Your Image Description Your Image Description

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കുകളില്‍ ഒന്നായ ആക്സിസ് ബാങ്ക്, ഭാവി ഒളിമ്പ്യന്‍മാരെ പിന്തുണയ്ക്കാന്‍ ലക്ഷ്യമിട്ട് ഒജിക്യൂ-ഫൗണ്ടേഷന്‍ ഫോര്‍ പ്രൊമോഷന്‍ ഓഫ് സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് (എഫ്പിഎസ്ജി), ഇന്‍സ്പയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട് (ഐഐഎസ്) എന്നിവയുമായി ധാരണാപത്രം ഒപ്പിട്ടു.

നിലവിലുള്ള അത്ലറ്റുകളെ ഉയര്‍ന്ന തലത്തില്‍ മത്സരിപ്പിക്കുന്നതിനും, യുവ ഇന്ത്യന്‍ അത്ലറ്റുകളെ പരിപോഷിപ്പിക്കുന്നതിനുമാണ് ഇരു പങ്കാളിത്തവും ലക്ഷ്യമിടുന്നത്. ബാങ്കിന്‍റെ സിഎസ്ആര്‍ പദ്ധതിക്ക് കീഴില്‍ ഇതാദ്യമായാണ് കായികരംഗത്തെ പിന്തുണയ്ച്ചുള്ള പങ്കാളിത്തമെന്നതും ശ്രദ്ധേയമാണ്.

ഒജിക്യൂ-എഫ്പിഎസ്ജിയുമായുള്ള പങ്കാളിത്തത്തിലൂടെ ആര്‍ച്ചറി, ബാഡ്മിന്‍റണ്‍, ബോക്സിങ്, ഷൂട്ടിങ്, ഗുസ്തി, അത്ലറ്റിക്സ്, സ്വിമ്മിങ്, ടേബിള്‍ ടെന്നീസ്, വെയ്റ്റ്ലിഫ്റ്റിങ്, സ്ക്വാഷ് തുടങ്ങി രാജ്യത്തിന് മെഡല്‍ സാധ്യതയുള്ള പത്ത് ഒളിമ്പിക്സ് ഇനങ്ങളിലും, അത്ലറ്റിക്സ്, ആര്‍ച്ചറി, ബാഡ്മിന്‍റണ്‍, ഷൂട്ടിങ്, പവര്‍ലിഫ്റ്റിങ്, ടേബിള്‍ ടെന്നീസ്, കനോയ്, ബ്ലൈന്‍ഡ് ജൂഡോ എന്നീ എട്ട് പാരാലിംപിക്സ് ഇനങ്ങളിലും നാലു വര്‍ഷത്തേക്ക് 150 അത്ലറ്റുകള്‍ക്ക് ആക്സിസ് ബാങ്ക് പിന്തുണ നല്‍കും. അത്യാധുനിക കളി ഉപകരണങ്ങള്‍, വിദഗ്ധ പരിശീലനം, ന്യൂട്രീഷണല്‍ ഗൈഡിങ്, ഇഞ്ചുറി റീഹാബിലിറ്റേഷന്‍ പ്രോഗ്രാം തുടങ്ങിയ സേവനങ്ങള്‍ അത്ലറ്റുകള്‍ക്ക് ലഭ്യമാവും.

ഐഐഎസുമായി സഹകരിച്ച് ഇന്ത്യയിലെ ജൂഡോ പ്രതിഭകളുടെ തട്ടകമായി കണക്കാക്കുന്ന മണിപ്പൂരില്‍ ജൂഡോ ഡെവലപ്മെന്‍റ് പ്രോഗ്രാം ആരംഭിക്കാനാണ് ആക്സിസ് ബാങ്ക് ലക്ഷ്യമിടുന്നത്. യുവ ജൂഡോക്കകള്‍ക്കും (ജൂഡോ പരിശീലിക്കുന്നവര്‍) അടിസ്ഥാന വികസനത്തിന് പിന്തുണ നല്‍കാനും, അവര്‍ക്ക് മികച്ച പരിശീലനത്തിനും പരിശീലന സൗകര്യങ്ങളിലേക്കുമുള്ള ആഭിമുഖ്യം മെച്ചപ്പെടുത്താനും, മികച്ച ഒരു ജൂഡോ താരനിരയെ സൃഷ്ടിക്കാനും മൂന്ന് വര്‍ഷത്തെ പ്രോഗ്രാമിലൂടെ ആക്സിസ് ബാങ്ക് ലക്ഷ്യമിടുന്നു. മണിപ്പൂരില്‍ നിന്നുള്ള 50 യുവ ജൂഡോകകള്‍ക്കും, ഇന്ത്യയിലുടനീളമുള്ള 40 വനിതാ ജൂഡോകകള്‍ക്കും ഈ പ്രോഗ്രാമിലൂടെ പരിശീലനം ലഭിക്കും.

ഇന്ത്യയിലെ ഊര്‍ജസ്വലമായ സ്പോര്‍ട്സ് മേഖലയെ പിന്തുണയ്ക്കുന്നതിനായി ഒജിക്യൂ പ്രോഗ്രാമുമായും ഇന്‍സ്പയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ടുമായും പങ്കാളിയാകുന്നതില്‍ ആക്സിസ് ബാങ്കിന് ഏറെ സന്തോഷമുണ്ടെന്ന് ആക്സിസ് ബാങ്കിന്‍റെ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഫോര്‍ സ്ട്രാറ്റജിക് പ്രോഗ്രാംസ് ആന്‍ഡ് സസ്റ്റയിനബിലിറ്റി വിജയ് മുല്‍ബാഗല്‍ പറഞ്ഞു.

രാജ്യത്തിന്‍റെ കായികമികവിനായി സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്), നാഷണല്‍ സ്പോര്‍ട്സ് ഫെഡറേഷന്‍ (എന്‍എസ്എഫ്) എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഒജിക്യുവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ആക്സിസ് ബാങ്കിന്‍റെ പ്രതിബദ്ധത തങ്ങളുടെ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നുവെന്ന് ഒജിക്യൂ-ഫൗണ്ടേഷന്‍ ഫോര്‍ പ്രൊമോഷന്‍ ഓഫ് സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസിന്‍റെ എംഡിയും സിഇഒയുമായ വിരേന്‍ റാസ്ക്വിന്‍ഹ അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ സ്പോര്‍ട്സ് മേഖലയെ അതിന്‍റെ യഥാര്‍ഥ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സഹായിക്കുന്നതിന് കോര്‍പ്പറേറ്റ് ഇന്ത്യയുടെ പിന്തുണ അത്യന്താപേക്ഷിതമാണെന്ന് ഇന്‍സ്പയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സ് പ്രസിഡന്‍റ് മനീഷ മല്‍ഹോത്ര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *