Your Image Description Your Image Description

ആലപ്പുഴ : തദ്ദേശസ്ഥാപനങ്ങള്‍ക്ക് പ്രാദേശികജനതയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ വലിയ ഇടപെടലുകള്‍ നടത്താനാവുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് ‘സ്പോര്‍ട്സാണ് ലഹരി’ പദ്ധതിയുടെ ഭാഗമായി ആര്യാട് ഡിവിഷനില്‍ ആരംഭിച്ച കനോയിംഗ്-കയാക്കിംഗ് പരിശീലനത്തിനായി വാങ്ങിയ ബോട്ടുകളുടെ ഉദ്ഘാടനം അടിവാരം കിഴക്ക് കായല്‍ച്ചിറയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

തദ്ദേശസ്ഥാപനങ്ങള്‍ പ്രാദേശിക ഭരണകൂടങ്ങളാണ്. പ്രദേശിക ഭരണകൂടങ്ങള്‍ക്ക് പ്രാദേശിക ജനതയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ വലിയ ഇടപെടലുകള്‍ നടത്താന്‍ കഴിയും. സ്‌പോട്‌സാണ് ലഹരി പദ്ധതിയിലൂടെ കനോയിംഗ്-കയാക്കിംഗ് രംഗത്ത് ലോകചാമ്പ്യന്മാരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കാല്‍ കോടിയോളം രൂപ മുടക്കി ജില്ലാ പഞ്ചായത്ത് പരിശീലനത്തിന് ആവശ്യമായത്ര ബോട്ടുകള്‍ വാങ്ങി നല്‍കിയിരിക്കുന്നത്. വളരെ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതിയാണിതെന്ന് മന്ത്രി പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ മുന്‍കൈയില്‍ വളരെ വലിയ കാര്യങ്ങള്‍ ചെയ്യാനാവും എന്ന് തെളിയിക്കുകയാണ് ആലപ്പുഴ ജില്ലാ പഞ്ചായത്ത്. വികസനം എന്നാല്‍ ഇതൊക്കെ കൂടി ചേര്‍ന്നതാണ് എന്നാണ് ജില്ലാ പഞ്ചായത്ത് കാണിച്ചു നല്‍കുന്നത്. ഇത്രമേല്‍ വലിയ പദ്ധതി ഏറ്റെടുത്ത് മികച്ച രീതിയില്‍ നടപ്പാക്കുന്ന ജില്ലാ പഞ്ചായത്തിനെ ഹൃദയപൂര്‍വം അഭിനന്ദിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വിവിധ മത്സരങ്ങളില്‍ വിജയിച്ച കായികതാരങ്ങളെ ചടങ്ങില്‍ മന്ത്രി ആദരിച്ചു.
കലവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളാണ് കനോയിംഗ്-കയാക്കിംഗ് അസോസിയേഷന്റെ കീഴില്‍ ഇവിടെ പരിശീലനം നേടുന്നത്.
ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷത വഹിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രന്‍ ജഴ്സി കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി വി അജിത് കുമാര്‍ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആര്‍ റിയാസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എ ജുമൈലത്ത്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ സുയമോള്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എംഎസ് സന്തോഷ്, ആരോഗ്യവിഭ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ ഉദയമ്മ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ദീപ സുരേഷ്, ബഷീര്‍ മാക്കിനിക്കാട്, നവാസ് നൈന, മണ്ണഞ്ചേരി ജിഎച്ച്എസ് പ്രധാനാധ്യാപിക കെ ഹഫ്‌സ, കെ എം റെജി, പി ജോഷി മോന്‍, സി എച്ച് റഷീദ്, മുഹമ്മദ് മുസ്തഫ, വി വി മോഹന്‍ദാസ്, കെ എം ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *