Your Image Description Your Image Description

കാലിഫോര്‍ണിയ: ക്രിസ്‌തുമസ് തലേന്ന് ഭൂമിക്ക് അരികിലേക്ക് വിമാനത്തിന്‍റെ വലിപ്പമുള്ള ഛിന്നഗ്രഹം അതിവേഗതയില്‍ കടന്നുപോകും എന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. 120 അടി വ്യാസമാണ് ഈ ബഹിരാകാശ പാറക്കഷണത്തിന് വലിപ്പം കണക്കാക്കുന്നത്.

26-ാം തിയതി മറ്റൊരു ഛിന്നഗ്രഹവും ഭൂമിക്ക് അരികിലെത്തും. ഡിസംബര്‍ 24-ാം തിയതി 2024 എക്സ്എന്‍1 എന്ന് പേരുള്ള ഛിന്നഗ്രഹം ഭൂമിയുടെ സമീപത്തുകൂടെ കടന്നുപോകും. എന്നാല്‍ ഭൂമിക്ക് യാതൊരു ഭീഷണിയും ഈ ഛിന്നഗ്രഹം സൃഷ്ടിക്കില്ല എന്നാണ് നാസയുടെ അനുമാനം. ഭൂമിക്ക് ഏറ്റവും അടുത്തുകൂടെ കടന്നുപോകുമ്പോള്‍ പോലും 4,480,000 മൈല്‍ അകലമുണ്ടാകും എന്നത് ആശ്വാസം പകരുന്ന വാര്‍ത്തയാണ്. എങ്കിലും സഞ്ചാരപഥത്തിലെ നേരിയ വ്യത്യാസം കൊണ്ടുപോലും 2024 എക്സ്എന്‍1 ഭൂമിക്ക് പ്രശ്നങ്ങള്‍ സ‍ൃഷ്ടിച്ചേക്കാം എന്നതിനാല്‍ നാസയുടെ ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററി സൂക്ഷ്‌മമായി ഈ ഛിന്നഗ്രഹത്തെ നിരീക്ഷിച്ചുവരികയാണ്.

രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഡിസംബര്‍ 26നും വിമാനത്തിന്‍റെ വലിപ്പമുള്ള ഒരു ഛിന്നഗ്രഹം ഭൂമിക്ക് അരികിലെത്തുന്നുണ്ട്. 2024 വൈഎച്ച് എന്നാണ് ഇതിന്‍റെ പേര്. എന്നാല്‍ 2024 വൈഎച്ചും ഭൂമിയെ നോവിക്കാതെ കടന്നുപോകും. ഭൂമിക്കരികിലൂടെ കടന്നുപോകുമ്പോള്‍ ഈ ഛിന്നഗ്രഹം 2,270,000 മൈല്‍ എന്ന ഏറെ സുരക്ഷിതമായ അകലത്തിലായിരിക്കും.

ക്ഷീരപഥത്തിലെ ഭൂമിക്ക് അരികിലൂടെ കടന്നുപോകുന്ന എല്ലാ ഛിന്നഗ്രഹങ്ങളും നമുക്ക് ഭീഷണിയാവില്ല. ഭൂമിക്ക് 75 ലക്ഷം കിലോമീറ്റര്‍ അടുത്തെത്തുന്നതും കുറഞ്ഞത് 150 മീറ്ററെങ്കിലും വലിപ്പമുള്ള ഛിന്നഗ്രഹങ്ങളേ ഭൂമിക്ക് എതെങ്കിലും തരത്തില്‍ ഭീഷണി സൃഷ്ടിക്കാന്‍ സാധ്യതയുള്ളൂ. ഇതില്‍തന്നെ അപൂര്‍വ ഛിന്നഗ്രഹങ്ങളെ ഭൂമിയുടെ അന്തരീക്ഷം ഭേദിച്ച് പതിക്കാറുള്ളൂ. മിക്കവയും ഭൗമാന്തരീക്ഷത്തില്‍ വച്ചുതന്നെ കത്തിയമരാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *