Your Image Description Your Image Description

കണ്ണൂർ: റിസോർട്ടിന് തീയിട്ടശേഷം ജീവനക്കാരൻ ആത്മഹത്യ ചെയ്തു. പാലക്കാട് സ്വദേശി പ്രേമന്‍ (67) ആണ് മരിച്ചത്. പയ്യാമ്പലത്തെ റിസോർട്ടിനു തീയിട്ടശേഷം ഇറങ്ങിയോടി തൊട്ടടുത്തുള്ള പറമ്പിലെ കിണറിന്‍റെ കയറിൽ തൂങ്ങിമരിക്കുകയായിരുന്നു. ജോലി രാജിവച്ചു പോകാൻ ഉടമ ആവശ്യപ്പെട്ടതാണ് പ്രകോപനമായതെന്നാണ് കരുതുന്നത്.

റിസോർട്ടിൻ്റെ ഹാളിൽ പെട്രോൾ ഒഴിച്ചശേഷം തീകൊളുത്തുകയായിരുന്നു. പ്രേമനും ഗുരുതരമായി പൊള്ളലേറ്റു. തീപിടുത്തത്തിൽ റിസോർട്ടിലെ വളർത്തു നായകൾ ചത്തു. റിസോർട്ടിലെ താമസക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഉത്തരേന്ത്യക്കാരായ 4 അതിഥികളാണ് റിസോർട്ടിൽ ഉണ്ടായിരുന്നത്.

പ്രേമന് പുറമേ ഒരു ജീവനക്കാരൻ കൂടി റിസോർട്ടിൽ ഉണ്ടായിരുന്നു. ആത്മഹത്യാ ഭീഷണി മുഴക്കുന്നതു കേട്ട പരിസരവാസികൾ ഫയർഫോഴ്സിൽ വിവരം അറിയിച്ചിരുന്നു. ഫയർഫോഴ്സ് വാഹനം വരുന്നത് കണ്ടപ്പോൾ ഇയാൾ പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നുവെന്ന് രക്ഷപ്പെട്ട ജീവനക്കാരൻ പറഞ്ഞു.

പൊള്ളലേറ്റ പ്രേമൻ പുറത്തേക്ക് ഓടുന്നത് ജീവനക്കാരൻ കണ്ടിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് പ്രേമനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആറു വർഷം മുൻപാണ് പ്രേമൻ റിസോർട്ടിൽ എത്തിയത്. തുടക്കം മുതലേ ഉണ്ടായിരുന്ന ആളെന്ന നിലയിലാണ് കെയർടേക്കറാക്കിയത്.

 

Leave a Reply

Your email address will not be published. Required fields are marked *