Your Image Description Your Image Description

മലപ്പുറം : ഇരു വൃക്കകളും തകരാറിലായ മകന്റെ ചികിത്സക്ക് പണം കണ്ടെത്താന്‍ സ്വന്തം ഭൂമിയിലെ മരങ്ങള്‍ മുറിച്ചുവില്‍ക്കാന്‍ അനുമതി തേടി ഭിന്നശേഷിക്കാരന്‍. പോത്തുകല്‍ പഞ്ചായത്തിലെ വാളംകൊല്ലി മലാംകുണ്ട് സ്വദേശി ചരുകുള പുത്തന്‍വീട് ഗോപിനാഥ് എന്ന ഗോപിയാണ് ‘കരുതലും കൈത്താങ്ങും’ നിലമ്പൂര്‍ താലൂക്ക്തല അദാലത്തില്‍ മന്ത്രിമാരെ കണ്ട് പരിഹാരം തേടിയത്. മൂത്ത മകന്‍ സുശീലന്റെ ചികിത്സക്കായാണ് ഗോപി് തന്റെ പേരിലുള്ള മൂന്നേക്കര്‍ ഭൂമിയിലെ 65 തേക്ക് മരങ്ങളും പ്ലാവ്, മാവ് തുടങ്ങിയവയും മുറിച്ചുവില്‍ക്കാന്‍ അനുമതി തേടിയത്.

വനഭൂമിയുമായി അതിര്‍ത്തി പങ്കിടുന്ന ഭൂമിയില്‍ സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കുകയോ അതിര്‍കല്ലുകള്‍ സ്ഥാപിക്കുകയോ ചെയ്തിട്ടില്ലെന്നും സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ച് വനാതിര്‍ത്തി നിശ്ചയിച്ചാല്‍ മാത്രമേ നിയമാനുസൃതം മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കാനാവൂവെന്നുമാണ് നിലമ്പൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ഗോപിയെ അറിയിച്ചിരുന്നത്. തനിക്ക് 1977ല്‍ പട്ടയം ലഭിച്ചതിന്റെയും നികുതി അടക്കുന്നതിന്റെയും രേഖകള്‍ മന്ത്രി വി. അബ്ദുറഹ്‌മാനെ കാണിച്ച ഗോപി, സാമ്പത്തികമായി കടുത്ത പ്രയാസം അനുഭവിക്കുകയാണെന്നും നാട്ടുകാരുടെ സഹായത്തോടെയാണ് ഇപ്പോള്‍ മകന്റെ ചികിത്സ തുടരുന്നതെന്നും മന്ത്രിയെ അറിയിച്ചു.

1983ല്‍ കാട്ടുപന്നിക്ക് വെച്ച വെടികൊണ്ട്് ഗോപിനാഥിന്റെ ഇടതുകാല്‍ മുറിച്ചുമാറ്റേണ്ടിവന്നിരുന്നു. കാട്ടാന കയറി പല മരങ്ങളും നശിപ്പിച്ചെന്നും പ്രളയത്തില്‍ റബര്‍ കൃഷിയടക്കം നശിച്ചെന്നും അദ്ദേഹം മന്ത്രിയെ ബോധിപ്പിച്ചു. റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അടിയന്തമായി ഭൂമി പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. മകന്റെ ചികിത്സക്ക് വിവിധ പദ്ധതികള്‍ ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോടും നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *