Your Image Description Your Image Description
കൊച്ചി:  ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി അവതരിപ്പിച്ച ക്വിക്ക്-കൊമേഴ്‌സ് സംവിധാനമായ ഇന്‍സ്റ്റാമാര്‍ട്ടിന് കൊച്ചിയില്‍ മികച്ച പ്രതികരണം. ”ഹൗ ഇന്ത്യ സ്വിഗ്ഗീഡ് 2024 – സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് എഡീഷന്‍” എന്ന കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ കൊച്ചിയിലെ ഉപഭോക്താക്കളെക്കുറിച്ചുള്ള കൗതുകകരമായ വസ്തുതകളാണുള്ളത്. ഒരു കൊച്ചി സ്വദേശി കഴിഞ്ഞ വര്‍ഷം സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിലൂടെ 4000 പാക്കറ്റ് ചിപ്‌സ് ഓര്‍ഡര്‍ ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ രാജ്യത്ത് ചിപ്‌സുകളോട് ഏറ്റവും പ്രിയമുള്ള നഗരങ്ങളില്‍ ഒന്നായാണ് സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് കൊച്ചിയെ വിശേഷിപ്പിക്കുന്നത്.

2024ല്‍ രാജ്യത്തെ തന്നെ ഏറ്റവും വേഗത്തില്‍ നടന്ന ഡെലിവെറികളില്‍ ഒന്ന് കൊച്ചിയിലാണ്. ചുവന്ന ചീരയും നേന്ത്രപ്പഴവും പാത്രംകഴുകുന്നതിനുള്ള ജെല്ലുമാണ് ആ ഓര്‍ഡറില്‍ ഉണ്ടായിരുന്നത്. 1.1 കിലോമീറ്റര്‍ അകലെ നിന്നെത്തിയ ആ ഓര്‍ഡര്‍ വെറും 89 സെക്കന്‍ഡ് കൊണ്ട് പൂര്‍ത്തിയാക്കി. കൊച്ചി നഗരത്തില്‍ ഏറ്റവുമധികം ഓര്‍ഡര്‍ ചെയ്യപ്പെട്ട സാധനങ്ങള്‍ പാലും സവാളയും ഞാലിപ്പൂവനും നേന്ത്രപ്പഴവും മല്ലിയിലയുമാണ്. ഒരു വ്യക്തിയില്‍ നിന്ന് ഏറ്റവും മൂല്യം കൂടിയ ഓര്‍ഡര്‍ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിന് കിട്ടിയതും കൊച്ചിയില്‍ നിന്നാണ്. ധന്‍തേരസ് ദിനത്തിലാണ് കൊച്ചിയിലെ ഒരു ഉപഭോക്താവ് 22,000 രൂപ വിലയുള്ള 11.66 ഗ്രാം മലബാര്‍ വെള്ളിനാണയം ഓര്‍ഡര്‍ ചെയ്തത്. ആഘോഷകാര്യങ്ങളില്‍ കൊച്ചിക്കാര്‍ ഒട്ടും പിന്നിലല്ലെന്ന് വ്യക്തമാക്കുന്നതാണിത്. കഴിഞ്ഞ വര്‍ഷം ഒരു ഉപഭോക്താവില്‍ നിന്നും മാത്രമായി 6,18,549 രൂപയുടെ ഓര്‍ഡര്‍ ഇന്‍സ്റ്റാമാര്‍ട്ടിന് ലഭിച്ചു. കൊച്ചിയിലെ ഏറ്റവും മൂല്യമേറിയ  ഓര്‍ഡറായിരുന്നു ഇത്.

2021ലെ നവംബറില്‍ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് കൊച്ചിയില്‍ അവതരിപ്പിച്ച സമയം മുതല്‍ ജനങ്ങളില്‍ നിന്ന് മികച്ച സ്വീകരണമാണ് കിട്ടുന്നതെന്ന് സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് സിഇഒ അമിതേഷ് ജാ പറഞ്ഞു.

കൊച്ചിയില്‍ നിന്നുള്ള മറ്റ് ഓര്‍ഡറുകള്‍

  • ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ലഭിച്ച വിഭാഗങ്ങള്‍: ഡയറി, ബ്രെഡ്, മുട്ട, പഴങ്ങള്‍, പച്ചക്കറികള്‍, ശീതളപാനീയങ്ങള്‍ എന്നിവയാണ് കൊച്ചിക്കാര്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്തത്.
  • ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍: ടോണ്‍ഡ് മില്‍ക്ക് ആറ് ലക്ഷത്തോളം ഓര്‍ഡര്‍ ലഭിച്ചു. തൊട്ടുപിറകില്‍ സവാള, പഴം, മല്ലിയില എന്നിവയും.
  • വാഴപ്പഴത്തോട് കൊച്ചിക്കാര്‍ക്ക് ഏറെ പ്രിയം: ഞാലിപ്പൂവനും നേന്ത്രപ്പഴവുമാണ് കൊച്ചിക്കാര്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്ത ഫലവര്‍ഗങ്ങള്‍. പ്രാദേശിക വിഭവങ്ങളാണ് കൊച്ചിക്കാര്‍ക്ക് ഇഷ്ടമെന്ന് വ്യക്തം.
  • പാരമ്പര്യരീതികള്‍ വിട്ടുകളയാതെ തന്നെ കൊച്ചിക്കാര്‍ ആധുനികതയെ പുണരുന്ന കാഴ്ചയാണ് സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് പുറത്തുവിട്ട കണക്കുകളില്‍ കാണുന്നത്. അതിവേഗത്തില്‍ ആവശ്യവസ്തുക്കള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന സാങ്കേതികസൗകര്യം കൊച്ചിക്കാര്‍ ഏറെ ആസ്വദിക്കുന്നുണ്ട്, പ്രത്യേകിച്ച് വിശേഷപ്പെട്ട ഉത്സവദിവസങ്ങളില്‍.

ദേശീയതലത്തിലെ സുപ്രധാന കണക്കുകള്‍

  • ഏറ്റവും വലിയ തുകയ്ക്കുള്ള ഓര്‍ഡറുകള്‍ നല്‍കിയത് ഡല്‍ഹി, ഡെറാഡൂണ്‍ സ്വദേശികളായ രണ്ട് പേരാണ്. 20 ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് അവര്‍ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിലൂടെ ഇക്കൊല്ലം വാങ്ങിയത്.
  • ചെന്നൈയിലെ ഒരു വ്യക്തി ഇലക്ട്രോണിക് ഉപകരണങ്ങളും വീട്ടുപകരണങ്ങളും വാങ്ങാന്‍ 1,25,454 രൂപയാണ് ചെലവാക്കിയത്. 85 സാധനങ്ങളാണ് ആ ഓര്‍ഡറില്‍ ഉണ്ടായിരുന്നത്.
  • ധന്‍തേരസ് ദിനത്തില്‍ അഹമ്മദാബാദിലെ ഒരു വ്യക്തി 8,32,032 രൂപ വിലയുള്ള സ്വര്‍ണനാണയങ്ങള്‍ ഓര്‍ഡര്‍ ചെയ്തു.
  • രഹസ്യമായി ഓര്‍ഡര്‍ ചെയ്യാനുള്ള സംവിധാനം ഏറ്റവുമധികം ആളുകള്‍ പ്രയോജനപ്പെടുത്തിയത് രാത്രി 10നും 11നും ഇടയ്ക്കാണ്. മസാല ചിപ്‌സുകള്‍, കുര്‍ക്കുറെ, ഫ്‌ളേവേഡ് കോണ്ടം എന്നിവയാണ് ഈ ഗണത്തില്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്യപ്പെട്ടത്.
  • ഇന്ത്യയില്‍ താമസിക്കുന്ന പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി വിദേശരാജ്യങ്ങളിലിരുന്നും സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിലൂടെ ഓര്‍ഡര്‍ നല്‍കാനാകും. ഇതിനായി ഏറ്റവുമധികം സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് ഉപയോഗിക്കുന്നത് കാനഡയിലുള്ള ഇന്ത്യക്കാരാണ്. അമേരിക്ക, കുവൈറ്റ്, സിംഗപ്പൂര്‍ എന്നിവയാണ് തൊട്ടുപിറകിലുള്ള രാജ്യങ്ങള്‍.
  • 2024ല്‍ ചിപ്‌സുകള്‍ക്ക് വേണ്ടി 43 പേര്‍ 75,000 രൂപയിലധികം സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടില്‍ ചെലവഴിച്ചു. ഹൈദരാബാദ്, ചെന്നൈ, കൊച്ചി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവുമധികം ചിപ്‌സ് ഓര്‍ഡര്‍ ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *