Your Image Description Your Image Description

തിരുവനന്തപുരം :  സംസ്ഥാന പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ, ഉപഭോക്തൃ അവകാശ ദിനം ആചരിച്ചു. നെടുമങ്ങാട് ടൗൺ ഹാളിൽ നടന്ന സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ, ജുഡീഷ്യൽ മെമ്പർ അജിത് കുമാർ. ഡി നിർവഹിച്ചു. ഡിസംബർ 24നാണ് ദേശീയ ഉപഭോക്തൃ അവകാശദിനം. ‘ഇ -കൊമേഴ്‌സിന്റെയും ഡിജിറ്റൽ വ്യാപാരത്തിന്റെയും കാലഘട്ടത്തിലെ ഉപഭോക്തൃ സംരക്ഷണം’ എന്നതാണ് ഈ വർഷത്തെ ആശയം. ഇതിന്റെ ഭാഗമായുള്ള പോസ്റ്ററും അദ്ദേഹം പ്രകാശനം ചെയ്തു.

ജാഗ്രതയോടെ ഡിജിറ്റൽ വ്യാപാരം, ഓൺലൈനായി ഉത്പന്നങ്ങൾ വാങ്ങുമ്പോൾ സ്വകാര്യ വിവരങ്ങൾ പങ്കുവെക്കാതിരിക്കുക, സുരക്ഷിതമായ വെബ്‌സൈറ്റുകളും വ്യാപാര രീതികളും സ്വീകരിക്കുക, പരസ്യങ്ങളാൽ വഞ്ചിക്കപ്പെടാതിരിക്കുക, എന്നീ ആശയങ്ങളാണ് പോസ്റ്റർ പങ്കുവെക്കുന്നത്. പൊതുവിതരണ രംഗത്ത് സംസ്ഥാന സർക്കാറിന്റെ മുന്നേറ്റങ്ങളും , ഉപഭോക്തൃ ബോധവൽക്കരണ ആശയങ്ങളും ഉൾപ്പെടുത്തിയ ‘ദർപ്പണം’ പ്രദർശനവും സംഘടിപ്പിച്ചിരുന്നു.

നെടുമങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ വസന്തകുമാരി അധ്യക്ഷത വഹിച്ച ചടങ്ങിൽ, കൗൺസിലർ സിന്ധു കൃഷ്ണകുമാർ, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ ഡോ.ഡി.സജിത് ബാബു, ലീഗൽ മെട്രോളജി വകുപ്പ് കൺട്രോളർ വി. കെ അബ്ദുൽ കാദർ, ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് പി.വി ജയരാജൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *