Your Image Description Your Image Description

രാജ്യത്തിന് കൂടുതൽ സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായിപ്രതിരോധ ചെലവ് വർദ്ധിപ്പിച്ച് ജപ്പാൻ. പ്രതിരോധ രംഗത്തെ വര്‍ധിപ്പിച്ച ചെലവ് ഉള്‍പ്പെടെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള കരട് ബജറ്റിന് ജപ്പാന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി. ധനകാര്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ 115.5 ട്രില്യണ്‍ യെന്‍ (730 ബില്യണ്‍ ഡോളര്‍) ബജറ്റ് പദ്ധതി നടപ്പുവര്‍ഷത്തെ അപേക്ഷിച്ച് 2.6% വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്.

പ്രതിരോധ ചെലവുകള്‍ മൊത്തം ബജറ്റിന്റെ 7.5% അല്ലെങ്കില്‍ ഏകദേശം 55 ബില്യണ്‍ ആണ്. ക്യോഡോ വാര്‍ത്താ ഏജന്‍സി പറയുന്നതനുസരിച്ച്, ജപ്പാന്‍ പുറത്തുവിട്ട ഈ കണക്ക് തുടര്‍ച്ചയായ 13-ാം വര്‍ഷത്തിലും വര്‍ധന രേഖപ്പെടുത്തുന്നു എന്നാണ്. അതായത് ഈ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 0.5 ശതമാനത്തിന്റെ വര്‍ധന. ദീര്‍ഘദൂര മിസൈലുകളുടെ വന്‍തോതിലുള്ള ഉല്‍പ്പാദനത്തിനുള്ള ഫണ്ടിനാണ് ജപ്പാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നതെന്നാണ് വിവരം. ഇന്തോ-പസഫിക് മേഖലയിലെ നാറ്റോയുടെ പങ്കാളി രാഷ്ട്രങ്ങളിലൊന്നാണ് ജപ്പാന്‍. അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനിക സംഘത്തിന്റെ ആവശ്യകതകള്‍ക്ക് അനുസൃതമായി 2027 സാമ്പത്തിക വര്‍ഷത്തോടെ, പ്രതിരോധവുമായി ബന്ധപ്പെട്ട ബജറ്റ്, ജിഡിപിയുടെ 2 ശതമാനം ആയി വര്‍ദ്ധിപ്പിക്കുമെന്ന് ജപ്പാന്‍ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ജപ്പാനും അതിന്റെ സഖ്യകക്ഷിയായ അമേരിക്കയും ‘വര്‍ദ്ധിച്ചുവരുന്ന തന്ത്രപരവും ആണവ ഭീഷണിയുമുള്ള അന്തരീക്ഷത്തെയാണ് ഇപ്പോള്‍ നേരിടുന്നതെന്ന് ഇഷിബ ഭരണകൂടം പറയുന്നു. ഒക്ടോബറില്‍ അധികാരമേറ്റ ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബ, ചൈനയില്‍ നിന്നും ഉത്തരകൊറിയയില്‍ നിന്നും ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനുള്ള മറുപടിയെന്ന നിലയിലാണ് ജപ്പാന്‍ ഇപ്പോള്‍ തങ്ങളുടെ പ്രതിരോധ ചെലവ് ഉയര്‍ത്തിയിരിക്കുന്നത്.
തായ്‌വാനും ചൈനയ്ക്കും ഇടയില്‍ സൈനിക സംഘര്‍ഷമുണ്ടായാല്‍ ജപ്പാനും അമേരിക്കയ്ക്കും തങ്ങളുടെ സൈനിക സന്നാഹത്തെ ആ മേഖലയില്‍ വിന്യസിപ്പിക്കേണ്ടി വന്നേക്കാം. ക്വാഡ് പദ്ധതിയുടെ ഭാഗമായി മിസൈല്‍ യൂണിറ്റുകള്‍ വിന്യസിക്കുന്നതിനായി ജപ്പാന്റെ തെക്കുപടിഞ്ഞാറന്‍ നാന്‍സെയ് ദ്വീപ് ശൃംഖലയില്‍ അമേരിക്കന്‍ സൈന്യം താല്‍ക്കാലിക താവളങ്ങള്‍ സ്ഥാപിക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *