Your Image Description Your Image Description

കൊച്ചി: നവീകരണം, പങ്കാളിത്തം, സഹകരണം എന്നിവയിലൂടെ ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്‍റുകളുടെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള ഉദ്യമങ്ങള്‍ തിരിച്ചറിയുന്നതിനായി സ്മോള്‍ ഫിനാന്‍സ് ബാങ്കുകളിലെയും (എസ്എഫ്ബി) പേയ്മെന്‍റ് ബാങ്കുകളിലെയും പ്രമുഖരെ ഉള്‍പ്പെടുത്തി എന്‍പിസിഐ സിനര്‍ജിയുടെ ഭാഗമായി നാഷണല്‍ പേയ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) പാനല്‍ ചര്‍ച്ച സംഘടിപ്പിച്ചു.

ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്‍റ് സംവിധാനത്തിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടു ത്തുന്നതിന് സഹകരണം നിര്‍ണായകമാണെന്നും എസ്എഫ്ബി, പെയ്മെന്‍റ് ബാങ്കുകളിലെ പ്രമുഖര്‍ ഒത്തുകൂടിയ ഈയൊരു ചടങ്ങില്‍ ഇന്ത്യയിലെ ഡിജിറ്റല്‍ പെയ്മെന്‍റിന്‍റെ പ്രധാന്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സാധിച്ചെന്നും എന്‍പിസിഐ എംഡിയും സിഇഒയുമായ ദിലീപ് അസ്ബൈ പറഞ്ഞു.

എസ്എഫ്ബികള്‍, പേയ്മെന്‍റ് ബാങ്കുകള്‍,  എന്‍പിസിഐ എന്നിവ തമ്മിലുള്ള പങ്കാളിത്തം എങ്ങനെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും നവീകരണത്തെ മുന്നോട്ട് നയിക്കുകയും ചെയ്യും എന്നതില്‍ കേന്ദ്രീകരിക്കുന്നതായിരുന്നു ‘സാമ്പത്തിക സേവനങ്ങളിലെ സഹകരണ മാതൃകകള്‍’ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ച. ഫിനോ പേയ്മെന്‍റ് ബാങ്ക്, യൂണിറ്റി സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ഇന്ത്യ പോസ്റ്റ് പേയ്മെന്‍റ് ബാങ്ക് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സാമ്പത്തിക സേവനങ്ങളുടെ ലഭ്യത വിപുലീകരിക്കുന്നതിനും ഇന്ത്യയില്‍ വായ്പ സേവനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുമായി നൂതന പദ്ധതികള്‍ വികസിപ്പിക്കുന്നതിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതില്‍ സഹകരണത്തിന്‍റെ നിര്‍ണായക പങ്കിനെക്കുറിച്ച് ചര്‍ച്ച ചെയ്തു.

‘പരസ്പരം ബന്ധിപ്പിക്കുക: പെയ്മെന്‍റ് ഇക്കോസിസ്റ്റം വികസിപ്പിക്കുക’ എന്ന പാനല്‍ ഫിന്‍ടെക്കുകള്‍ക്കിടയിലെ സഹകരണത്തിലും മികച്ച രീതികള്‍ പങ്കിടുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്‍എസ്ഡിഎല്‍ പേയ്മെന്‍റ് ബാങ്ക്, ജന സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവിടങ്ങളിലെ പ്രമുഖര്‍ അടങ്ങുന്നതായിരുന്നു പാനല്‍. ഇന്ത്യയിലെ ചെറുപട്ടണങ്ങളില്‍ ഡിജിറ്റല്‍ പേയ്മെന്‍റ് സേവനങ്ങളുടെ ലഭ്യത  മെച്ചപ്പെടുത്തുന്നതിനുള്ള അവസരവും സാധ്യതയും അവര്‍ ചര്‍ച്ച ചെയ്തു. പണത്തെ ആശ്രയിക്കുന്നത് കുറയ്ക്കുക, വിശാലമായ ഡിജിറ്റല്‍ പേയ്മെന്‍റ് അംഗീകരിക്കുന്നതിനായി വ്യാപാരികളെ മുന്നോട്ടു കൊണ്ടുവരിക, സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പ്രോത്സാഹിപ്പിക്കുക എന്നിവയ്ക്കും  ചര്‍ച്ചയില്‍ പ്രാധാന്യം  നല്‍കി.

എസ്എഫ്ബികളും പേയ്മെന്‍റ് ബാങ്കുകളും ഒരുമിച്ച് വരുമ്പോള്‍ ഉണ്ടാകുന്ന വളര്‍ച്ചയ്ക്കും നവീകരണത്തിനുമുള്ള സാധ്യതകളാണ് ഈ ചര്‍ച്ചകളിലൂടെ കാണാനായതെന്ന് എന്‍പിസിഐ ചീഫ് റിലേഷന്‍ഷിപ്പ് മാനേജ്മെന്‍റ് രജീത് പിള്ള പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *