Your Image Description Your Image Description

ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന് ഇന്ത്യയില്‍ ആരാധകര്‍ ഏറെയാണ്. ബാവേറിയന്‍ ബ്രാന്‍ഡില്‍ നിന്നുള്ള മുന്‍നിര ആഡംബര സെഡാന്‍ ആണ് ബിഎംഡബ്ല്യു 740i M സ്‌പോര്‍ട് (BMW 740i M Sport).

അതുകൊണ്ട് തന്നെ ലോകത്തെ സമ്ബന്നരായ സെലിബ്രിറ്റികളും ബിസിനസുകാരുമാണ് ഈ കാര്‍ അധികവും വാങ്ങുന്നത്. ഉപഭോക്താക്കള്‍ക്ക് സമാനതകളില്ലാത്ത സുഖസൗകര്യങ്ങളും മോഡേണ്‍ സാങ്കേതികവിദ്യയും ഇത് വാഗ്ദാനം ചെയ്യുന്നു. നിലവില്‍ 1.81 കോടി രൂപയാണ് ഈ കാറിന്റെ എക്സ്ഷോറൂം വില. ഈ ആഡംബര സെഡാന്‍ നിരത്തിലെത്തിക്കാന്‍ 2 കോടി രൂപയ്ക്ക് മുകളില്‍ മുടക്കണം.

വില കണ്ട് ഞെട്ടേണ്ട കാര്യമില്ല. പണത്തിനൊത്ത ഫീച്ചറുകള്‍ ഈ കാറില്‍ ജര്‍മന്‍ ബ്രാന്‍ഡ് സജ്ജീകരിച്ചിരിക്കുന്നു.ബിഎംഡബ്ല്യു ‘ഐക്കണിക് ഗ്ലോ’ ഇല്യൂമിനേറ്റഡ് കിഡ്നി ഗ്രില്‍, ബിഎംഡബ്ല്യു സ്വരോവ്സ്‌കി ക്രിസ്റ്റല്‍ ഹെഡ്ലൈറ്റ് ഐക്കോണിക് ഗ്ലോ, 14.9 ഇഞ്ച് ബിഎംഡബ്ല്യു കര്‍വ്ഡ് ഡിസ്‌പ്ലേ, ബിഎംഡബ്ല്യു ഇന്ററാക്ഷന്‍ ബാര്‍, ഹാന്‍ഡ്ക്രാഫ്റ്റ്ഡ് മെറ്റീരിയലുകള്‍, ലോഞ്ച് സീറ്റിംഗ്, ഇന്റഗ്രേറ്റഡ് ടച്ച്‌സ്‌ക്രീനുകളുള്ള റിയര്‍ ഡോറുകള്‍, 1,965-വാട്ട് ബോവേഴ്സ് & വില്‍കിന്‍സ് 4D ഡയമണ്ട് സറൗണ്ട് ഓഡിയോ സിസ്റ്റം എന്നിവയാണ് പ്രധാന സവിശേഷതകള്‍.

റിയര്‍ പാസഞ്ചര്‍ കംപാര്‍ട്‌മെന്റിലെ 31.3 ഇഞ്ച് 8K റെസല്യൂഷന്‍ തീയറ്റര്‍ സ്‌ക്രീനാണ് അകത്തെ പ്രധാന ഹൈലൈറ്റുകളില്‍ ഒന്ന്. ആമസോണ്‍ ഫയര്‍ ടിവിയോടൊപ്പമാണ് ഇത് വരുന്നത്. ഈ ബിഎംഡബ്ല്യു സെഡാന്‍ അകത്തെ സുഖസൗകര്യങ്ങളുടെ കാര്യത്തില്‍ മാത്രമല്ല അതിഗംഭീര പെര്‍ഫോമന്‍സുമുള്ള വാഹനമാണ്. ശക്തമായ 3.0 ലിറ്റര്‍ ഇന്‍ലൈന്‍-6 ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 375 bhp പവറും 520 Nm പീക്ക് പവറും ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമാണ്.

ബിഎംഡബ്ല്യുവിന്റെ മുഖമുദ്രയായ xDrive സാങ്കേതികവിദ്യ വഴി നാല് വീലുകളിലേക്കും പവര്‍ അയക്കുന്ന ഒരു സ്പോര്‍ട്ടി 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍ ഡ്യൂട്ടി നിര്‍വഹിക്കുന്നത്. ഈ കാരണങ്ങള്‍ കൊണ്ട് എല്ലാം തന്നെ ലോകത്തിലെ പണക്കാരായ ആളുകളും സെലിബ്രിറ്റികളും ഈ കാര്‍ സ്വന്തമാക്കുന്നു. ഇന്ത്യയിലെ ഏറ്റവും തലമുതിര്‍ന്ന നടന്‍മാരില്‍ ഒരാളും ഏറ്റവും വലിയ പ്രൊഡക്ഷന്‍ ഹൗസിന്റെ മുതലാളിയുമായ ആള്‍ ഇപ്പോള്‍ ഈ കാറില്‍ വന്നിറങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

