Your Image Description Your Image Description

അഹമ്മദാബാദ്: സംസ്കരിച്ച ധാന്യങ്ങൾ കൊണ്ടുള്ള പാക്കറ്റുകളിൽ ഒളിപ്പിച്ച് കടത്തിയ കോടികളുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. മണ്ണില്ലാ കൃഷി രീതിയിലൂടെയുള്ള 10 കിലോ കഞ്ചാവാണ് ഓറിയോ, കെല്ലോഗ്സ്, ഹുറ അടക്കമുള്ള സെറീൽ പാക്കറ്റുകളിൽ നിന്ന് കണ്ടെത്തിയത്. അന്താരാഷ്ട്രാ മാർക്കറ്റിൽ 10 കോടിയോളം വില വരുന്നവയാണ് ഗുജറാത്തിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരിൽ നിന്നും പിടികൂടിയത്.

ഡിആർഐ സംഘമാണ് ചൊവ്വാഴ്ച രണ്ട് യാത്രക്കാരെ കഞ്ചാവുമായി പിടികൂടിയത്. ബാങ്കോക്കിൽ നിന്ന് എത്തിയ ഇന്ത്യൻ പൌരന്മാരെയാണ് ഡിആർഐ അറസ്റ്റ് ചെയ്തത്. ഇവരുടെ ചെക്കിൻ ലഗേജിൽ തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു ബ്രേക്ക് ഫാസ്റ്റ് സെറീലുകളുടെ ബോക്സ് ഉണ്ടായിരുന്നത്.

കഞ്ചാവ് എയർ ടൈറ്റ് ചെയ്ത പോളിത്തീൻ പാക്കറ്റുകളിലാക്കി വച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. പച്ച നിറത്തിലുള്ള വസ്തു ലാബിൽ നടത്തിയ ടെസ്റ്റിലാണ് ഇത് കഞ്ചാവാണ് എന്ന് തിരിച്ചറിയുന്നത്. മറ്റൊരു സംഭവത്തിൽ അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് തായ്ലാൻഡ് സ്വദേശിയിൽ നിന്ന് 6 കിലോ ലഹരി വസ്തുവാണ് കസ്റ്റംസും ഡിആർഐയും സംയുക്തമായി നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. 6 കോടി വിലവരുന്ന ലഹരിവസ്തുക്കൾ ലഗേജിൽ ആയിരുന്നു തായ്ലാൻഡ് സ്വദേശി ഒളിച്ച് വച്ചിരുന്നത്. ഇയാളെ അറസ്റ്റ് ചെയ്ത് പൊലീസിന് കൈമാറി.

സമാനമായ സംഭവത്തിൽ വിസാ നിയമങ്ങൾ അടക്കം ലംഘിച്ച് ബെംഗളൂരുവിൽ രാസ ലഹരി വിൽപന നടത്തിയിരുന്ന നൈജീരിയൻ യുവതി അറസ്റ്റിലായത് കഴിഞ്ഞ ദിവസമാണ്. ബെംഗളൂരുവിലെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് പിടികൂടിയത് 24 കോടി രൂപയുടെ എംഡിഎംഎയും മറ്റ് രാസ ലഹരി വസ്തുക്കളുമായിരുന്നു. വിതരണത്തിന് തയ്യാറാക്കിയ നിലയിലുള്ള ലഹരിമരുന്നാണ് പൊലീസ് പിടികൂടിയത്. 12 കിലോ എംഡിഎംഎയാണ് നെജീരിയൻ യുവതിയിൽ നിന്ന് പിടികൂടിയത്. ചൊവ്വാഴ്ചയാണ് വലിയ രീതിയിലുള്ള ലഹരിമരുന്ന് ഇടപാട് പൊലീസ് കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *