Your Image Description Your Image Description

അബുദാബി: പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കിനിൽക്കെ കർശന പരിശോധന തുടർന്ന് യുഎഇ. പൊതുമാപ്പ് കാലയളവിനുള്ളില്‍ അനധികൃത താമസക്കാര്‍ അവരുടെ താമസം നിയമവിധേയമാക്കുകയോ രാജ്യം വിട്ട് പോകുകയോ വേണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു.താമസവിസ നിയമലംഘകര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാനും താമസരേഖകൾ ശരിയാക്കാനുമുള്ള അവസരമാണിത്.

ഡിസംബര്‍ 31ന് മുമ്പ് താമസം നിയമവിധേയമാക്കാതെ രാജ്യത്ത് തുടരുന്നവര്‍ കടുത്ത ശിക്ഷ നേരിടേണ്ടി വരും. പൊതുമാപ്പ് ഇനി നീട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നിലവിലുള്ളത് അവസാന അവസരമാണെന്നും ഇത് പ്രയോജനപ്പെടുത്തണമെന്നും അധികൃതര്‍ വ്യക്തമാക്കി. സെപ്തംബര്‍ ഒന്നിന് ആരംഭിച്ച രണ്ട് മാസത്തെ പൊതുമാപ്പ് പിന്നീട് വീണ്ടും രണ്ട് മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. പൊതുമാപ്പ് കാലയളവില്‍ രാജ്യം വിടുന്നവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പുതിയ വിസയില്‍ രാജ്യത്തേക്ക് തിരികെയെത്താന്‍ അനുമതിയുണ്ട്.

അപേക്ഷകർക്ക് കാലാവധിയുള്ള പാസ്പോർട്ട് അല്ലെങ്കിൽ എംബസികളോ കോൺസുലേറ്റോ നൽകുന്ന ഔട്ട്പാസോ ഉണ്ടായിരിക്കണമെന്നും എക്സിറ്റ് പെർമിറ്റ് ലഭിച്ച ശേഷമേ വിമാനടിക്കറ്റ് ബുക്ക് ചെയ്യാവൂ എന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. എക്സിറ്റ് പാസ് ലഭിച്ചവർക്ക് രാജ്യം വിടാൻ 14 ദിവസത്തെ സാവകാശമാണ് നൽകിയിരുന്നത്. എന്നാൽ 31ന് പൊതുമാപ്പ് അവസാനിക്കുന്നതിനാൽ അതിന് മുൻപുതന്നെ രാജ്യം വിടണമെന്നാണ് നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *