Your Image Description Your Image Description

കൊച്ചി : സഭ ഭക്ത സംഘടനകളുടെ അതിരുപത തല ഡയറക്ടർമാർ സഭവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് സഭ നേതൃത്വം കർശനമായി വിലക്കണമെന്ന് അൽമായ ശബ്ദം ആവശ്യപ്പെട്ടു. ഡയറക്ടർമാരായി സേവനം ചെയ്യുന്ന ഈ പുരോഹിതർ കുർബാന വിഷയത്തിൽ സംഘടന കാര്യങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും ഇടപെടുന്നതായി അൽമായ ശബ്ദം ചൂണ്ടിക്കാട്ടി. സഭയോടൊപ്പം നിൽക്കുന്ന ഭക്ത സംഘടന ഭാരവാഹികൾ ഉൾപ്പെടെ ഉള്ളവരെ സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കുന്ന പ്രവർത്തനങ്ങൾ വരെ നടക്കുന്നതായി പരാതി ഉണ്ട്. ഇത്തരം വൈദികരെ ഡയറക്ടർ സ്ഥാനത്ത് നിന്ന് അതിരുപത നേതൃത്വം ഇടപെട്ട് ഒഴിവാക്കണം.

സഭവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന വൈദീകരുടെ ആനുകൂല്യങ്ങൾ റദ്ദ് ചെയ്യണമെന്ന് അൽമായ ശബ്ദം ഭാരവാഹികളായ കൺവീനർ ബിജു പോൾ നെറ്റിക്കാടൻ, വക്താവ് ഷൈബി പാപ്പച്ചൻ എന്നിവർ പറഞ്ഞു.സഭയുടെ കാനോൻ നിയമത്തെ വിമത വൈദീകർ ക്രിസ്മസ് ദിനത്തിൽ പരസ്യമായി അവഹേളിച്ചത് അതിരൂപത കൂരിയ അതീവ ഗൗരവത്തോടെ നോക്കി കാണണം. ഇവർ തിരുപ്പട്ടം ലംഘനം നടത്തുകയും സഭാ പിതാക്കൻമാരെ അപമാനിച്ച് പരസ്യമായി തേജോവധം നടത്തുകയും ചെയ്ത വിമത വൈദികർക്കെതിരെ കൂദാശ വിലക്ക് ഉൾപ്പെടെയുള്ള ശക്തമായ ശിക്ഷ നടപടികൾ സഭ നേതൃത്വം കൈ കൊള്ളണം.

വിശുദ്ധ കുർബാനയെയും സഭ നേതൃത്വത്തെയും വെല്ലുവിളിക്കുകയും കാനോൻ നിയമത്തെ തള്ളിപ്പറഞ്ഞ ഇവർ അഡ്മിനിസ്ട്രേറേറ്റർ മാർ ബോസ്കോ പൂത്തൂരിനെ ആക്ഷേപിച്ചത് ഒട്ടും നീതികരിക്കാനാവില്ല. ഇത് സഭ പ്രബോധനങ്ങളുടെ നഗ്നമായ ലംഘനം കൂടിയാണ്.മേജർ ആർച്ച് ബിഷപ്പ്, അഡ്മിനിസ്ട്രേറേറ്റർ, അതിരൂപത കൂരിയ ഇവർ നടത്തിയ അധാർമ്മികവും, അന്യായവുമായ,നടപടി ക്രമങ്ങൾ എന്താണെന്ന് വിമത വൈദികർ അക്കമിട്ട് പരസ്യപ്പെടുത്തണമെന്ന് അൽമായ ശബ്ദം നേതാക്കളായ ബിജു പോൾ നെറ്റിക്കാടനും , ഷൈബി പാപ്പച്ചനും ആവശ്യപ്പെട്ടു.

ക്രിസ്മസ് നാളിൽ അതിരൂപത ആസ്ഥാനത്ത് സഭയെ പൊതു സമൂഹത്തിന് മുൻപാകെ അവമതിപ്പിന് ഇടയാക്കിയ വിമത വൈദികർക്ക് കൂദാശ വിലക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് അൽമായ ശബ്ദം ഭാരവാഹികൾ സഭാ നേതൃത്വത്തിന് കത്ത് നൽകി.സഭയെ അനുസരിക്കാത്ത വൈദികരെ വിശ്വാസികൾ മൊഴി ചൊല്ലണമെന്ന് അൽമായ ശബ്ദം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *