Your Image Description Your Image Description

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ദുരുപയോഗം ചെയ്യുന്നവർക്ക് ഇനി മുട്ടൻ പണികിട്ടും. പ്രധാനമന്ത്രിയുടെ ചിത്രം ​ദുരുപയോ​ഗം ചെയ്യുന്നവർക്ക് അഞ്ച് ലക്ഷം രൂപ വരെ പിഴയും തടവുശിക്ഷയും ലഭിക്കുന്ന തരത്തിൽ നിയമനിർമ്മാണത്തിനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. പ്രധാനമന്ത്രിയുടെ ചിത്രത്തിന് പുറമേ രാഷ്ട്രപതിയുടെയും സുപ്രീംകോടതിയുടെയും ചിത്രങ്ങളുടെ ദുരുപയോ​ഗവും ദേശീയ ചിഹ്നങ്ങളുടെ അവഹേളനവും ഇതേ ശിക്ഷാപരിധിയിൽ കൊണ്ടുവരും.

ദേശീയ ചിഹ്നം അവഹേളിക്കൽ, രാഷ്ട്രപതിയുടെ ചിത്രങ്ങൾ, പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ, സുപ്രീംകോടതിയുടെ ചിത്രങ്ങൾ തുടങ്ങിയവ ദുരുപയോഗം ചെയ്യൽ എന്നീ കുറ്റങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വരെ പിഴയ്ക്കും തടവിനും വ്യവസ്ഥ ചെയ്ത് ശിക്ഷ കടുപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. ഇതിനായി നിലവിലുള്ള രണ്ട് നിയമങ്ങളെ ഒരുവകുപ്പിന് കീഴിലാക്കാൻ സർക്കാർ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. ദേശീയപതാക, സർക്കാർ വകുപ്പുകൾ ഉപയോഗിക്കുന്ന ചിഹ്നങ്ങൽ, രാഷ്ട്രപതിയുടെയും ഗവർണറുടെയും ഔദ്യോഗിക മുദ്രകൾ, മഹാത്മാഗാന്ധി, പ്രധാനമന്ത്രി എന്നിവരുടെ ചിത്രങ്ങൾ, അശോകചക്രം എന്നിവയുടെ ദുരുപയോഗം തടയുന്നതാണ് നിയമം.

നിലവിലെ നിയമപ്രകാരം ദേശീയചിഹ്നത്തെ അവഹേളിച്ചാൽ പിഴ 500 രൂപ മാത്രമായതിനാൽ ശിക്ഷ ഫലം ചെയ്യുന്നില്ലെന്നാണ് വിലയിരുത്തുന്നത്. ആഭ്യന്തരവകുപ്പ് നടപ്പാക്കുന്ന 2005ലെ ഇന്ത്യയുടെ ദേശീയചിഹ്ന (ദുരുപയോഗം തടയൽ) നിയമവും ഉപഭോക്തൃകാര്യവകുപ്പിന് കീഴിലുള്ള 1950ലെ ചിഹ്നങ്ങളും പേരുകളും (ദുരുപയോഗം തടയൽ) നിയമവും ഒരുവകുപ്പിന് കീഴിലാക്കാനാണ് ശ്രമം. അടുത്തിടെയാണ് ഇതുസംബന്ധിച്ച് ചർച്ചകൾ മന്ത്രിതലയോഗത്തിൽ നടന്നത്.ആദ്യതവണ കുറ്റം ചെയ്യുന്നവർക്ക് ഒരു ലക്ഷവും ആവർത്തിക്കുന്നവർക്ക് അഞ്ചു ലക്ഷവും പിഴയും ആറുമാസം വരെ തടവും ശിക്ഷ നൽകണമെന്ന് ഉപഭോക്തൃകാര്യവകുപ്പ് 2019ൽ നിർദ്ദേശം നൽകിയെങ്കിലും നടപ്പാക്കിയിരുന്നില്ല.

ഇന്ത്യ, കമ്മിഷന്‍, കോര്‍പ്പറേഷന്‍, ബ്യൂറോ തുടങ്ങിയ വാക്കുകള്‍ തങ്ങളുടെ പേരിനൊപ്പം ചേര്‍ക്കാന്‍ വിവിധ സന്നദ്ധസംഘടനകൾ ശ്രമിക്കുന്നുണ്ട്. ഇതിനായി ധാരാളം അപേക്ഷകളാണ് സർക്കാരിന് മുന്നിലെത്തുന്നത്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് കേന്ദ്രസർക്കാരിന്റെ പുതിയ നീക്കം. ഈയിടെ നടന്ന മന്ത്രിതലയോഗത്തിലാണ് ഇതുസംബന്ധിച്ച് ചര്‍ച്ചയുണ്ടായതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *