Your Image Description Your Image Description

ദമാസ്കസ്: അസദ് ഭരണം അട്ടിമറിച്ചതിന് പിന്നാലെ സിറിയയിലുള്ള റഷ്യയുടെ സൈനിക താവളങ്ങൾ ഭീഷണിയിൽ. റഷ്യയുടെ നിയന്ത്രണത്തിലുള്ള സിറിയയിലെ ടർടസ് നേവൽ ബേസും ഹമെമിം എയർ ബേസുമാണ് സുരക്ഷാ ഭീഷണി നേരിടുന്നത്. ആഫ്രിക്കയിലേയും മിഡിൽ ഈസ്റ്റിലേയും പ്രവർത്തനങ്ങളിൽ ഈ തവളങ്ങൾ റഷ്യക്ക് നിർണായകമാണ്.

അതേസമയം, സൈനിക താവളങ്ങളുടെ സുരക്ഷ സിറിയൻ പ്രതിപക്ഷം ഉറപ്പുനൽകിയതായി റഷ്യൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ടു ചെയ്തു. എന്നാൽ റഷ്യ ഇവയുടെ നിയന്ത്രണം നിലനിർത്തുമോ എന്ന് വ്യക്തമല്ല.

അതേസമയം സിറിയയിൽ ഇസ്രായേൽ കനത്ത വ്യോമാക്രമണമാണ് നടത്തുന്നത്. പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം 300 വ്യോമാക്രമണങ്ങളാണ് ഇസ്രായേൽ സിറിയയിൽ നടത്തിയത്. സിറിയൻ സൈന്യത്തിന്റെ പക്കലുണ്ടായിരുന്ന ആയുധങ്ങൾ തീവ്രവാദികൾക്ക് ലഭിക്കുന്നത് തടയാനായാണ് ആക്രമണമെന്നാണ് ഇസ്രായേലിന്റെ വാദം. എന്നാൽ സിറിയയിൽ ഇസ്രായേൽ നടത്തുന്ന ഇടപെടലിനെതിരെ ഖത്തർ രംഗത്ത് വന്നിരുന്നു. സാഹചര്യം മുതലാക്കി സിറിയയുടെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റം അംഗീകരിക്കാനാകില്ലെന്നും ഖത്തർ പറയുന്നു.

അട്ടിമറിയെത്തുടർന്ന് ഞായറാഴ്ച സിറിയയിൽനിന്നു കടന്ന പ്രസിഡന്റ് ബാഷർ അൽ അസദിന് രാഷ്ട്രീയാഭയം നൽകിയെന്ന് റഷ്യൻ പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെസ്കോവ് സ്ഥിരീകരിച്ചിരുന്നു. പ്രസിഡന്റ് വ്ലാദിമിർ പുതിൻ്റെ തീരുമാനപ്രകാരമായിരുന്നു ഇത്. എന്നാൽ, അസദ് എവിടെയുണ്ടെന്ന് പെസ്കോവ് പറഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *