Your Image Description Your Image Description

ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ വഖഫ് ബിൽ പരി​ഗണിക്കില്ല. വഖഫ് ബിൽ ചർച്ച ചെയ്യുന്ന സംയുക്ത പാർലമെന്ററി സമിതിയുടെ കാലാവധി അടുത്ത വർഷം നടക്കുന്ന ബജറ്റ് സമ്മേളനം വരെ നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയായിരുന്നു. നടപടികൾ പൂർത്തിയായെന്നും റിപ്പോർ‍ട്ട് മറ്റന്നാൾ കൈമാറാനായിരുന്നു സമിതി അധ്യക്ഷൻ ജഗദാംബിക് പാൽ തീരുമാനിച്ചിരുന്നത്. എന്നാൽ, ഈ തീരുമാനം അദ്ദേഹം അറിയിച്ചതോടെ പ്രതിപക്ഷ അം​ഗങ്ങൾ ശക്തമായി പ്രതിഷേധിക്കുകയായിരുന്നു.

വഖഫ് നിയമഭേദഗതിയിലെ റിപ്പോർട്ടിന് അന്തിമ രൂപം നൽകാൻ ചേർന്ന യോഗത്തിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് പ്രകടിപ്പിച്ചത്. നടപടികൾ പൂർത്തിയായെന്നും റിപ്പോർ‍ട്ട് മറ്റന്നാൾ കൈമാറുമെന്നും ജഗദാംബിക് പാൽ അറിയിച്ചതോടെ പ്രതിപക്ഷ നേതാക്കൾ പ്രകോപിതരായി. ഡൽഹി, പഞ്ചാബ്, ജമ്മുകശ്മീർ, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ സർക്കാരും വഖഫ് ബോർഡുകളും തമ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഗണിക്കാതെ എങ്ങനെ അന്തിമ റിപ്പോർട്ട് തയ്യാറാക്കുമെന്ന് നേതാക്കൾ ചോദിച്ചു. തുടർന്ന് പ്രതിപക്ഷ നേതാക്കൾ യോഗത്തിൽ നിന്നിറങ്ങി പോയി. പ്രതിപക്ഷത്തിൻറെ നിലപാട് ചില ബിജെപി എംപിമാരും ശരിവച്ചതോടെ സമിതിയുടെ കാലാവധി നീട്ടാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ അടുത്ത വർഷം നടക്കുന്ന ബജറ്റ് സമ്മേളനം വരെ ജെപിസിയുടെ കാലാവധി നീട്ടി.

അതേസമയം,അദാനി വിവാദത്തെ ചൊല്ലി ഇന്നും പാർലമെൻറ് സ്തംഭിച്ചു. അദാനി വിവാദം പാർലമെൻറിൻറെ ഇരുസഭകളിലും സജീവ ചർച്ചയായി. അദാനിയെ അറസ്റ്റ് ചെയ്യണമെന്നും അമേരിക്കയിലെ നിയമനടപടികളുടെ പശ്ചാത്തലത്തിൽ സംയുക്ത പാർലമെൻററി സമിതി അന്വേഷണം വേണമെന്നും കോൺഗ്രസ് ലോക്സഭയിലും രാജ്യസഭയിലും ആവശ്യപ്പട്ടു. ലോക് സഭയിലുണ്ടായിരുന്ന രാഹുൽ ഗാന്ധിയും അറസ്റ്റ് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർക്കൊപ്പം മുദ്രാവാക്യം മുഴക്കി. രാജ്യസഭയിലും സമാനകാഴ്ചകളാണ് കണ്ടത്. അദാനിക്കെതിരെ സർക്കാർ ചെറുവിരലനക്കില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മണിപ്പൂർ കലാപം, സംഭൽ സംഘർഷം, വയനാട് ദുരന്തം തുടങ്ങിയ വിഷയങ്ങളിലും പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിവാദ വിഷയങ്ങളൊന്നും പരിഗണിക്കേണ്ടെന്നാണ് സർക്കാർ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *