Your Image Description Your Image Description

ഇതു കണ്ടാൽ നിങ്ങൾ ഞെട്ടും, അവിടുത്തെ കാഴ്ച അത്ഭുതപ്പെടുത്തുന്നത് തുടങ്ങിയ ഹെഡ് ലൈനും തമ്പ് നെയിലും കൊടുത്തു യൂട്യൂബിൽ വീഡിയോ ഇടുന്നവാരാണോ നിങ്ങൾ? കാഴ്ചക്കാരെ കൂട്ടാനുള്ള ഇത്തരം സൂത്രപ്പണികൾ ഇനി നടക്കില്ല. യൂട്യൂബ് നിങ്ങൾക്കെതിരെ നടപടിയെടുക്കും. വീഡിയോയില്‍ ഉള്‍പ്പെടുത്താത്ത വാഗ്ദാനങ്ങളും അവകാശവാദങ്ങളും ശീര്‍ഷകത്തിലും തമ്പ് നെയിലിലും കാണിക്കാന്‍ പാടില്ലെന്നാണ് യൂട്യൂബ് പറയുന്നത്. പ്രത്യേകിച്ചും പുതിയ വാര്‍ത്തകളുമായും സമകാലീന വിഷയങ്ങളുമായും ബന്ധപ്പെട്ട വീഡിയോകളില്‍.

കാഴ്ചക്കാരെ കൂട്ടാന്‍ വേണ്ടി ശീര്‍ഷകത്തിലും തമ്പ് നെയിലിലും വീഡിയോയുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ പറയുന്ന രീതിയാണ് ഭൂരിഭാഗം ക്രീറ്റർമാരും ചെയ്യുന്നത്. ക്ലിക്ക് ബെയ്റ്റുകള്‍ എന്നാണ് ഇതിനെ വിളിക്കുന്നത്. ഇത്തരം കണ്ടെന്റുകൾ കാഴ്ചക്കാരെ കബളിപ്പിക്കുകയാണെന്നു യൂട്യൂബ് വിലയിരുത്തുന്നു. പ്രധാനപ്പെട്ട വിവരങ്ങള്‍ യൂട്യൂബില്‍ തിരയുമ്പോഴാവും അതുമായി യാതൊരു ബന്ധവുമില്ലാത്ത വീഡിയോകള്‍ പ്രത്യക്ഷപ്പെടുക. ഇതുപോലുള്ള വീഡിയോകൾ പരിശോധിക്കാനാണ് യൂട്യൂബിന്റെ തീരുമാനം. ഏതെങ്കിലും പ്രാദേശിക സംഘടനയുടെ പ്രസിഡന്റ് രാജി വെച്ചാല്‍ ‘പ്രസിഡന്റ് രാജിവെച്ചു’ എന്ന് വലിയ തലക്കെട്ടിലും തമ്പ് നെയിലിലും നല്‍കിയാല്‍ പ്രസിഡന്റ് ഭരിക്കുന്ന നാടുകളിലെ ആളുകള്‍ ഒന്ന് ഞെട്ടും. അത് പക്ഷെ ഒരു തരം തെറ്റിദ്ധരിപ്പിക്കലാണ്, സമാനമായ വാചകങ്ങള്‍ തമ്പ്നെയിലിലും ശീര്‍ഷകത്തിലും ഉപയോഗിക്കുന്നത് വിലക്കും.

ഇത്തരത്തിലുള്ള വീഡിയോ കണ്ടെന്റുകളുടെ പ്രചാരം യൂട്യൂബ് നിയന്ത്രിക്കും. നടപടികൾ വരുന്നതിനു മുൻപ് യൂട്യൂബർക്ക് തിരുത്തലുകൾ വരുത്താൻ അവസരമുണ്ട്. അങ്ങനെയെങ്കിൽ ചാനലിനെതിരെ നടപടിയുണ്ടാവില്ല. എന്നാല്‍, ഇത്തരം ക്ലിക്ക് ബെയ്റ്റുകള്‍ കണ്ടെത്താനും നടപടി സ്വീകരിക്കാനും എന്ത് മാനദണ്ഡമാണ് സ്വീകരിക്കുകയെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നടപടികൾ നേരിടേണ്ടി വന്നാൽ ക്രിയേറ്റര്‍മാര്‍ പിന്നീട് ചെയ്യേണ്ട കാര്യങ്ങളും കമ്പനി പുറത്തുവിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *