Your Image Description Your Image Description

മലപ്പുറം : മലപ്പുറം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 98 വയസുകാരിക്ക് ഇടുപ്പെല്ല് ശസ്ത്രക്രിയ വിജയം. നിലമ്പൂര്‍ പാലേമാട് സ്വദേശിനിയായ 98 വയസുകാരി ലക്ഷ്മിയമ്മയുടെ ഇടുപ്പ് സന്ധിയുടെ ഭാഗം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്.

ജില്ലാ ആശുപത്രിയില്‍ പുതുതായി നിര്‍മ്മിച്ച മോഡുലാര്‍ ഓപ്പറേഷന്‍ തീയറ്ററിലാണ് ശസ്ത്രക്രിയ നടത്തിയത്. പ്രായം വെല്ലുവിളിയായിരുന്നെങ്കിലും ആശുപത്രി ജീവനക്കാരുടെ മികച്ച ചികിത്സയും പരിചരണവും കൊണ്ട് 5 ദിവസത്തിന് ശേഷം ലക്ഷ്മിയമ്മ ആശുപത്രി വിട്ടു. ഇനി സ്വന്തം കാര്യങ്ങള്‍ ലക്ഷ്മിയമ്മക്ക് സ്വയം ചെയ്യാനാകും. മാതൃകാപരമായ ചികിത്സയൊരുക്കിയ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദനം അറിയിച്ചു.

വീണതിനെ തുടര്‍ന്ന് കിടപ്പിലായ അവസ്ഥയിലാണ് ലക്ഷ്മിയമ്മയെ നവംബര്‍ 12 ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചത്. വിദഗ്ധ പരിശോധനയ്ക്ക് ശേഷം സര്‍ജറി നിര്‍ദേശിച്ചു. എന്നാല്‍ പ്രായവും രക്താതിമര്‍ദവും തടസമായെങ്കിലും നിലമ്പൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബുവും സംഘവും വെല്ലുവിളി ഏറ്റെടുത്തു. സര്‍ജന്‍ ഡോ. മനോജിന്റെ നേതൃത്വത്തിലുളള ഓര്‍ത്തോ വിഭാഗം നവംബര്‍ 15ന് സര്‍ജറി വിജയകരമായി പൂര്‍ത്തീകരിച്ചു.

ഓര്‍ത്തോ വിഭാഗത്തിലെ ഡോ. നിഷാദ്, ഡോ. ഷാക്കിര്‍, ഡോ. റസാഖ് എന്നിവരും അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. ഫാസില്‍, ഡോ. ശ്രീകാന്ത്, നഴ്‌സുമാരായ സുധ, സിന്ധു, അനസ്തേഷ്യ വിഭാഗത്തിലെ ടെക്‌നീഷ്യന്‍മാര്‍ എന്നിവരും സര്‍ജറി വിജയകരമാക്കാന്‍ സഹായിച്ചു. ഡിസ്ചാര്‍ജ് ആയ ലക്ഷ്മിയമ്മയെ അശുപത്രി അധികൃതര്‍ സന്തോഷത്തോടെ വീട്ടിലേക്കയച്ചു.

Leave a Reply

Your email address will not be published. Required fields are marked *