Your Image Description Your Image Description

ബെയ്‌ജിങ്: ബഹിരാകാശ നടത്തത്തിൽ അമേരിക്കയെ തോൽപ്പിച്ച് ചൈന. ബഹിരാകാശ നടത്തം എന്നറിയപ്പെടുന്ന എക്‌സ്‌ട്രാ വെഹിക്കുലാർ ആക്‌റ്റിവിറ്റി (ഇവിഎ)യിലാണ് അമേരിക്കയുടെ റെക്കോഡിനെ ചൈനീസ് ബഹിരാകാശ സഞ്ചാരികൾ മറികടന്നത്. ചൈനയുടെ ടിയാങ്‌ഗോങ് ബഹിരാകാശ നിലയത്തിന് പുറത്താണ് കായ് സൂഷെ, സോംഗ് ലിംഗ്‌ഡോംഗ് എന്നിവർ ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ നടത്തം പൂർത്തിയാക്കിയത്. ഒമ്പത് മണിക്കൂറാണ് ഇരുവരും ടിയാങ്‌ഗോങ് ബഹിരാകാശ നിലയത്തിന് പുറത്ത് ചിലവഴിച്ചത്.

ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ നടത്തമാണ് ഇതെന്ന് ചൈന മാൻഡ് സ്പേസ് ഏജൻസി (സിഎംഎസ്എ) വ്യക്തമാക്കി. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ റിപ്പോർട്ട് പ്രകാരം ട്ട് മണിക്കൂറും 56 മിനിറ്റുമാണ് ഏറ്റവും ​ദൈർഘ്യമേറിയ ബഹിരാകാശ നടത്തം. 2001 മാർച്ച് 12-ന് യുഎസ് ബഹിരാകാശയാത്രികരായ ജെയിംസ് വോസും സൂസൻ ഹെൽസുമാണ് ഈ റെക്കോഡ് സ്ഥാപിച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഒരു ദൗത്യത്തിനിടെ ഇരുവരും സ്‌പേസ് ഷട്ടിൽ ഡിസ്‌കവറിക്ക് പുറത്ത് എട്ട് മണിക്കൂറും 56 മിനിറ്റും ചെലവഴിച്ചത്. ‌

ചൈനയുടെ ബഹിരാകാശ പര്യവേക്ഷണ യാത്രയിലെ നാഴികക്കല്ല് കൂടിയാണ് റെക്കോർഡുകൾ തകർത്ത ബഹിരാകാശ നടത്തം. ബഹിരാകാശ നടത്തത്തിൻറെ വീഡിയോ ദൃശ്യങ്ങൾ ചൈനയുടെ ബഹിരാകാശ ബ്രോഡ്കാസ്റ്റർ സിസിടിവി പുറത്തുവിട്ടു. രണ്ട് ബഹിരാകാശ യാത്രികരും ടിയാൻഗോങ്ങിലെ വെൻറിയൻ ലാബ് മൊഡ്യൂളിൽ നിന്ന് സുരക്ഷാ കേബിളുകൾ കൊണ്ട് ഘടിപ്പിച്ച് പുറത്തേക്ക് പോകുന്നത് വീഡിയോയിൽ കാണാം.

സൗത്ത് ചൈന മോണിംഗ് പോസ്റ്റിന്റെ റിപ്പോർട്ടനുസരിച്ച് ഈ ദൗത്യം രണ്ട് ബഹിരാകാശ സഞ്ചാരികൾക്ക്, പ്രത്യേകിച്ച് പീപ്പിൾസ് ലിബറേഷൻ ആർമിയിലെ (പിഎൽഎ) മുൻ യുദ്ധവിമാന പൈലറ്റായ സോങ്ങിൻറെ വ്യക്തിപരമായ നാഴികക്കല്ലായിരുന്നു. 1990-കളിൽ ജനിച്ച അദേഹം ആദ്യത്തെ ചൈനീസ് ബഹിരാകാശ സഞ്ചാരിയാണ്. ടിയാൻഗോങ്ങിൽ മിഷൻ കമാൻഡർ കായുടെ രണ്ടാമത്തെ ബഹിരാകാശ നടത്തമായിരുന്നു ഇത്. ഷെൻസോ-14 ക്രൂവിൻറെ ഭാഗമായി 2022 നവംബറിൽ അദേഹം 5.5 മണിക്കൂർ ബഹിരാകാശ നടത്തം പൂർത്തിയാക്കിയിരുന്നു.

ഒക്‌ടോബർ അവസാനത്തോടെയാണ് ഷെൻഷൗ-19-ൻറെ ജീവനക്കാർ ടിയാൻഗോങ്ങിൽ എത്തിയത്. 2025 ഏപ്രിൽ അവസാനമോ മെയ് ആദ്യമോ ഇവർ ഭൂമിയിലേക്ക് മടങ്ങും. ഇന്നർ മംഗോളിയയിലെ ഡോങ്‌ഫെങ് സൈറ്റിൽ സഞ്ചാരികൾ ഇറങ്ങുമെന്നാണ് റിപ്പോർട്ട്. അതുവരെ ദൗത്യത്തിൻറെ ഭാഗമായി കൂടുതൽ ബഹിരാകാശ നടത്തങ്ങൾ നടന്നേക്കുമെന്ന് സിഎംഎസ്എ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *