പൊങ്കൽ റിലീസ് ആയി അജിത്തിന്റെ പുതിയ ചിത്രം’വിടാമുയർച്ചി’ എത്തുമെന്ന പ്രതീക്ഷയിൽ ആയിരുന്നു ആരാധകർ. ഇപ്പോൾ ഇതാ ആ കാത്തിരിപ്പ് നിരാശയിലാക്കി പൊങ്കലിന് ചിത്രം റിലീസ് ചെയ്യില്ല അറിയിപ്പുമായി എത്തിയിരിക്കുകയാണ് നിർമാതാക്കള്.
‘ഒഴിച്ചുകൂടാനാകാത്ത സാഹചര്യങ്ങൾ’ കാരണം റിലീസ് മാറ്റിവയ്ക്കുന്നു എന്ന് നിർമാതാക്കളായ ലൈക പ്രൊഡക്ഷൻസ് എക്സ് പോസ്റ്റിലൂടെ അറിയിച്ചു. കൂടുതൽ വിവരങ്ങൾ വൈകാതെ അറിയിക്കാമെന്നും കാത്തിരിപ്പ് വെറുതെയാവില്ലെന്നും പോസ്റ്റിൽ പറയുന്നു.നേരത്തെ, ‘വിടാമുയർച്ചി’ക്കെതിരേ പകർപ്പവകാശലംഘനം ചൂണ്ടിക്കാട്ടി ഹോളിവുഡ് നിർമാതാക്കൾ നോട്ടീസ് അയച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. വിടാമുയർച്ചിയുടെ നിർമാതാക്കളായ ലൈക പ്രൊഡക്ഷനെതിരേ പ്രമുഖ നിർമാതാക്കളും വിതരണക്കാരുമായ പാരാമൗണ്ട് പിക്ചേഴ്സ് നോട്ടിസ് അയച്ചെന്നായിരുന്നു റിപ്പോർട്ട്. പകർപ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട് 150 കോടിയുടെ നോട്ടിസ് ലഭിച്ചതായി തമിഴ് മാധ്യമങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
1997-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ബ്രേക്ഡൗണിൻ്റെ റീമേക്കാണ് വിടാമുയർച്ചിയെന്ന് മുമ്പ് റിപ്പോർട്ടുണ്ടായിരുന്നു. ചിത്രത്തിന്റേതായി പുറത്തിറക്കിയ ടീസറിലും ഇരുചിത്രങ്ങളും തമ്മിലുള്ള സാദൃശ്യം ആരാധകർ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് പിന്നാലെ ഔദ്യോഗിക റീമേക്ക് അവകാശം ലഭിച്ചില്ലെന്നും പാരാമൗണ്ട് പിക്ചേഴ്സ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചുമെന്നുമായിരുന്നു റിപ്പോർട്ട്.
മഗിഴ് തിരുമേനി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് ആക്ഷൻ ചിത്രത്തിൽ അജിത്തും തൃഷയും പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. ഓം പ്രകാശ്, നിരവ് ഷാ എന്നിവരാണ് ഛായാഗ്രഹണം. അനിരുദ്ധിന്റേതാണ് സംഗീതം.