അത് മറ്റാരുമല്ല ഒരുകാലത്ത് ബോളിവുഡിലെ വിജയ നായകനായ ജിതേന്ദ്രയാണ്. ഒരിക്കല്‍ ബോളിവുഡില്‍ ചോക്ലേറ്റ് ഹീറോയായി തിളങ്ങി നിന്ന നടനാണ് ജിതേന്ദ്ര.സെലിബ്രിറ്റികളുടെ കാറുകളെയും ലൈഫ്‌സ്‌റ്റൈലിനെയും കുറിച്ചുള്ള വീഡിയോസ് പങ്കുവെക്കുന്ന കാര്‍സ് ഫോര്‍യൂ എന്ന യൂട്യൂബ് ചാനലിലാണ് ജിതേന്ദ്ര ബിഎംഡബ്ല്യു 740i M സ്‌പോര്‍സ് കാറില്‍ വന്നിറങ്ങുന്ന ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. കാറില്‍ നിന്ന് പുറത്തിറങ്ങി പാപ്പരാസികളുമായി സംസാരിക്കുകയും ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്യുന്നു.

കുറച്ച്‌ മാസങ്ങള്‍ക്ക് മുമ്ബ് ജിതേന്ദ്ര ഒരു പുത്തന്‍ റേഞ്ച് റോവറില്‍ ചുറ്റിക്കറങ്ങുന്നത് കണ്ടിരുന്നു. 1964ല്‍ ഗീത് ഗയാ പാത്രോണ്‍ നേ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ അരങ്ങേറ്റം കുറിച്ചത്. കരിയറില്‍ ഇരുന്നൂറോളം സിനിമകള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. അതില്‍ 121-ഓളം സിനിമകളും ബോക്സോഫീസില്‍ ഹിറ്റായിരുന്നു. ഇന്ത്യയുടെ ‘ജമ്ബിംഗ് ജാക്ക്’ എന്നാണ് നടന്‍ അറിയപ്പെടുന്നത്. 1960 മുതല്‍ 1980 വരെയുള്ള കാലത്ത് തുടര്‍ച്ചയായി ഹിറ്റുകള്‍ സൃഷ്ടിച്ചു.

അടുത്ത കാലത്തായി സിനിമകളില്‍ അത്ര സജീവമല്ലാത്ത ജിതേന്ദ്ര 2020-9 ഷര്‍മന്‍ ജോഷിയും ആശ നേഗിയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ബാരിഷ് എന്ന റെമാന്റിക് വെബ്‌സീരീസിലൂടെ ഡിജിറ്റല്‍ രംഗത്തും അരങ്ങേറ്റം കുറിച്ചിരുന്നു. വെള്ളിത്തിരയില്‍ തിളങ്ങി നിന്നിരുന്ന കാലത്ത് ബോളിവുഡിലെ താരറാണിമാരുടെ എല്ലാം പേരുകള്‍ ജിതേന്ദ്രയുടെ കൂടെ ചേര്‍ത്ത് വായിക്കപ്പെട്ടിരുന്നു. ഹേമമാലിനി, രേഖ, ശ്രീദേവി എന്നിവര്‍ ജിതേന്ദ്രയുമായി ഗോസിപ്പ് കോളത്തില്‍ സ്ഥിരമായി പേരുകള്‍ വന്ന നടിമാരാണ്. നടി ശോഭാ കപൂറാണ് ഇദ്ദേഹത്തിന്റെ ഭാര്യ.

നിര്‍മാതാവായ ഏക്ത കപൂറും നടന്‍ തുഷാര്‍ കപൂറുമാണ് മക്കള്‍. വര്‍ഷങ്ങളായി അഭിനയരംഗത്ത് നിന്ന് വിട്ടുനിന്നെങ്കിലും 1512 കോടി രൂപയുടെ സ്വത്തിന്റെ ഉടമയാണ് അദ്ദേഹം.ബാലാജി ടെലിഫിലിംസ്, ആള്‍ട്ട് ബാലാജി, ബാലാജി മോഷന്‍ പിക്‌ചേഴ്‌സ് എന്നിവയുടെ ഉടമയാണ് ജിതേന്ദ്ര. ഈ പ്രൊഡക്ഷന്‍ ഹൗസുകളില്‍ നിന്ന് പ്രതിവര്‍ഷം 300 കോടി രൂപയാണ് അദ്ദേഹം സമ്ബാദിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *