Your Image Description Your Image Description

ആലപ്പുഴ: ആലപ്പുഴ കെഎസ്ആർടിസി ബസ്റ്റാന്റുമായി ബന്ധപ്പെട്ട് നടക്കുന്ന അനാശാസ്യ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ അലക്‌സ് വർഗീസിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു. ബസ്റ്റാൻഡിൽ രാത്രി സാമൂഹ്യ വിരുദ്ധരുടെ ശല്യം വർധിച്ചെന്ന നിരന്തര പരാതികളെ തുടർന്നാണ് ഉന്നതതല യോഗം വിളിച്ചത്. പല ബസ്സുകൾ കേന്ദ്രീകരിച്ചും തെററായ പ്രവണതകൾ രാത്രകാലങ്ങളിൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ പ്രതികരിക്കുന്നവരെ ശാരീരികമായി ആക്രമിക്കുന്ന സംഭവവും ഉണ്ടായി.

ബസ്റ്റാൻഡിൽ രാത്രികാലങ്ങളിൽ പോലീസ് ,എക്‌സൈസ് വിഭാഗത്തിൻറെ പെട്രോളിങ് ശക്തമാക്കാൻ കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. പോലീസ്,നഗരസഭാധികൃതർ,എക്‌സൈസ്,ശിക്കാര വള്ളത്തിന്റെ പ്രതിനിധികൾ,റസിഡൻറ് അസോസിയേഷനുകൾ എന്നിവ ചേർന്ന് സംയുക്ത സ്‌ക്വാഡ് പരിശോധന നടത്താൻ തീരുമാനിച്ചു. നഗരസഭാ അധ്യക്ഷ കെ കെ ജയമ്മയും യോഗത്തിൽ സംബന്ധിച്ചു. ബസ്റ്റാൻഡിലെ വെളിച്ചക്കുറവ് പരിഹരിക്കുന്നതിന് നഗരസഭ ഹൈമാസ് ലൈറ്റുകൾ സ്ഥാപിക്കുമെന്ന് നഗരസഭാധ്യക്ഷ പറഞ്ഞു.

നഗരസഭ ഇതിൻറെ ടെൻഡർ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. കൂടുതൽ ഹൈമാസ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് എംപിമാർ എംഎൽഎമാർ എന്നിവരുമായി സംസാരിച്ചു നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ യോഗത്തിൽ പറഞ്ഞു.സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് കെഎസ്ആർടിസി ബസ്റ്റാന്റിനും സമീപത്തും നിരീക്ഷണം ശക്തമാക്കണമെന്ന് പോലീസിനോട് യോഗം നിർദ്ദേശിച്ചു.

കെഎസ്ആർടിസി ബസ്റ്റാൻഡിന് സമീപത്ത് നിരീക്ഷണത്തിനായി 10 സിസിടിവി ക്യാമറകൾ സ്ഥാപിക്കും. കെയർ ഫോർ ആലപ്പി എന്ന സംഘടന ഇത് സ്‌പോൺസർ ചെയ്യുമെന്ന് അറിയിച്ചു. ജില്ലാ കളക്ടർക്കും നഗരസഭയ്ക്കും ജനപ്രതിനിധികൾക്കും നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്നാണ് കളക്ടറുടെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്‌സൺ, പോലീസ്, കെഎസ്ഇബി, കെഎസ്ആർടിസി, നഗരസഭാ ജീവനക്കാർ, എക്‌സൈസ് വിഭാഗം തുടങ്ങിയവരുടെ യോഗം അടിയന്തരമായി വിളിച്ചുചേർത്തത്.

 

Leave a Reply

Your email address will not be published. Required fields are marked *