Your Image Description Your Image Description

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളിലൊന്നായ പ്യുവര്‍ ഇവി, അര്‍വ ഇലക്ട്രിക് വെഹിക്കിള്‍സ് മാനുഫാക്ചറിങ് എല്‍എല്‍സിയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. ക്ലാരിയോണ്‍ ഇന്‍വെസ്റ്റ്മെന്‍റ് എല്‍എല്‍സിയുടെ അനുബന്ധ സ്ഥാപനമാണ് അര്‍വ ഇലക്ട്രിക്. മിഡില്‍ ഈസ്റ്റ്, ആഫ്രിക്കയിലുള്ള ഉപഭോക്താക്കള്‍ക്ക് സുസ്ഥിര മൊബിലിറ്റി ഓപ്ഷനുകള്‍ ലഭ്യമാക്കാനും, ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ വിതരണവും വില്‍പനയും വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ സഹകരണം.

പ്യുവര്‍ ഇവിയുടെ മുന്‍നിര മോഡലുകളായ ഇക്കോഡ്രിഫ്റ്റ്, ഇട്രിസ്റ്റ് എക്സ് എന്നിവയുടെ 50,000 യൂണിറ്റുകള്‍ പ്രാരംഭഘട്ടമെന്ന നിലയില്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ അര്‍വ ഇവിക്ക് വിതരണം ചെയ്യും. തുടര്‍ന്ന് പ്രതിവര്‍ഷം 60,000 യൂണിറ്റായി വിതരണം വര്‍ധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇതിലൂടെ വളര്‍ന്നുവരുന്ന വിപണികളില്‍ പ്യുവര്‍ ഇവിയുടെ സാന്നിദ്ധ്യം ഉറപ്പാക്കുകയും ചെയ്യും.

പുതുമയോടും ഉപയോക്തൃ അനുഭവത്തോടുമുള്ള തങ്ങളുടെ പ്രതിബദ്ധത, മാര്‍ക്കറ്റ്-റെഡി ഓഫറിങ്സ് നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ഇലക്ട്രിക് മൊബിലിറ്റി സൊല്യൂഷനുകളുടെ വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റുകയും ചെയ്യുന്നുണ്ടെന്ന് പ്യുവര്‍ ഇവി സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ. നിശാന്ത് ഡോഗാരി പറഞ്ഞു. വില്‍പന വര്‍ധിപ്പിക്കുക മാത്രമല്ല മിഡില്‍ ഈസ്റ്റിലും ആഫ്രിക്കന്‍ വിപണികളിലും തങ്ങളുടെ സാന്നിദ്ധ്യം വിപുലീകരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പുമായി  ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ അതിവേഗം സ്വീകാര്യത ലഭിക്കുന്ന പ്രദേശങ്ങളില്‍ സുസ്ഥിര മൊബിലിറ്റി സൊല്യൂഷനുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഈ പങ്കാളിത്തം ലക്ഷ്യമിടുന്നു. അര്‍വ ഇലക്ട്രിക്കുമായി ചേര്‍ന്ന് തങ്ങളുടെ സാമര്‍ഥ്യവും കഴിവുകളും പ്രയോജനപ്പെടുത്തുന്നതിലൂടെ ആഗോളതലത്തില്‍ ഇവി മേഖലയില്‍ ശക്തമായ സ്വാധീനം ചെലുത്താനും തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ ആന്‍ഡ് ഡിയിലെയും അത്യാധുനിക സാങ്കേതികവിദ്യയിലെയും അവരുടെ വൈദഗ്ധ്യം കാര്യക്ഷമവും വിശ്വസനീയവുമായ ഇരുചക്ര വാഹനങ്ങള്‍ നിര്‍മിക്കാന്‍ സഹായിക്കുന്നതിനാല്‍ പ്യുവര്‍ ഇവിയുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അര്‍വ ഇലക്ട്രിക് വെഹിക്കിള്‍സ് മാനുഫാക്ചറിങ് എല്‍എല്‍സി മാനേജിങ് ഡയറക്ടര്‍ അനിയന്‍ കുട്ടി പറഞ്ഞു. കാര്‍ബണ്‍ നിര്‍ഗമനം കുറയ്ക്കുന്നതിനും ഈ മേഖലകളിലെ പാരിസ്ഥിതിക സുസ്ഥിരതയെ പിന്തുണയ്ക്കുന്നതിനുമുള്ള ലക്ഷ്യത്തോടെ പരിസ്ഥിതി സൗഹൃദ മൊബിലിറ്റി പരിഹാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് രണ്ട് കമ്പനികളും പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2024-2031 കാലയളവില്‍ യുഎഇയിലെ ഇലക്ട്രിക് ടൂവീലര്‍ വിപണി 9.11 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് ഉണ്ടാകുമെന്നാണ് വിദഗ്ധ വിലയിരുത്തല്‍. ഇത് 2023ലെ 29.97 മില്യണ്‍ ഡോളറില്‍ നിന്ന് 2031ല്‍ 60.19 മില്യണ്‍ ഡോളറായി ഉയരുകയും ചെയ്യും. ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ ലഭ്യത, പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം, പരമ്പരാഗത വാഹനങ്ങളെ അപേക്ഷിച്ച് ഇവി വാഹനങ്ങളുടെ വര്‍ധിച്ച കാര്യക്ഷമത എന്നിവ കാരണം യുഎഇയില്‍ ഇലക്ട്രിക് ഇരുചക്രവാഹന വിപണിയുടെ ആവശ്യം ഉയരുമെന്നാണ് പ്രതീക്ഷ.

വിപണി സാന്നിദ്ധ്യം വിപുലീകരിക്കുന്നതിനനുസരിച്ച് മോട്ടോര്‍സൈക്കിളുകളുമായി ബന്ധപ്പെട്ട എല്ലാ ഇന്‍റലക്ച്വല്‍ പ്രോപ്പര്‍ട്ടി അവകാശവങ്ങളും കമ്പനിയുടെ ഉടമസ്ഥതയിലുള്ള സാങ്കേതികവിദ്യകളുടെ സംരക്ഷണവും പ്യുവര്‍ ഇവി തന്നെ പരിപാലിക്കും. പ്രവര്‍ത്തനത്തിനുള്ള അനുമതികള്‍ക്ക് ശേഷം മിഡില്‍ ഈസ്റ്റ് വിപണിയില്‍ വില്‍ക്കാന്‍ അംഗീകാരം ലഭിക്കുന്ന ഒരേയൊരു ഇന്ത്യന്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍സാണ് പ്യുവര്‍ ഇവി മോട്ടോര്‍സൈക്കിളുകള്‍. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും വിവിധ ആനുകൂല്യങ്ങളും സബ്സിഡിയും നല്‍കാനും യുഎഇ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.

മോട്ടോര്‍ സൈക്കിളുകള്‍ വിതരണം ചെയ്യുന്നതിനു പുറമേ വിതരണ പ്രക്രിയയിലുടനീളം വൈദഗ്ധ്യവും പിന്തുണയും നല്‍കുന്ന അര്‍വ ഇലക്ട്രിക്കിന്‍റെ സ്ട്രാറ്റജിക് ടെക്നോളജി പാര്‍ട്ണറായും പ്യുവര്‍ ഇവി പ്രവര്‍ത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *