Your Image Description Your Image Description

ആലപ്പുഴ: എടിഎമ്മുകളിൽ നിന്നും പല രീതികളിൽ തട്ടിപ്പു നടത്തുന്നവരുടെ സംഭവങ്ങൾ കേട്ടിട്ടുള്ളവരാണ് എല്ലാവരും. എന്നാൽ കേട്ടുകേൾവി പോലും ഇല്ലാത്ത വ്യത്യസ്തമായ തട്ടിപ്പു രീതികളുമായി വന്നിരിക്കുകയാണ് ആലപ്പുഴയിൽ രണ്ടു പേർ. കരുവാറ്റയിലെ സ്വകാര്യ എ.ടി.എമ്മില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ടു പേരാണ് തട്ടിപ്പ് നടത്തിയത്. സാധാരണ രീതിയിൽ കാര്‍ഡിട്ട് പിന്‍നമ്പര്‍ അടിച്ച ശേഷമാണ് ഇവരുടെ തട്ടിപ്പ്. മെഷിന്‍ നോട്ട് എണ്ണിത്തിട്ടപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ ഇവർ കീപാഡിലമര്‍ത്തുകയും മെഷിന്‍ കുലുക്കി മുന്‍ഭാഗം ഇളക്കുകയും ചെയ്തു. ഇങ്ങനെ ചെയ്യുമ്പോള്‍ അക്കൗണ്ടില്‍നിന്ന് പണം പോകില്ല. വിഡ്രോ ചെയ്ത് കൈയിൽ കിട്ടുകയും ചെയ്യും. 10,000 രൂപയാണ് ഇവർ എടിഎമ്മില്‍ നിന്ന് ഇങ്ങനെ തട്ടിയത്.

എടിഎം. കൗണ്ടറിനകത്തു നിന്ന് വലിയ ശബ്ദം കേട്ട സമീപത്തെ കടയുടമ ഇവിടേയ്ക്ക് എത്തിയതോടെയാണ് ഇവരുടെ തട്ടിപ്പ് കണ്ടത്. അപ്പോൾ വീണ്ടും പണം എടുക്കാനുള്ള ശ്രമത്തിലായിരുന്നു ഇവർ. കടയുടമയെ കണ്ടതോടെ ഓടി രക്ഷപെട്ടു. സംഭവത്തില്‍ ഹരിപ്പാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഈ രീതിയിലെ തട്ടിപ്പിൽ നഷ്ടമുണ്ടാകുന്നത് ബാങ്കിന് മാത്രമാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെത്തിയത് വ്യാജ നമ്പര്‍പ്ലേറ്റ് പതിപ്പിച്ച സ്‌കൂട്ടറിലാണെന്ന് കണ്ടെത്തി. പണം തട്ടിപ്പിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *