Your Image Description Your Image Description

മുംബൈ : കളിക്കളത്തിൽ നിരവധി ആരാധകരുള്ള ഇടംകയ്യൻ പേസ് ബോളർ സഹീർ ഖാന്റെ ബോളിങ് ആക്ഷനുമായി സാമ്യമുള്ള ഒരു ഗ്രാമീണ പെൺകുട്ടിയുടെ വിഡിയോ പങ്കുവച്ച് സൂപ്പർതാരം സച്ചിൻ തെൻഡുൽക്കർ. സഹീർ ഖാൻ്റെ ബോളിങ് ആക്ഷനുമായി സാമ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തെ ടാഗ് ചെയ്തുകൊണ്ടാണ് എക്സിൽ സച്ചിൻ ഇത്തരമൊരു വിഡിയോ പങ്കുവച്ചത്. ഇത് ഭംഗിയുള്ള ആക്ഷനാണെന്ന് സഹീർ ഖാൻ മറുപടി കൂടി നൽകിയതോടെ സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായി.

രാജസ്ഥാനിലെ പ്രതാപ്‌ഗഢ് ജില്ലയിൽ നിന്നുള്ള സുശീല മീണ എന്ന പെൺകുട്ടിയാണ് ഇവർ പങ്കുവച്ച പോസ്റ്റുകളിലെ താരം. സഹീർ ഖാനെ ഓർമിപ്പിക്കുന്ന ബോളിങ് ആക്ഷനുമായി ഈ പെൺകുട്ടി ബോൾ ചെയ്യുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. സ്‌കൂൾ യൂണിഫോം എന്നു തോന്നിക്കുന്ന വസ്ത്രം ധരിച്ച്, ചെരിപ്പുപോലും ഇല്ലാതെയാണ് സുശീലയുടെ ബോളിങ്.

“സുഗമം, ആയാസരഹിതം, കണ്ടിരിക്കാനും രസകരം. സുശീല മീണയുടെ ബോളിങ് ആക്ഷൻ താങ്കളുടെ ബോളിങ് ആക്ഷനെ ഓർമിപ്പിക്കുന്നു. താങ്കൾക്ക് അങ്ങനെ തോന്നുന്നുണ്ടോ?” – സഹീർ ഖാനെ ടാഗ് ചെയ്ത് സച്ചിൻ കുറിച്ചു.

പിന്നാലെ സഹീർ ഖാന്റെ മറുപടിയുമെത്തി. “താങ്കളല്ലേ ഇത്തരമൊരു സമാനത ചൂണ്ടിക്കാട്ടുന്നത്. അതിനോട് ഞാൻ എങ്ങനെ യോജിക്കാതിരിക്കും. അവളുടെ ബോളിങ് ആക്ഷൻ ആയാസമില്ലാത്തതും സുന്ദരവുമാണ്. നല്ല ഭാവിയുള്ള താരമാണെന്ന് ഇതിനകം സൂചന നൽകിക്കഴിഞ്ഞു’ – സഹീർ ഖാൻ കുറിച്ചു

Leave a Reply

Your email address will not be published. Required fields are marked *