Your Image Description Your Image Description

ചെന്നൈ: ‘ഐ ആം സോറി അയ്യപ്പാ’ എന്ന ​ഗാനം അവതരിപ്പിച്ചതിന് പിന്നാലെ സം​ഗീത സംവിധായകൻ പാ. രഞ്ജിത്തിനും ​ഗായിക ഗാന ഇസൈവാണിക്കും എതിരെ അയ്യപ്പ ഭക്തരുടെ കൂട്ടായ്മ മേട്ടുപ്പാളയം പൊലീസിൽ പരാതി നൽകിയിരുന്നു. മതവികാരം വ്രണപ്പെടുത്തുന്ന നടപടിയാണ് ഇവരുടെ ഭാ​ഗത്തുനിന്നും ഉണ്ടായിരിക്കുന്നത് എന്നാണ് പരാതിയിൽ പറയുന്നത്. പാ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള നീലം കൾചർ സെന്റർ സംഘടിപ്പിച്ച പരിപാടിയിലാണാ സ്ത്രീകൾ ശബരിമലയിൽ കയറിയാൽ എന്താണു പ്രശ്നം, എന്തിനാണ് അയിത്തം എന്നൊക്കെ ചോദ്യമുയർത്തുന്ന ‘ഐ ആം സോറി അയ്യപ്പാ’ എന്നു തുടങ്ങുന്ന ഗാനം അവതരിപ്പിച്ചത്. ഇരുവർക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയതിന് പിന്നാലെ ഇസൈവാണിക്കെതിരേ സൈബർ ആക്രമണവും രൂക്ഷമായിരിക്കുകയാണ്.

2018-ൽ പുറത്തിറങ്ങിയ ‘ഐ ആം സോറി അയ്യപ്പാ’ എന്ന ​ഗാനം ഹിന്ദുവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അതിക്രമം. സംഭവത്തിൽ, ചെന്നൈ കമ്മിഷണർക്ക് മുമ്പാകെ ഇസൈവാണി പരാതി സമർപ്പിച്ചിട്ടുണ്ട്. ​ഗായിക അടുത്തിടെ ഒരു ക്രിസ്ത്യൻ ഭക്തി​ഗാനം അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ‘ഐ ആം സോറി അയ്യപ്പാ’ എന്ന ​ഗാനം ചൂണ്ടിക്കാട്ടി ഹിന്ദുത്വ ​ഗ്രൂപ്പുകൾ ഇവർക്കെതിരേ സാമൂഹികമാധ്യമങ്ങളിൽ കുപ്രചരണം ആരംഭിച്ചത്. ​​ഗായിക ക്രിസ്ത്യാനിയാണെന്നും ഹിന്ദു ​ദൈവത്തെ ലക്ഷ്യംവെച്ചുള്ള നീക്കമായിരുന്നു ഈ ​ഗാനമെന്നും ഇവർ ആരോപിക്കുന്നു.

ഗാനത്തെക്കുറിച്ച് തെറ്റിദ്ധാരണപരത്തുന്ന സംഘങ്ങളുടെ ഇപ്പോഴത്തെ ആവശ്യം ​ഗായികയ്ക്കും പാ. രഞ്ജിത്തിനുമെതിരേ കേസെടുക്കണമെന്നാണ്. ഗായികയുടെ ഫോൺ നമ്പർ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായും ആരോപണമുണ്ട്. ഇതോടെ ഭീഷണി സന്ദേശങ്ങളും കോളുകളും ഇസൈവാണിക്കെത്തി. അശ്ലീലമായി മോർഫ് ചെയ്ത ചിത്രങ്ങൾ ചിലർ അയക്കുന്നതായും പരാതിയുണ്ട്.

പാ. രഞ്ജിത്ത് സ്ഥാപിച്ച ജാതിവിരുദ്ധ സം​ഗീത ബാൻഡായ ദ കാസ്റ്റ്ലെസ് കളക്ടീവാണ് ​ഗാനം ചിട്ടപ്പെടുത്തിയത്. ശബരിമലയിൽ സ്ത്രീകൾ കയറിയാൽ എന്താണ് കുഴപ്പമെന്ന് ചോദിക്കുന്ന വരികൾ ​ഗാനത്തിലുണ്ട്. ജാതി അടിസ്ഥാനമാക്കിയുള്ള ക്ഷേത്രപ്രവേശനങ്ങളേയും ​ഗാനത്തിൽ വിമർശിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *