Your Image Description Your Image Description

കൊച്ചി: 2025 മാര്‍ച്ച് ഒന്നിന് ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി രജത് വര്‍മ്മ ചുമതലയേല്‍ക്കും. ഫെബ്രുവരി 28ന് സുരോജിത് ഷോം വിരമിക്കുന്നത്തോടെയാണ് ഡിബിഎസ് ബാങ്കിന്റെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ബാങ്കിംഗ് ഗ്രൂപ്പ് മേധാവിയായ രജത് വര്‍മ്മ സിഇഒ ആയി ചുമതലയേല്‍ക്കുക. ഇതോടെ ഡിബിഎസ് ഗ്രൂപ്പ് മാനേജ്‌മെന്റ് കമ്മിറ്റിയിലും വര്‍മ അംഗമാകും.

2015ല്‍ സിഇഒ ആയതിന് ശേഷം 2016ല്‍ ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ ബാങ്കായ ഡിജി ബാങ്കിന്റെ അവതരണം പോലുള്ള നിരവധി പദ്ധതികളിലൂടെ ഷോം ഇന്ത്യയില്‍ ഡിബിഎസ് ബാങ്കിന്റെ സാന്നിധ്യം വര്‍ധിപ്പിച്ചു. 2019ല്‍ ഇന്ത്യയില്‍ ഡിബിഎസ് ബാങ്കിന്റെ അനുബന്ധവത്ക്കരണത്തിനും 2020ല്‍ ലക്ഷ്മി വിലാസ് ബാങ്കുമായുള്ള ലയനത്തിനും അദ്ദേഹം നേതൃത്വം നല്‍കി. ഇന്ന് ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിലായി 350 നഗരങ്ങളില്‍ ഡിബിഎസ് ബാങ്ക് പ്രവര്‍ത്തിക്കുന്നുണ്ട്. ലോകത്തെ ഏറ്റവും മികച്ച ബാങ്കുകളുടെ ഫോര്‍ബ്‌സിന്റെ പട്ടികയില്‍ 2020 – 2022 കാലയളവില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലും ഡിബിഎസ് ബാങ്ക് ഇടംപിടിച്ചിട്ടുണ്ട്.

രജത് വര്‍മ്മയ്ക്ക് ബാങ്കിംഗ് രംഗത്ത് 27 വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ട്. 2023 ജൂണിലാണ് ഡിബിഎസില്‍ ഐബിജി മേധാവിയായി ചുമതലയേറ്റത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 2024ല്‍ ഗ്ലോബല്‍ ഫിനാന്‍സ് ഇന്ത്യയിലെ സുസ്ഥിര ധനകാര്യത്തിനുള്ള ഏറ്റവും മികച്ച ബാങ്കായി ഡിബിഎസിനെ തിരഞ്ഞെടുത്തു.

ഡിബിഎസ് ബാങ്കിനെ സംബന്ധിച്ചടത്തോളം കഴിഞ്ഞ മുപ്പത് വര്‍ഷക്കാലമായി ഇന്ത്യയൊരു സുപ്രധാന മാര്‍ക്കറ്റ് ആണെന്നും സുരോജിത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 10 വര്‍ഷം കൊണ്ട് ഡിബിഎസ് ഇന്ത്യ മികച്ച രീതിയില്‍ വളരുകയും ഇന്‍സ്റ്റിറ്റിയൂഷണല്‍ ബാങ്കിംഗ്, വെല്‍ത്ത്, റീട്ടെയില്‍ വിഭാഗങ്ങളില്‍ സമ്പൂര്‍ണ സേവന സംവിധാനമായി വളരുകയും ചെയ്‌തെന്ന് ഡിബിഎസ് സിഇഒ പിയൂഷ് ഗുപ്ത പറഞ്ഞു. ദീര്‍ഘ വീക്ഷണവും പ്രതിജ്ഞാബദ്ധതയും കൊണ്ട് ഡിബിഎസ് ഇന്ത്യയെ ഇന്ന് കാണുന്ന നിലയിലേക്ക് വളര്‍ത്തിയതിന് സുരോജിത്തിനോട് നന്ദി പറയുന്നു. ബാങ്കിംഗ് വിദഗ്ദനായ രജത് ഇന്ത്യയിലെ തങ്ങളുടെ ബിസിനസ് കൂടുതല്‍ ഉറപ്പിച്ചു. വരും വര്‍ഷങ്ങളിലും ഇന്ത്യയുടെ വളര്‍ച്ചയില്‍ ഒപ്പം നില്‍ക്കാന്‍ ഡിബിഎസ് ബാങ്ക് ഉണ്ടാകും. ബിസിനസിനെ അടുത്ത ഘട്ടത്തിലേക്ക് വളര്‍ത്താന്‍ രജിത്തിന് സാധിക്കുമെന്നതില്‍ തനിക്ക് ഉറപ്പുണ്ടെന്നും ഗുപ്ത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *