കും. യാത്രക്കാരുടെ പേര്, പണമടച്ചതിൻ്റെ വിവരങ്ങൾ, ടിക്കറ്റ് തീയതി, ഒരേ പി.എൻ.ആർ. നമ്പറിൽ യാത്രചെയ്യുന്ന മറ്റുള്ളവരുടെ വിവരങ്ങൾ, ബന്ധപ്പെടാനുള്ള ഫോൺനമ്പർ, ഇ-മെയിൽ, ട്രാവൽ ഏജൻസിയുടെ വിവരങ്ങൾ, ബാഗേജ് വിവരങ്ങൾ എന്നിവ പങ്കുവെക്കണം വിവരങ്ങൾനൽകുന്നതിൽ വിമാനക്കമ്പനികൾ വീഴ്ചവരുത്തിയാൽ പിഴചുമത്തും.
ഓരോവീഴ്ചയ്ക്കും 25,000 രൂപമുതൽ 50,000 രൂപവരെയാണ് പിഴ.

 

Leave a Reply

Your email address will not be published. Required fields are marked *