Your Image Description Your Image Description

വൈക്കം : വൈദ്യുത തൂണിലെ അറ്റകുറ്റപ്പണിക്കിടെ തൊഴിലാളിക്ക് വൈദ്യുതാഘാതമേറ്റു.
വൈക്കം കെ.എസ്.ഇ.ബി. ഓഫീസിലെ കരാർ തൊഴിലാളി തലയാഴം ഉല്ലല ദേവപ്രഭയിൽ രാമചന്ദ്ര(55)നാണ് പരിക്കേറ്റത്.

വലതുകാലിലെ തുടയിലെ മാംസം കരിഞ്ഞുപോയി. വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാമചന്ദ്രനെ വിദഗ്ധചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ ഉദയനാപുരം ചാത്തൻകുടി ക്ഷേത്രത്തിന് സമീപമാണ് അപകടം ഉണ്ടായത്. കെ.എസ്.ഇ.ബി. കരാർ തൊഴിലാളികൾ രണ്ട് സംഘങ്ങളായി തിരിഞ്ഞ് വെള്ളിയാഴ്ച രാവിലെമുതൽ അറ്റകുറ്റപ്പണി നടത്തുകയായിരുന്നു. ആദ്യസംഘം ഉദയനാപുരത്തെ പണി കഴിഞ്ഞ് തിരികെ മടങ്ങി. രണ്ടാമത്തെ സംഘം അവിടെ എത്തി ട്രാൻസ്‌ഫോർമറിലെ ഫ്യൂസ് ഊരി അവരുടെ ജോലികൾ ആരംഭിച്ചു.

ഇതിന്റെ ഭാഗമായി രാമചന്ദ്രൻ ശരീരത്ത് റോപ്പ് കെട്ടി വൈദ്യുത തൂണിൽ അറ്റകുറ്റപ്പണി നടത്തുകയായിരുന്നു. ഈ സമയം അതുവഴി പോയ ആദ്യസംഘത്തിലെ കരാർ തൊഴിലാളി ഫ്യൂസ് ഊരിവെച്ചിരിക്കുന്നത് കണ്ട് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചില്ലെന്ന് കരുതി കുത്തുകയായിരുന്നു. ഇതോടെ രാമചന്ദ്രന് വൈദ്യുതാഘാതമേറ്റു.

റോപ്പിൽ തൂങ്ങിക്കിടന്നു. ഇതുവഴി എത്തിയ ചെമ്പ് കെ.എസ്‌.ഇ.ബി. ഓഫീസിലെ ഓവർസിയർ സതീഷ് സബ് സ്റ്റേഷനിൽ വിളിച്ച് വൈദ്യുതിബന്ധം വിച്ഛേദിച്ചു. തുടർന്ന് രാമചന്ദ്രനെ മറ്റ് കരാർ തൊഴിലാളികൾ താഴെ ഇറക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കെ.എസ്.ഇ.ബി. ജീവനക്കാരുടെ അനാസ്ഥയാണ് രാമചന്ദ്രന് വൈദ്യുതാഘാതമേൽക്കാൻ കാരണമെന്നാണ് ആരോപണം.

കരാറുകാരന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് കെ.എസ്.ഇ.ബി. നൽകുന്ന വിശദീകരണം. സംഭവവുമായി ബന്ധപ്പെട്ടു വകുപ്പ് തലത്തിൽ അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *